ശേഖേരേട്ടൻ
രാവിലെ കുളിക്കാൻ അകത്തു കയറി വാതിൽ അടച്ചപ്പോൾ അമ്മ വന്നു പറഞ്ഞു."ബാലു,ഒരു കാർന്നൊരു നിന്നെ കാണാൻ വന്നിരിക്കുന്നു."
അഴിച്ച മുണ്ട് വാരി ചുറ്റി മുറ്റത്ത് വന്നപ്പോൾ ശേഖേരേട്ടൻ.
"എന്തേ,ശേഖരട്ടാ?'
'സർ കുളിച്ചോളൂ,ഞാൻ ഇവിടെ നിൽക്കാം."
കാര്യം
പറയാൻ നിർബന്ധിച്ചപ്പോൾ ശേഖേരേട്ടൻ വീണ്ടും 'സർ കുളിച്ചോളൂ,ഞാൻ
കാത്തിരിക്കാം'എന്ന് ആവർത്തിച്ചു.അയാളോട് അകത്തേക്ക് കയറി ഇരിക്കുവാൻ
പറഞ്ഞു ഞാൻ കുളിക്കാൻ വീണ്ടും കയറി.കുളിച്ചെന്നു വരുത്തി,ഡ്രസ്സ് ചെയ്തു
പെട്ടെന്ന് പുറത്തു വന്നപ്പോൾ ശേഖേരേട്ടൻ അതേ നില്പ്പ് തന്നെ.
എന്റെ കൈ പിടിച്ചു പറമ്പിന്റെ തെക്കേ മൂലയിലേക്ക് മാറി നിന്നു.
"എന്റെ
പരാതി താലുക്കിൽ നിന്ന് വില്ലെജിലേക്ക് അയച്ചിട്ടുണ്ട്.ഓമനക്കുട്ടന്റെ
പറമ്പിലെ തെങ്ങിൽ നിന്ന് സാധനങ്ങൾ വീണ് എന്റെ പറമ്പ് മുഴുവൻ നാശം ആയി.ഞാൻ
കെട്ടിയ മതിൽ പൊളിഞ്ഞു.സർ,ആ തെങ്ങ് വെട്ടികളയാൻ റിപ്പോർട്ട് ആക്കണം.വല്ല
കാറ്റോ,മഴയോ വന്നാൽ....'
ശേഖേരേട്ടൻ ചുരുട്ടിപിടിച്ച അഞ്ഞൂറിന്റെ നോട്ട് കൈയിൽ തിരുകാൻ നോക്കി.
"എന്താ,ശേഖേരേട്ടാ
ഇത്?നിങ്ങളുടെ പരാതി വരട്ടെ.അപ്പോൾ വേണ്ടത് ചെയ്യാം.മേലിൽ ഇക്കാര്യം
പറഞ്ഞു നിങ്ങളിവിടെ വരരതു.ആഫീസ് കാര്യം ആഫീസിൽ."
ചുരുട്ടി പിടിച്ച കൈയും മായി തന്നെ ശേഖേരേട്ടൻ തിരിച്ചു പോയി.
പിറ്റേന്ന്
ശേഖേരേട്ടന്റെ പരാതി തപാലിൽ വന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ പറമ്പിൽ
കിഴക്കേ മൂലയിൽ താമസിക്കുന്ന ഓമനക്കുട്ടന്റെ നല്ല കായ് ഫലമുള്ള തെങ്ങ്
ശേഖേരേട്ടന്റെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുകയും,തേങ്ങ,മടൽ,ഓല വീണു പറമ്പ്
നാശമാകുകയും.ഒരിഞ്ചു സ്നേഹമതിൽ തകരുകയും ചെയുന്നു,ഇതാണ് പരാതി.
ഓമനക്കുട്ടന്റെ തെങ്ങ് നിറയെ കായ് ഫലമുള്ളതാണ് .അത് പോലെ തന്നെ
വളർന്നു നിൽക്കുകയാണ് അയാളുടെ മൂന്ന് പെണ്മക്കളും.പത്തു സെന്റിലെ പതിനാറു
തെങ്ങിൽ നിന്ന് ലഭിക്കുന്ന വരുമാനം അയാൾക്ക് ഒരാഴ്ച മദ്യപിക്കുവാൻ
തികയുകയില്ല.അപ്പോഴാണ് തെങ്ങ് വെട്ടി നീക്കുവാൻ പരാതി.
അന്വേഷണത്തിന് ചെന്നപ്പോൾ ശേഖേരേട്ടൻ കരിക്ക് വെട്ടി വെള്ളം
തന്നു.പൊളിഞ്ഞ മതിൽ കാണിച്ചു തന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ സ്ഥലം മുഴുവൻ
ചുറ്റിക്കണ്ടു.ഒരു കിറ്റിൽ ഇരുമ്പൻ പുളി പൊതിഞ്ഞു അദ്ദേഹം ബൈക്കിന്റെ
ഫ്രെണ്ട് കവറിൽ തിരുകി വെച്ചു.
ഓമനക്കുട്ടന്റെ പെണ്മക്കൾ കട്ടൻ ചായ അനത്തി തന്നു.ഓമനക്കുട്ടന്റെ
ഭാര്യ പ്രാരാബ്ധങ്ങളുടെ പെട്ടി തുറന്നു പുറത്തേക്കിട്ടു.ഒടുവിൽ തെങ്ങ്
വെട്ടേണ്ടതില്ലെന്നു തസിൽദാരുടെ വിധി വന്നപ്പോൾ ശേഖേരേട്ടൻ ഓഫീസിന്റെ
മുറ്റത്ത് വന്നു നിന്ന് ഉച്ചത്തിൽ തെറി പറഞ്ഞു.സർടിഫിക്കറ്റിന് കാത്തു
നിന്ന രണ്ടു പ്ലസ് റ്റു പെണ്കുട്ടികൾ വായ പൊത്തി ചിരിച്ചു.
എന്നാലും രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി ശേഖേരേട്ടൻ വന്നു,കൈയിൽ പെന്ഷനുള്ള അപേക്ഷയുംമായി .
"ശേഖരേട്ടൻ,നിങ്ങൾക്ക് എക്സ് സർവീസ് മാൻ പെൻഷൻ ഉള്ളതല്ലേ? പിന്നെ എന്തിനു ഈ വാർധക്യ കാല പെൻഷൻ?രണ്ടും കൂടി കിട്ടില്ല."
"വില്ലേജ് ആഫീസർ ഒരു കാര്യം മനസ്സിലാക്കണം'. ശേഖേരേട്ടൻ കുറെ
കൂടി എന്റെ അടുത്തേക്ക് വന്നു."ആരും നോക്കാൻ ഇല്ലാത്ത അറുപതു കഴിഞ്ഞ ഒരു
വൃദ്ധനാണ് ഞാൻ.ഞങ്ങളെ പോലുള്ളവരെ സഹായിക്കാനാണ് നിങ്ങൾക്ക് സർകാർ ശമ്പളം
തരുന്നത്.അത് മറക്കരുത്."എന്റെ മുന്നിൽ വെച്ചു തന്നെ അപേക്ഷ ശേഖേരേട്ടൻ
കീറി കളഞ്ഞു.
"പട്ടി പുല്ലു തിന്നുകയും ഇല്ല,പശുവിനെ കൊണ്ട് തീറ്റിക്കുകയും
ഇല്ല."ഇറങ്ങിപോകാൻ നേരം എന്തിനായിരുന്നു അങ്ങനെ ഒരു ഉപമ എന്ന് എത്ര
ആലോചിച്ചിട്ടും മനസ്സിലായില്ല.
ശേഖരേട്ടന് മൂന്ന് ആണ്
മക്കളാണ്.മൂന്നാളും നല്ല നിലയിലും,വിവാഹിതരും വേറെ വീട് വെച്ച്
താമസിക്കുകയുംമാണ്.ശേഖരേട്ടന്റെ ഭാര്യ കൂടി അയാളെ കൈ വിട്ടതോടെ
നാട്ടുകാരും ശേഖരേട്ടനെ തള്ളിപറയുവാൻ തുടങ്ങി.
"പട്ടാളത്തിൽ നിന്ന് കിട്ടിയതും പൊത്തിപിടിച്ച് ഇരിക്കുകയാണ് ആ കാര്ന്നൊരു."
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത മനുഷ്യൻ.
വെറുതയല്ല ഭാര്യയും മക്കളും ഇട്ടേച്ചു പോയത്.
ആരെന്തു പറഞ്ഞാലും അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു.
എന്നും പാലും കൊണ്ട് സൈക്ലിളിൽ പോകുമ്പോൾ ആഫീസിൽ കയറി 'എന്ത് വിശേഷം' ബാലു
സാറെ എന്ന് ചോദിച്ചിരുന്ന ശേഖേരേട്ടൻ അതിനുശേഷം ഓഫീസിനടുത്തു എത്തുമ്പോൾ
സൈക്ലിലിന്റെ വേഗം വർധിപ്പിച്ചു.
ഒരു വെള്ളിയാഴ്ച രാവിലെ
വളരെ ദുഖത്തോടെ ഓഫീസിലേക്ക് കയറി വന്നിട്ട് ശേഖേരേട്ടൻ ചോദിച്ചു."ബാലു
സാറിന് പാലക്കാട് ചിറ്റൂര് ആരെയെങ്കിലും പരിചയം ഉണ്ടോ"
"ഇല്ലല്ലോ ശേഖേരേട്ടാ,എന്തേ? "
"അവിടെ ആര്യ എന്ന പേരിൽ നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.നല്ല
മോള്.എന്റെ രാജന്റെ കുട്ടിയെ പോലുണ്ട്.സാറ് കണ്ടിട്ടില്ലല്ലോ?.ആ കുട്ടിക്ക്
കരളിനു എന്തോ ദീനം ആണ്.പേപ്പറിൽ വായിച്ചതാ.ഒപെരഷൻ ചെയ്താൽ സൂകേട്
ഭേദാകും.അതിനു ഒരു ലക്ഷം രൂപ വേണം.ഒന്നവിടം വരെ പോയാലോന്ന്
ആലോചിക്കുകയാ...."
ശേഖേരേട്ടന്റെ കണ്ണുകൾ നിറഞ്ഞു. ശേഖേരേട്ടൻഎന്തോ തീരുമാനിച്ചു ഉറച്ച മട്ടിലാണ് സംസാരം.
"ചിറ്റൂർ
വില്ലേജിന്റെ നംബര് തരാം.അവിടെ അന്വേഷിച്ചാൽ മതി." റവന്യൂ ഡയറിയിൽ നിന്ന്
ചിറ്റൂർ വില്ലേജിന്റെ ഫോണ് നമ്പർ എടുത്തു കൊടുത്തു.
"വരട്ടെ സാറെ,"
പിറ്റേന്ന് ശനിയാഴ്ച.ഓഫീസ് തുറക്കാൻ നേരം
വൈകിയതിനു സ്വീപെർ രാധമണിയെ ശകാരിക്കുമ്പോൾ അവൾ പറഞ്ഞു."സാറ്
അറിഞ്ഞോ?നമ്മുടെ ശേഖേരേട്ടൻ ഇന്ന് രാവിലെ മരിച്ചു."
ശേഖേരേട്ടന്റെ വീട്ടു മുറ്റത്ത് ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു.
"അറ്റാക്ക് ആയിരുന്നു,സർ."മൂത്ത മകൻ പറഞ്ഞു."അച്ഛന്
വാശിയായിരുന്നു,എന്നും ഞങ്ങളോട്.ആദ്യം ഞങ്ങളെ പുറത്താക്കി.പിന്നെ
അമ്മയെ.ശേഷക്രിയ പോലും ഞങ്ങളുടെ ചെലവിൽ ആകരതുന്നു നിർബന്ധമുണ്ടായിരുന്നു
അങ്ങേർക്കു.അതുകൊണ്ടെല്ലേ ബാങ്കിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും പിൻവലിച്ചു
തലയണ ചുവട്ടിൽ വെച്ച് അച്ഛൻ ................."
മൂത്ത മകനോടൊപ്പം മറ്റു രണ്ടു പേരും വ്യസനത്തോടെ തല താഴ്ത്തി നിന്നു.
തിരിച്ചു പോരുമ്പോൾ ചിറ്റൂർ വില്ലേജ് ആഫീസിൽ നിന്ന് ഒരു ഫോണ് കോൾ എന്റെ മൊബൈലിൽ.
'ശേഖരനെ ഒന്ന് കിട്ടണമല്ലോ?'
biju chetta nannayirikkunnu ..
ReplyDelete