Friday, 21 August 2015

മയ്യത്തിന്റെ കടം

മയ്യത്തിന്റെ കടം (കഥ)
'കുട്ടിക്ക' എന്ന അബ്ദുള്ളകുട്ടിയുടെ മരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.അയാളുടെ ഭാര്യ ബള്‍ക്കീസ് ലേശം പോലും മധുരമിടാത്ത ചൂട്ചായയുമായി അതിരാവിലെ മുറിയിലേക്ക് പ്രവേശിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.സ്വതവേ ശബ്ദം കുറവായ ബല്‍ക്കീസിനു തയിറൊയിഡിന്‍റെ ഒപെരെഷന്‍ കൂടി കഴിഞ്ഞിരുന്നതിനാല്‍ വലിയ വായില്‍ ഒച്ച വെച്ച് ആളെ കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.പതിഞ്ഞ സ്വരത്തിലുള്ള അവരുടെ അലര്‍ച്ചകേട്ട് പത്രമിടാന്‍ വന്ന ചെറുക്കാനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്.

നിമിഷനേരം കൊണ്ട് കുട്ടിക്കയുടെ പത്തേമുക്കാല്‍ സെന്റ്‌ സ്ഥലവും പുരയിടവും ആളുകളെ കൊണ്ട് നിറഞ്ഞു.കുട്ടിക്ക ഒരു പൊതു പ്രവര്‍ത്തകനോ,മതനേതാവോ,അതുമല്ലെങ്കില്‍ നാട്ടില്‍ നല്ല നിലയില്‍ അറിയപ്പെടുന്നയാളോ അല്ല.എന്നാലും അയാളുടെ പെട്ടെന്നുള്ള മരണം ഒരുപാട് പേരെ ഞെട്ടിച്ചു കളഞ്ഞു.

മീന്‍ വട്ടക തലയിലേറ്റി വിളിച്ചു ചൊല്ലി കിഴക്കോട്ട് ധൃതിയില്‍ പോകുകയായിരുന്ന കുഞ്ഞീന്‍ 'ഹെന്ടള്ളോ' എന്നുറക്കെ വിളിച്ച്, കിട്ടിയ കാശിന് മീന്‍ കൊടുത്ത് തീര്‍ത്ത്‌  ഒഴിഞ്ഞ പാത്രവുമായാണ് മരണവീട്ടിലേക്ക് എത്തിയത്.കുട്ടിക്ക അയാളുടെ ആരുമായിരുന്നില്ല.എന്നാല്‍ ഒരു ലക്ഷം രൂപ  അയാള്‍ക്ക്‌ കുട്ടിക്ക നല്കുവാനുണ്ട്.പലിശ ഇനത്തില്‍ അതിന്‍റെ മൂന്നിരട്ടി കൊടുത്തു കഴിഞ്ഞെങ്കിലും.

കടലില്‍ വെച്ച് മരണവിവരത്തിന് ഫോണ്‍ വന്നപ്പോള്‍ മത്സ്യ തൊഴിലാളിയായ സദു എന്നുവിളിക്കുന്ന തോട്ടുങ്ങപറമ്പില്‍ സദാനന്ദന്‍  വെട്ടിയിട്ടപോലെ ബോധരഹിതനായെന്നും,,ബോധം തിരിച്ചു കിട്ടിയപ്പോള്‍ വള്ളം എത്രയും വേഗം കരയിലേക്ക് ഓടിക്കുവാന്‍ ആവശ്യപ്പെട്ട് സ്രാങ്കിനോട് വഴക്കുണ്ടാക്കിയെന്നു രണ്ടു ദിവസത്തിനുശേഷം ആളുകള്‍ പറഞ്ഞു നടന്നു.അയാള്‍ക്ക്‌ മേല്‍പറഞ്ഞയിനത്തില്‍ കുട്ടിക്കയില്‍ നിന്ന് കിട്ടുവാനുള്ളത് അഞ്ച് ലക്ഷം.

കുടുംബശ്രീയിലെ  ലളിത വന്നു കയറിയപാടെ  കുട്ടിക്ക കിടന്ന പായും തലയണയും,അലമാരിയും പരിശോധിച്ച് ഒന്നും കിട്ടാതെ വന്നപ്പോള്‍ 'എന്‍റെ കുട്ടിക്കാ.. എന്നോടിത് വേണ്ടായിരുന്നു 'എന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചത് ബല്‍ക്കീസിന്റെ ബന്ധുക്കളില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കതിരുന്നില്ല.ഇന്നലെ വൈകുന്നേരമാണ് കുട്ടിക്ക ലളിതയില്‍ നിന്ന് അന്‍പതിനായിരം വാങ്ങികൊണ്ട് വന്നത്.

അങ്ങനെ ആയിരങ്ങളും ലക്ഷങ്ങളുമായി കുട്ടിക്ക പണം കൊടുക്കാനുള്ളവര്‍ ആദ്യം മരണവീട്ടില്‍ എത്തിച്ചേര്‍ന്ന് ഒന്നും ചെയ്യാന്‍ ത്രാണിയില്ലാതെ ഒരു ഭാഗത്ത്‌ മാറിയിരിപ്പായി.മറ്റ് പലര്‍ക്കും വേണ്ടിയും,ശീട്ട് കളിക്കും ആയിട്ടാണ് കുട്ടിക്ക നൂറ്റിക്ക് രണ്ടും,അഞ്ചും രൂപ പലിശ നിശ്ചയിച്ച് പലരില്‍ നിന്നും പണം വാങ്ങി കൂട്ടിയിരുന്നത്.പലിശയുടെ കാര്യത്തില്‍ കുട്ടിക്ക കൃത്യമായിരുന്നുവെന്ന് ആദ്യത്തെ മൂന്നാളും സക്ഷ്യപെടുത്തുന്നുണ്ട്.
"ഒറ്റ തവണ പോലും മുടക്കിയട്ടില്ല.അതുകൊണ്ടാണ് ഞാന്‍ പിന്നേം കൊടുത്തത്."
സദാന്ദന്‍ നാലാക്കി മടക്കിയ, വരയിട്ട വെള്ള പേപ്പെര്‍ കുഞ്ഞീനെ നിവര്‍ത്തിക്കാട്ടി.

അപ്പോഴാണ് കുഞ്ഞീന്‍ ചോദിച്ചത് "ഷമീറിനെ വിവരം അറിയിച്ചോ?"
കുട്ടിക്കയുടെ ഏക മകനാണ് ഷമീര്‍.കഷ്ടിച്ച് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ അവന്‍ ഗള്‍ഫില്‍ എത്തിയട്ട്.പച്ച പിടിച്ചു വരുന്നേയുള്ളൂ എന്ന് സാരം.
ആരും വിളിച്ചു   പറയാതെ തന്നെ വാട്സ് അപ്പ്‌ലൂടെ തന്‍റെ വാപ്പയുടെ മരണം അറിഞ്ഞ ഷമീര്‍ പിറ്റേന്നു പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി.ഒരിക്കല്‍ പോലും ബാപ്പ എത്തിച്ചു നോക്കാത്ത പള്ളി കോംബൌണ്ടില്‍ കുട്ടിക്കയുടെ ശവം അടക്കം ചെയ്ത് അയാള്‍ വീട്ടില്‍ വന്നു കയറുമ്പോഴും,മരണം നടന്ന് ഇരുപത്തി നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാത്ത ചില ആളുകളെ കണ്ട്  ആ ഇരുപത്തഞ്ച്കാരന്‍ എന്താണ്ടൊക്കെ ഊഹിച്ചു.
"ഷമീറെ,നീയിങ്ങു വന്നേ" കൊച്ചാപ്പ അവനെയും കൂട്ടി പടിഞ്ഞാറെ ചായിപിലേക്ക് പോയി.കൂടെ പണ്ടാരതെണ്ടിലെ നസീറും ഉണ്ടായിരുന്നു.പണ്ടാര തെണ്ടിലെ നസീര്‍ എന്നയാള്‍ കുട്ടിക്കയുടെ വലം കൈ ആയിരുന്നു.കൂടെ കൂടിയവരെയല്ലാം ചതിച്ച ചരിത്രവും,കൂട്ടാത്തവരെയല്ലാം പറ്റിച്ച കഥകളുമാണ്‌ നസീറിന് പറയുവാനുള്ളത്.കുട്ടിക്ക അയാളെ കൂടെ കൂട്ടിയത് മുച്ചീട്ട്,പന്നി മലത്ത്,എന്നി ശീട്ട് കളിയില്‍  തന്‍റെ പിന്‍ഗാമിയായി നസീറിനെ കണ്ടതുകൊണ്ടാണ്.കുട്ടിക്കയുടെ അത്രേം പന്നി മലത്ത് കളി അറിയാവുന്നവര്‍ അന്നാട്ടില്‍ വേറെ ആരുംമുണ്ടായിരുന്നില്ല.
റെഷന്‍കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്നാണെങ്കിലും കുട്ടിക്കയുടെ ഉപജീവനമാര്‍ഗം ശീട്ട് കളിയായിരുന്നു.വലിയ വലിയ ആളുകള്‍ക്ക് വേണ്ടി ക്ലുബ്ബുകളില്‍ കളിക്കുവാന്‍ കുട്ടിക്കയെ തേടി പല ദേശത്ത് നിന്നും ആളുകള്‍ വന്നിട്ടുണ്ട്.പക്ഷേ തട്ടിപ്പും വെട്ടിപ്പും കുട്ടിക്കക്ക് അറിയില്ലായിരുന്നു.അടുത്ത കാലത്ത് നസീറിനെ ഒഴിവാക്കുവാനുള്ള കാരണം തന്നെ അതായിരുന്നു.
കുട്ടിക്കയുടെ ഒരു സ്നേഹിതന്‍ വാഹനപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന്  ഇന്‍ഷുറന്‍സ് തുക ബന്ധുക്കള്‍ക്ക് കിട്ടിയപ്പോള്‍ തനിക്ക് അയാള്‍ പണം തരാനുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് കുറച്ച് വാങ്ങിച്ചെടുത്തു.കൂടാതെ ,സ്വന്തം സഹോദരിയുടെ വിവാഹം നടത്തിയതിന് ചെറുക്കന്‍ വീട്ടുകാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയ നസീറിനെ ആദ്യ രാത്രിക്ക് മുന്‍പ് തീന്‍ മേശക്കരികെ കണ്ട പുതിയാപ്ല ഇയാള്‍ തന്‍റെ മൂത്ത അളിയാനാണെന്ന് അറിഞ്ഞപ്പോള്‍ ദേക്ഷ്യം സഹിക്കാന്‍ വയ്യാഞ്ഞ് കോഴിക്കാല് മാത്രം കടിച്ച് പറിച്ച്,സഹോദരിയുടെ ചാരിത്ര്യത്തിന് മുറിവേല്‍പ്പിക്കാതെ പിറ്റേ ദിവസം രാവിലെ സ്ഥലം വിട്ടു. കുട്ടിക്ക ഇതറിഞ്ഞത്‌ വളരെ വൈകിയാണ്.ഷമീറിനും ഇത് അറിവുള്ളതാണ്.

"ഷമീറെ,"നസീറാണ് തുടങ്ങിയത്."കുട്ടിക്ക കുറെ പേര്‍ക്ക് കാശായിട്ടും പണ്ടായിട്ടും കൊടുക്കുവാനുണ്ട്.മയ്യത്ത് നിസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്‍റെ പേരാണ് ഉസ്താദ് വിളിച്ചു പറഞ്ഞത്.അല്ലാണ്ട് വേറെ ആരും ഇല്ലല്ലോ?"ഒന്നും പറയാനാകാതെ ഷമീര്‍ ദൂരേക്ക്‌ നോക്കി നിന്നു.
"നിനെക്ക് എന്തെങ്കിലും തരാനുണ്ടോ?നസീറേ?"നസീറിനെ നന്നായി അറിയാവുന്ന കൊച്ചാപ്പ ചോദിച്ചു.
"ഏയ്,എനിക്കൊന്നും തരാനില്ല .പറഞ്ഞ് വന്നാല്‍ എന്തോ ചില്ലറ കുട്ടിക്കാക്ക് ഞാന്‍ കൊടുക്കണം"നസീര്‍ കൂടുതല്‍ വിനീതനും,വിധേയനുംമായി.
"അത് ഷമീര്‍ പൊരുത്തപ്പെട്ടു." കൊച്ചാപ്പ  ഷമീറിനെ നോക്കി.ഷമീര്‍ നല്ല ആലോചനയിലാണ്.
"ഒരു പിടിയും കിട്ടുന്നില്ല കൊച്ചാപ്പ"
"വീടും പറമ്പും വില്‍ക്കാതെ പറ്റില്ല. ഞാന്‍ ആളെ ഉണ്ടാക്കാം."കൊച്ചാപ്പ നസീറിനെ രൂക്ഷമായി നോക്കി.
"ഷമീറെ,മോനേ,പത്തൂന്റെ വള രണ്ടെണ്ണം വാപ്പ കൊണ്ട്പോയിട്ടുണ്ട്.അത് പോകട്ടെ.എന്നാല്‍ സീനത്തിന്റെയും,കൊച്ചിയിലെ മൂതുമ്മാന്റെ മോളുടെയും കൊടുക്കാതെ പറ്റില്ല.പിന്നേം,വേറെ ചിലരുടെയുമുണ്ട്."കുട്ടിക്ക എഴുതിവച്ചിരുന്ന ഒരു തുണ്ട് കടലാസ്  കൊച്ചാപ്പ ഷമീറിനു നേരെ നീട്ടി.
"നസീറിക്കാ,ആളെ ഏര്‍പ്പാടക്കിക്കോ?
നസീറ് കൊണ്ടുവന്ന ആള്‍ വളരെ കുറച്ച വിലയാണ് വീടിനും പറമ്പിനും കണ്ടത്.കച്ചവടക്കാരുമായി സംസാരിച്ചത് മുഴുവന്‍ നസീറാണ്.അതുകൊണ്ട് തന്നെ നല്ല ആളുകളാരും ഭൂമി വാങ്ങുവാന്‍ എത്തിയില്ല.ഒരാള്‍ പിന്നെ വരാമെന്ന് പറഞ്ഞു പോയി.
ഷമീറിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായി.അയാള്‍ പള്ളിക്കാട്ടില്‍ വാപ്പയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.വാപ്പ കൊടുക്കാനല്ലാതെ,വാപ്പക്ക് തരാനുള്ളവര്‍ ഇല്ലേ,വാപ്പ..അന്നൊരിക്കല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മരിച്ചു പോകുമെന്ന് പേടിച്ച് ചിലരുടെ പേര് വാപ്പ പറഞ്ഞിരിന്നില്ലേ?അവര്‍ ആരൊക്കെയാണ്?,വാപ്പ.അപ്പോള്‍ മൂന്ന് ആളുടെ രൂപങ്ങള്‍ (വാപ്പ പറഞ്ഞു കേട്ടത്)അയാളുടെ  മനോമുകരത്തില്‍ തെളിഞ്ഞു വന്നു.അല്ല.മകന്‍റെ ദയനീയ അവസ്ഥകണ്ട് കുട്ടിക്ക ഖബറിടത്തില്‍ നിന്നിറങ്ങി വന്ന് മകന്‍റെ ചെവിയില്‍ പറഞ്ഞു കൊടുത്തു.
ഒന്ന് ഒരു ജ്വല്ലറിക്കാരന്‍ സോമന്‍,മുട്ടക്കാരന്‍ മനാഫ്,പിന്നെ ഗള്‍ഫുകാരന്‍ ഗഫൂര്‍.

"ഹേയ്,അതൊക്കെ എന്നേ സെറ്റില്‍ ചെയ്തു.കണക്ക് നോക്കിയാല്‍ ഏതാണ്ട് ചില്ലറ ഇങ്ങോട്ട് വരണം." ജ്വല്ലറിക്കാരന്‍ സോമന്‍ തന്റെ സ്വര്‍ണ്ണ ഫ്രെയിംമുള്ള കട്ടികണ്ണട മൂക്കത്ത് വീഴാതെ ഉറപ്പിച്ചു നിര്‍ത്തികൊണ്ട് ഉറപ്പിച്ചു പറഞ്ഞു.
"ഏതാണ്ട് നിസ്സാരം ഞാന്‍ വാപ്പക്ക് കൊടുക്കാനുണ്ടെന്ന് പറഞ്ഞത് ശരിതന്നെ."മനാഫ് തുക എത്രയെന്ന് ആലോചിക്കുവാന്‍ മുകളിലോട്ട് നോക്കിയപ്പോള്‍ ഷമീര്‍ ആശ്വസിച്ചു."പക്ഷേ.. പിന്നെ ഒരിക്കല്‍ കുട്ടിക്ക എന്നോട് 'പൊരുത്തപ്പെട്ടു'എന്നു പറഞ്ഞു എന്നാണ് ഓര്‍മ്മ.എന്തായാലും നോക്കാം ഷമീറെ."
പലവട്ടം വിളിച്ചിട്ടാണ് ഗഫൂര്‍ ഫോണെടുത്തത്.
"ഒരു ലക്ഷം ബാക്കിയുണ്ട്."അയാള്‍ പറഞ്ഞു.
"വാപ്പ പറഞ്ഞിരുന്നത്.അഞ്ച് എന്നാണ്."ഷമീര്‍ പറഞ്ഞു.
"ഐയ്...അതൊക്കെ എന്നേ തീര്‍ത്തു.ഒന്ന്.അത് അടുത്ത് തന്നെ തീര്‍ത്തോളാം."
വാക്കുകള്‍ക്കൊപ്പം തന്നെ ഫോണും നിന്നു.
ഇരുപത്തിയഞ്ച് വയസ്സുള്ള ഷമീര്‍ എഴുപത്തഞ്ച്കാരനെ പോലെ ക്ഷീണിച്ചു.വീട്ടില്‍ ദിവസവും ആളുകള്‍ കയറിയിറങ്ങി.അവിവാഹിതനായിരുന്നതിനാല്‍ പലിശക്കാര്‍ പെണ്ണിനെ ചോദിച്ചില്ല.വിലപിടിപ്പുള്ള പല സാധനങ്ങളും അവര്‍ എടുത്തുകൊണ്ട് പോയി.ടെലിവിഷന്‍ കുഞ്ഞീനും,മൊബൈല്‍ സദാനന്ദനും,നല്ല പാത്രങ്ങള്‍ ലളിതയും കൈവശമാക്കി പലിശയില്‍ വരവ് വെച്ചു.

ചിലര്‍ക്ക് പലിശ വേണ്ട മുതല്‍ മാത്രം മതി.പണയത്തിലിരിക്കുന്ന പണ്ടങ്ങളുടെ പലിശ ഉടമസ്ഥര്‍ അടക്കുവാന്‍ തയ്യാറാണ്‌.പണയ സംഖ്യ മാത്രം കിട്ടിയാല്‍ മതി.
അങ്ങനെ വന്നപ്പോഴാണ് കൊച്ചാപ്പ ഷമീറിനെകൊണ്ട് വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്.കുട്ടിക്കയെ അറിയാവുന്നവര്‍,അയാളുടെ കടങ്ങളെ കുറിച്ചറിയാവുന്നവര്‍ ആരും തന്നെ ഷമീറിനു പെണ്ണ് കൊടുത്തില്ല.സമയത്തിന് തിരികെ ചെല്ലഞ്ഞത് മൂലം ഗള്‍ഫിലുള്ള പണിയും നഷ്ടപ്പെട്ടു.ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങി ബസ്സ്‌ കയറി ടൌണില്‍ ചെന്നിറങ്ങും.അവിടെ അയാള്‍ ധാരാളം റിയല്‍ എസ്റ്റെറ്റു കാരെ പരിചയപ്പെട്ടു.പലരും വന്ന് സ്ഥലം കണ്ടു.പക്ഷേ ആരും സ്ഥലത്തിന് കമ്പോള വില കണ്ടില്ല.അങ്ങനെയിരിക്കെ മറിച്ചു വില്‍ക്കല്‍ ലക്ഷ്യമാക്കി ഒരു മേനോന്‍ കുട്ടിക്കയുടെ വീടിന്  വില പറഞ്ഞു.
"പതിനേഴ്‌ ലക്ഷം."
കരാര്‍ എഴുതാതെ റൊക്കം കച്ചവടം നടന്നു.ബ്രോക്കെര്‍ വിഹിതം നഷ്ടപെട്ട  പണ്ടാരതെണ്ടിലെ  നസീര്‍, മേനോനെ നേരത്തേ അറിയാമെന്ന് പറഞ്ഞ് പോലീസ് സ്റെഷനില്‍  കേസ് കൊടുത്തു.സ്ഥലം സബ്ബ്ഇന്‍സ്പെക്ടറുടെയും,പഞ്ചായത്ത് പ്രസിഡന്റ്‌യും സാന്നിദ്ധ്യത്തില്‍ ഇരുപത്തഞ്ചായിരം രൂപ നസീറിന് നല്‍കി
റെജിസ്ട്രഷന്‍ നടത്തി.വീടും പറമ്പും വിറ്റുകിട്ടിയ പണം കൊണ്ട് പലിശക്കാര്‍ക്ക് മുതലിന്റെ പകുതിയും,പണ്ടക്കാര്‍ക്ക് മുതലും  കൊടുത്തു.

അന്ന് രാത്രി പാതി മനസ്സമാധാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.വാപ്പയുടെ ഖബറിടത്തിന് ചുറ്റുമിരുന്നു നിലാവെളിച്ചത്തില്‍ ആരോക്കൊയോ ശീട്ട് കളിക്കുന്നു.പണ്ടാരതെണ്ടിലെ നസീറിനെ മാത്രം ഷമീര്‍ തിരിച്ചറിഞ്ഞു.വിവിധ നിറത്തിലുള്ള അര്‍ദ്ധ നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ശീട്ടുകള്‍ ഖബറിന് മുകളില്‍ ഓരോന്നോയി വന്നു വീഴുന്നത് എടുക്കുവാന്‍ ആരും തന്നെ ധൈര്യപ്പെടുന്നില്ല.
പിറ്റേന്ന് നേരം വെളുത്തയുടന്‍ ഷമീര്‍ ഉമ്മാനെ വിളിച്ചുണര്‍ത്തി.ആത്മഹത്യ  പേടിയുള്ളതുകൊണ്ട് രാവിലെ തന്നെ വീട് ഒഴിയണമെന്ന് മേനോന്‍ അവരോട് പറഞ്ഞിരുന്നു.എടുത്തു മാറ്റാവുന്ന സാധനങ്ങള്‍ നേരെത്തെ തന്നെ കൊച്ചാപ്പയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു..നാല് പെണ്മക്കള്‍ കെട്ടിക്കുവാന്‍ ബാക്കി  നില്‍ക്കുന്ന കൊച്ചാപ്പ അവരെ വീട്ടിലേക്ക് ക്ഷണിച്ചു.
"വേണ്ട കൊച്ചാപ്പ,പടച്ചോന്‍ തുണയുണ്ടാവും."അയാള്‍ കൂട്ടാക്കിയില്ല.
വാതില്‍ പൂട്ടി  താക്കോല്‍ കൊച്ചാപ്പയെ ഏല്‍പ്പിക്കുമ്പോള്‍ മുറ്റത്ത്‌ ഒരു ബൈക്ക് അതിവേഗത്തില്‍ വന്നു നിന്നു.പണ്ടാരതെണ്ടിലെ നസീറായിരുന്നു അത്.
"ഷമീറെ,ഒരു പ്രശ്നം ഉണ്ട്.ഇന്നലെ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോളാണ് ഓര്‍ക്കുന്നത്.കുട്ടിക്ക എന്‍റെ ബീവിടെ മാലേം,വളേം പണയം വച്ചിട്ടുണ്ട്.അമ്പതിനായിരത്തിന്...ജപ്തിയാ വന്നിരിക്കുന്നത്..ജപ്തി."
ആടിനെ കെട്ടുവാന്‍ കൊച്ചാപ്പ കയ്യില്‍ കരുതിയിരുന്ന ഇരുമ്പിന്റെ കമ്പി പാര തട്ടിപ്പറിച്ച് ഷമീര്‍ നസീറിന് നേരെ പാഞ്ഞടത്തു.
"എനിക്കും ജീവിക്കണമെടാ..കള്ളപ്പന്നി..."
BijuDas Eriyad



Monday, 16 March 2015

നിയോഗം


എന്താ ഉഷേ?ഗിരീഷ്‌ ഇനിയും വന്നില്ലേ? അമ്മ ഇത് എത്രാമത്തെ തവണയാണെന്ന് അറിയില്ല ഗിരീഷേട്ടനെ അന്വേക്ഷിക്കുനത്.ആറു മണിമുതൽ ഒരു സ്വൈര്യവും തന്നിട്ടില്ല.മകളിപ്പോൾ അച്ഛനെ അനേഷിച്ചു പോയി കിടന്നെതെയുള്ളൂ.മണി ഒമ്പത് കഴിഞ്ഞു കാണും.ഗിരീഷേട്ടൻ ഇത് എവിടെ പോയി കിടക്കുന്നു.രാവിലെ ഇവിടെ കൊണ്ട് വിടുമ്പോൾ വൈകുന്നേരം ആറു  മണിക്ക്  തന്നെ ഞാൻ ഇങ്ങുഎത്തും,ഒരു മണിക്കൂർ റന്നിങ്ങ് ടൈം.പ്രോമിസ് എന്ന് പറഞ്ഞു പോയ ആളാണ്.
വിവാഹം ക്ഷണിക്കാൻ ചിറ്റയും രഘുവും വന്നപ്പോൾ അവൻ മുന്നേ കൂട്ടി പറഞ്ഞതാണ്.
അളിയൻ ലീവ് എടുക്കണം.ഉഷേച്ചിയെയും മാളുവിനെയും കൂട്ടി രണ്ടു ദിവസം മുൻപ് പോന്നേക്കണം.ഞാൻ ഒരാളുള്ളൂ എന്നോർക്കണം.
എന്നിട്ടെന്തു?അവന്റെ കല്യാണ തലേന്ന് പോലും സമയത്തിനു എത്താൻ പറ്റിയില്ലെങ്കിൽ?
അമ്മ എപ്പോഴും പറയും.നിന്റെ കെട്ട്യോൻ മാത്രമല്ല സർകാർ ജീവനക്കാരനയിട്ടു ഈ നാട്ടിൽ ഉള്ളത്.സുധയുടെയും അജിതയുടെയും ഭർത്താക്കന്മാർ ഗവേർമെന്റ്റ് ജോലിക്കാർ തന്നെയാണ്.അവർക്കൊന്നും ഇല്ലാത്ത എന്ത് തിരക്കാണ് ഗിരീഷനു?വല്ല കള്ള് കുടി കമ്പനിയും കാണും.അല്ലെങ്കിൽ.....നീ സൂക്ഷിചോടി....
ഗിരീഷേട്ടൻ മദ്യപിക്കുന്ന വിവരം എനിക്കും,അടുത്ത രണ്ടു സുഹ്രതുക്കൾക്കും മാത്രമേ അറിയൂ.അവരില്ലാതെ അദ്ദേഹം കഴിക്കാറില്ല.അല്ലാതെ നേരത്തെ പറഞ്ഞ അവളുമാരുടെ ഭർത്താക്കൻമാരെ പോലെ കുടിച്ചു കൂത്താടി,കണ്ട പെണ്ണുങ്ങളെ പോയി പിടിക്കാറില്ല.കല്യാണ വീടുകളിൽ കൈയും കെട്ടി നോക്കി നില്ക്കാറില്ല.മറ്റുള്ളവരുടെ ഭാര്യമാരുടെ അടുത്ത് അശീലം പറഞ്ഞു ചുറ്റി പറ്റി നില്ക്കാറില്ല.എന്നാലും അമ്മക്ക് .ഗിരീഷേട്ടനെ കണ്ടൂടാ.
"ഉഷേ? അവൻ വന്നില്ലെടി?"ഇനി ചിറ്റപ്പന്റെ വക വിസ്താരം ആണ്.ചിറ്റക്കും ചിറ്റപ്പനും .ഗിരീഷേട്ടനെ ജീവനാണ്.രഘുവിനും അങ്ങനെതന്നെ,എന്നാലും പ്രായ വ്യതാസം കൊണ്ട് അവൻ അകന്നു നിൽക്കുന്നു എന്നേയുള്ളൂ.
"വിളിച്ചിരുന്നു.ചിറ്റപ്പാ"
എവിടെ ഫോണ്‍ എടുക്കാൻ?നല്ല മഴയല്ലേ.
ഹെൽമെറ്റ്‌ കൂടിയാകുമ്പോൾ പറയുകയും വേണ്ട.ആറു  മണിക്ക് വിളിച്ചപ്പോൾ ദാ ..ഇറങ്ങി എന്ന് പറഞ്ഞു.എവിടെ ഇറങ്ങാൻ?.പിന്നെ ദേക്ഷ്യപെട്ടപ്പോഴാണ് സത്യം പറഞ്ഞത്.
ഇറങ്ങാം.ഉടനെ തന്നെ.
അല്ലെങ്കിലും ഗിരീഷേട്ടന് ഉത്തരവാതിത്തം കുറവാണ്.പറഞ്ഞ സമയം ഒരിക്കലും പാലിക്കാൻ ശ്രമിക്കാറില്ല.എല്ലാവർക്കും അത് അറിയാവുന്നതാണ്.എന്നാലും ചോദ്യം മുഴുവൻ എന്നോട്.
ഞാൻ അയാളുടെ ഭാര്യ ആയിപോയില്ലേ?
ഒരിക്കലും വിചാരിച്ചിരുന്നതല്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.
അണിഞ്ഞൊരുങ്ങി അയാളുടെ മുന്നിൽ നിൽക്കുമ്പോൾ തമാശ തോന്നി.താൻ എത്ര ഒരുങ്ങിയാലും എല്ലുന്തിയ മാറിടവും,മെലിഞ്ഞ കൈ കാലുകളും ചെറുക്കനെ മാത്രമല്ല കൂടെ വന്നവരെ പോലും അമ്പരപ്പിക്കും.സൗന്ദര്യം ഇല്ലാതെ പോയത് ആരുടെ കുറ്റം കൊണ്ടാണ്?
ഗിരീഷേട്ടൻ പേര് പോലും ചോദിച്ചില്ല.ഒറ്റ പോക്കായിരുന്നു.
സാധാരണ  ഗേറ്റിൽ എത്തുമ്പോൾ ബ്രോക്കെർ തിരികെ വന്നു അച്ഛനോട് പറയും.
കൊച്ചിനെ ഇഷ്ടപെട്ടില്ല.
അച്ഛൻ താൻ കേട്ടോ എന്നറിയാൻ ജനലിലേക്ക് എത്തിനോക്കും.ഇത് ബ്രോക്കെർ പറഞ്ഞത് ഉറപ്പിക്കാമെന്നാണ്.
അയൽക്കാർ പറഞ്ഞത് ഉഷയുടെ ഭാഗ്യം എന്നാണ്.
കിഴക്കേതിലെ റസിയ പലപ്പോഴും ഗിരീഷേട്ടൻ വരുമ്പോൾ ഒളിഞ്ഞു നോക്കാറുണ്ട്.അല്ലെങ്കിൽ എന്തെകിലും ആവശ്യം പറഞ്ഞു വീട്ടിലേക്കു കയറും..ഗിരീഷേട്ടൻ ഹിന്ദി സിനിമ നടനെ പോലെയാന്നത്രെ.ഞാൻ ഒറ്റ ഹിന്ദി സിനിമയും മുഴുവൻ കണ്ടിട്ടില്ല.
ഗിരീഷേട്ടൻ കണ്ണ് പൊട്ടനാണോ എന്ന് ഞാൻ ആദ്യം സംശയിച്ചു.പിന്നെ മാനസിക രോഗിയാണോ എന്ന്.
കല്യാണം കഴിഞ്ഞു പിറ്റേന്ന്  ഗിരീഷേട്ടന്റെ അമ്മ പറഞ്ഞറിഞ്ഞു അദ്ദേഹം ആരാണെന്ന്.
അവൻ ജീവന് തുല്യം സ്നേഹിചിരുന്നോളാ മിനി .എന്റെ ആങ്ങളുടെ മകൾ.ഒരു കൊല്ലം മുൻപ് അവളങ്ങു തൂങ്ങി.കാരണം ഇന്ന് വരെ അറിയില്ല.അതോടെ തീർന്നു അവന്റെ ജീവിതം.വെച്ച് വിളമ്പാനും,തുണി കഴുകാനും ഒരാള്.അത്രെ അവൻ ഉദ്ദേശിചിട്ടുള്ളൂ.മനസ്സിലായോ നിനക്ക്.
ഗിരീഷേട്ടൻന്റെ അമ്മേ,നിങ്ങൾ മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ട്.മനുഷ്യന് മറവി എന്ന ഒരു സാധനം ദൈവം കൊടുത്തിട്ടുണ്ട്‌.ഗിരീഷേട്ടൻ മിനിയെ മറന്നു.ഇപ്പോൾ അയാളുടെ മനസ്സിൽ ഈ ഉഷ മാത്രമേ ഉള്ളൂ.സ്നേഹം ,അതിനു വല്ലാത്ത മാസ്മരിക ശക്തിയാണ്.ഏതൊരാളുടെയും മനസ്സ് സ്നേഹം കൊണ്ട് കീഴടക്കാൻ സാധിക്കും.അറിയോ നിങ്ങള്ക്ക്?
"ഉഷേച്ചി,എന്താ ആലോചിചിരിക്കുകയാണ്.ഒന്ന് കൂടി അളിയനെ വിളിച്ചേ?" രഘു കൂട്ടുകാരെ സൽക്കരിക്കുനതിനു വാങ്ങി വെച്ച മദ്യകുപ്പികളിലോന്നു എടുത്തുകൊണ്ടു പുറത്തേക്കു പോകുന്നതിനിടയിൽ പറഞ്ഞു.
റിംഗ് ചെയുന്നുണ്ട്.
"എവിടെത്തി?"
"നല്ല മഴയാണ്.എത്താറായി."
"കോട്ടില്ലേ?'
"ഉണ്ട്"
"എന്നാൽ വേഗം വാ.ഇവിടെ ആളുകള് ഗിരീഷേട്ടനെ ചോദിച്ചു മടുത്തു."
"ശരി"
"കട അടച്ചിട്ടില്ലെങ്കിൽ മാളുവിനു മുല്ലപ്പൂ വാങ്ങിച്ചോ?ഇവിടെ കുറവാ."
മുറ്റത്ത്‌ കല്യാണ പന്തലിൽ ആളുകൾ ഒഴിഞ്ഞു തുടങ്ങി.ഒരു ഭാഗത്ത്‌ ചീട്ട്കളിക്കുന്ന കൂട്ടം.വേറെ ഒരു ഭാഗത്ത്‌ പായസത്തിനു തേങ്ങ ചിരകുന്ന ചെറുപ്പക്കാർ.മിക്കവരും മദ്യപിച്ചിട്ടുണ്ട്‌.പിന്നെ ചിലർ വെടിപറഞ്ഞും,പ്രാരാബ്ദകെട്ടഴിചും ഒറ്റക്കും തെറ്റക്കും ഇരിപ്പുണ്ട്.കാർന്നോൻമാരിൽ ചിലർ ചിറ്റപ്പനോടു ഗിരീഷേട്ടനെ തിരക്കുന്നുണ്ട്.എനിക്ക് വയ്യ അവരോടു സംസാരിക്കാൻ.ചിറ്റപ്പൻ തന്നെ എന്തെങ്കിലും പറയട്ടെ.
അൽപ്പനേരം കിടക്കാമെന്ന് വെച്ച് മുറിയിലേക്ക് ചെന്നപ്പോൾ അമ്മ.
"എന്താടി?വന്നോ നിന്റെ കെട്ട്യോൻ?"
മറുപടി പറയാതെ മാളുവിന്റെ അടുത്തിരുന്നു.അവൾ നല്ല ഉറക്കമാണ്.എല്ലാ കല്യാണങ്ങൾക്കും മുല്ലപൂ വെക്കുവാൻ അവൾക്കിഷ്ടമാണ്.ഒന്നാം ക്ലാസ്സിലേക്ക് ആകുമ്പോൾ ഇനി മുടിവെട്ടരുതെന്നാണ് അവൾ പ്രോമിസ് ചെയിച്ചിരിക്കുനത്.ടൈഫോഡു വന്നപ്പോൾ അവളുടെ മുടി മുറിച്ചിരുന്നു.
മണി പത്ത് കഴിഞ്ഞല്ലോ! മഴ മാറുകയും ചെയ്തു.
രഘു പോയി കിടന്നു.കല്യാണ ചെക്കനാണ്.കൂട്ടുകാർ അവനെ ഉന്തി തള്ളി മുറിയിലാക്കി കതകടച്ചു.അമ്മയുടെ അനുജത്തിയുടെ മകനാനെകിലും സുധിയേക്കളും ഗിരീഷേട്ടനു ഇഷ്ടം രഘുവിനോടാണ്.സുധി എന്റെ നേരങ്ങളയാണ്.രണ്ടു കൊല്ലമായി അവൻ നാട്ടിലില്ല.
രഘുവിന്റെ കല്യാണത്തിന് നേരെത്തെ പോകാൻ കഴിഞ്ഞില്ലെങ്കിൽ മോശമാണെന്ന് ഗിരീഷേട്ടൻപറഞ്ഞതാണ്‌.എന്നിട്ട്?
ദേഷ്യം വന്നിട്ട് വയ്യ.സുധ പറഞ്ഞത് നേരാണ് എന്നെകൊണ്ട്‌ ചടങ്ങുകൾക്ക് പോകുവാൻ ഗിരീഷേട്ടന് ഇഷ്ടമല്ല.അത് തന്നെ കാര്യം.
ഇവിടെ ഗിരീഷേട്ടനെയും എന്നെയും അറിയാത്തവർ ആരാണ്?
ഗേറ്റിൽ ഒരു ബൈക്ക് വന്നു നിന്നു.മിത്രൻ ചെട്ടനാണല്ലോ!കൂടെ പരിചയമില്ലാത്ത ഒരാളും.രഘു മിത്രൻ ചേട്ടനെ വിവാഹം ക്ഷണിച്ചിട്ടുണ്ടാവില്ല.അത്രക്ക് വെറുപ്പാണ് രഘുവിന് അയാളെ.എനിക്കറിയാം.ഗിരീഷേട്ടൻ ആയിരിക്കണം.അടുത്ത കൂട്ടുകാരനല്ലേ?വല്ല കാര്യവും ഉണ്ടോ ഇതിന്റെ?
ചീട്ടു കളി കണ്ടിരുന്ന സതീഷിനെ വിളിച്ചു മിത്രൻ ചേട്ടൻ എന്തോ പറഞ്ഞു.സതീഷ്‌ വെപ്രാളത്തിൽ ചിറ്റപ്പനെ വിളിക്കുന്നു,അകത്തേക്ക് എത്തി നോക്കുന്നു.ആളുകൾ കൂടുന്നു.ഉഷ അറിഞ്ഞോ എന്ന് ആരോ ചോദിക്കുന്നു.
"എന്താ?" ഞാൻ മുറിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.
"ഒന്നുമില്ല,"ചിറ്റപ്പനാണ് പറഞ്ഞത്."വരുന്നവഴി ഗിരീഷിന് ഒരു ചെറിയ അപകടം.ഹോസ്പിറ്റലിൽ അട്മിട്ടു ചെയ്തിരിക്കുകയാണ്.സാരമില്ല.തലക്ക് ചെറിയ പരിക്കുണ്ട്.മോള് കൊച്ചിനെ എടുക്കൂ,ശൈലപ്പന്റെ കാറിൽ പോകാം"
മിത്രൻ ചേട്ടൻ എനിക്ക് മുഖം തരാതെ ഒളിഞ്ഞു നിൽക്കുന്നത് എന്നിൽ ഭീതി പരത്തി.
"എന്താ മിത്രൻ ചേട്ടാ?ഗിരീഷേട്ടനു എന്താ പറ്റിയതെന്നു നിങ്ങൾ പറ "
ഞാൻ അലറുകയായിരുന്നു.
ആരും ഒന്നും പറഞ്ഞില്ല.അമ്മ ഉറങ്ങി കിടന്നിരുന്ന മാളുവിനെ എടുത്തു കൊണ്ട് വന്നു.അവർ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.
"ഇവിടെ ഇപ്പൊ എന്താ ഉണ്ടായതു?ഗിരീഷിന്റെ ബൈക്ക് ഒരു കാറുമായി ഇടിച്ചു.തലയൊന്നു പൊട്ടി.അത്ര തന്നെ.ഉഷേച്ചിയെ പേടിപ്പിക്കാതെ."സതീഷിന്റെ ശബ്ദം എല്ലാവർക്കും മീതെ ഉയർന്നു.
ശൈലപ്പ്ന്റെ കാറിലേക്ക് ഞാൻ മാളുവുംമായി ഓടിക്കയറുകയായിരുന്നു.
ശൈലപ്പൻ കാർ പിന്നോട്ട് എടുക്കുമ്പോൾ പാചകക്കാരൻ തീ അണക്കുന്നത് കണ്ടു.
ശേഖേരേട്ടൻ

രാവിലെ കുളിക്കാൻ അകത്തു കയറി വാതിൽ അടച്ചപ്പോൾ അമ്മ വന്നു പറഞ്ഞു."ബാലു,ഒരു കാർന്നൊരു നിന്നെ കാണാൻ വന്നിരിക്കുന്നു."
അഴിച്ച മുണ്ട് വാരി ചുറ്റി മുറ്റത്ത് വന്നപ്പോൾ ശേഖേരേട്ടൻ.
"എന്തേ,ശേഖരട്ടാ?'
'സർ കുളിച്ചോളൂ,ഞാൻ ഇവിടെ നിൽക്കാം."
കാര്യം പറയാൻ നിർബന്ധിച്ചപ്പോൾ ശേഖേരേട്ടൻ വീണ്ടും 'സർ കുളിച്ചോളൂ,ഞാൻ കാത്തിരിക്കാം'എന്ന് ആവർത്തിച്ചു.അയാളോട് അകത്തേക്ക് കയറി ഇരിക്കുവാൻ പറഞ്ഞു ഞാൻ കുളിക്കാൻ വീണ്ടും കയറി.കുളിച്ചെന്നു വരുത്തി,ഡ്രസ്സ്‌ ചെയ്തു പെട്ടെന്ന് പുറത്തു വന്നപ്പോൾ ശേഖേരേട്ടൻ അതേ നില്പ്പ് തന്നെ.
എന്റെ കൈ പിടിച്ചു പറമ്പിന്റെ തെക്കേ മൂലയിലേക്ക് മാറി നിന്നു.
"എന്റെ പരാതി താലുക്കിൽ നിന്ന് വില്ലെജിലേക്ക് അയച്ചിട്ടുണ്ട്.ഓമനക്കുട്ടന്റെ പറമ്പിലെ തെങ്ങിൽ നിന്ന് സാധനങ്ങൾ വീണ് എന്റെ പറമ്പ് മുഴുവൻ നാശം ആയി.ഞാൻ കെട്ടിയ മതിൽ പൊളിഞ്ഞു.സർ,ആ തെങ്ങ് വെട്ടികളയാൻ റിപ്പോർട്ട്‌ ആക്കണം.വല്ല കാറ്റോ,മഴയോ വന്നാൽ....'
ശേഖേരേട്ടൻ ചുരുട്ടിപിടിച്ച അഞ്ഞൂറിന്റെ നോട്ട് കൈയിൽ തിരുകാൻ നോക്കി.
"എന്താ,ശേഖേരേട്ടാ ഇത്?നിങ്ങളുടെ പരാതി വരട്ടെ.അപ്പോൾ വേണ്ടത് ചെയ്യാം.മേലിൽ ഇക്കാര്യം പറഞ്ഞു നിങ്ങളിവിടെ വരരതു.ആഫീസ് കാര്യം ആഫീസിൽ."
ചുരുട്ടി പിടിച്ച കൈയും മായി തന്നെ ശേഖേരേട്ടൻ തിരിച്ചു പോയി.
പിറ്റേന്ന് ശേഖേരേട്ടന്റെ പരാതി തപാലിൽ വന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ പറമ്പിൽ കിഴക്കേ മൂലയിൽ താമസിക്കുന്ന ഓമനക്കുട്ടന്റെ നല്ല കായ്‌ ഫലമുള്ള തെങ്ങ് ശേഖേരേട്ടന്റെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുകയും,തേങ്ങ,മടൽ,ഓല  വീണു പറമ്പ് നാശമാകുകയും.ഒരിഞ്ചു സ്നേഹമതിൽ തകരുകയും ചെയുന്നു,ഇതാണ് പരാതി.
ഓമനക്കുട്ടന്റെ തെങ്ങ് നിറയെ കായ്‌ ഫലമുള്ളതാണ് .അത് പോലെ തന്നെ വളർന്നു നിൽക്കുകയാണ് അയാളുടെ മൂന്ന് പെണ്മക്കളും.പത്തു സെന്റിലെ പതിനാറു തെങ്ങിൽ നിന്ന് ലഭിക്കുന്ന വരുമാനം അയാൾക്ക് ഒരാഴ്ച മദ്യപിക്കുവാൻ തികയുകയില്ല.അപ്പോഴാണ്‌ തെങ്ങ് വെട്ടി നീക്കുവാൻ പരാതി.
അന്വേഷണത്തിന് ചെന്നപ്പോൾ ശേഖേരേട്ടൻ കരിക്ക് വെട്ടി വെള്ളം തന്നു.പൊളിഞ്ഞ മതിൽ കാണിച്ചു തന്നു.ശേഖേരേട്ടന്റെ രണ്ടേക്കർ സ്ഥലം മുഴുവൻ ചുറ്റിക്കണ്ടു.ഒരു കിറ്റിൽ ഇരുമ്പൻ പുളി പൊതിഞ്ഞു അദ്ദേഹം ബൈക്കിന്റെ ഫ്രെണ്ട് കവറിൽ തിരുകി വെച്ചു.
ഓമനക്കുട്ടന്റെ പെണ്മക്കൾ കട്ടൻ ചായ അനത്തി തന്നു.ഓമനക്കുട്ടന്റെ ഭാര്യ പ്രാരാബ്ധങ്ങളുടെ പെട്ടി തുറന്നു പുറത്തേക്കിട്ടു.ഒടുവിൽ  തെങ്ങ് വെട്ടേണ്ടതില്ലെന്നു തസിൽദാരുടെ വിധി വന്നപ്പോൾ ശേഖേരേട്ടൻ ഓഫീസിന്റെ മുറ്റത്ത്‌ വന്നു നിന്ന് ഉച്ചത്തിൽ തെറി പറഞ്ഞു.സർടിഫിക്കറ്റിന് കാത്തു നിന്ന രണ്ടു പ്ലസ്‌ റ്റു പെണ്‍കുട്ടികൾ വായ പൊത്തി ചിരിച്ചു.
എന്നാലും രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി ശേഖേരേട്ടൻ വന്നു,കൈയിൽ പെന്ഷനുള്ള അപേക്ഷയുംമായി .
"ശേഖരേട്ടൻ,നിങ്ങൾക്ക് എക്സ് സർവീസ് മാൻ പെൻഷൻ ഉള്ളതല്ലേ? പിന്നെ എന്തിനു ഈ വാർധക്യ കാല പെൻഷൻ?രണ്ടും കൂടി കിട്ടില്ല."
"വില്ലേജ് ആഫീസർ ഒരു കാര്യം മനസ്സിലാക്കണം'. ശേഖേരേട്ടൻ കുറെ കൂടി എന്റെ അടുത്തേക്ക് വന്നു."ആരും നോക്കാൻ ഇല്ലാത്ത അറുപതു കഴിഞ്ഞ ഒരു വൃദ്ധനാണ് ഞാൻ.ഞങ്ങളെ പോലുള്ളവരെ സഹായിക്കാനാണ് നിങ്ങൾക്ക് സർകാർ ശമ്പളം തരുന്നത്.അത് മറക്കരുത്."എന്റെ മുന്നിൽ വെച്ചു തന്നെ അപേക്ഷ  ശേഖേരേട്ടൻ കീറി കളഞ്ഞു.
"പട്ടി പുല്ലു തിന്നുകയും ഇല്ല,പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല."ഇറങ്ങിപോകാൻ നേരം എന്തിനായിരുന്നു അങ്ങനെ ഒരു ഉപമ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ശേഖരേട്ടന് മൂന്ന് ആണ്‍ മക്കളാണ്.മൂന്നാളും നല്ല നിലയിലും,വിവാഹിതരും വേറെ വീട് വെച്ച് താമസിക്കുകയുംമാണ്.ശേഖരേട്ടന്റെ ഭാര്യ കൂടി അയാളെ കൈ വിട്ടതോടെ  നാട്ടുകാരും ശേഖരേട്ടനെ തള്ളിപറയുവാൻ തുടങ്ങി.
"പട്ടാളത്തിൽ നിന്ന് കിട്ടിയതും പൊത്തിപിടിച്ച്‌ ഇരിക്കുകയാണ് ആ കാര്ന്നൊരു."
അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത മനുഷ്യൻ.
 വെറുതയല്ല ഭാര്യയും മക്കളും ഇട്ടേച്ചു പോയത്.
ആരെന്തു പറഞ്ഞാലും അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു.
എന്നും  പാലും കൊണ്ട് സൈക്ലിളിൽ പോകുമ്പോൾ ആഫീസിൽ കയറി 'എന്ത് വിശേഷം' ബാലു സാറെ എന്ന് ചോദിച്ചിരുന്ന  ശേഖേരേട്ടൻ അതിനുശേഷം ഓഫീസിനടുത്തു എത്തുമ്പോൾ സൈക്ലിലിന്റെ വേഗം വർധിപ്പിച്ചു.
ഒരു വെള്ളിയാഴ്ച  രാവിലെ വളരെ ദുഖത്തോടെ ഓഫീസിലേക്ക് കയറി വന്നിട്ട് ശേഖേരേട്ടൻ ചോദിച്ചു."ബാലു സാറിന് പാലക്കാട്‌ ചിറ്റൂര് ആരെയെങ്കിലും പരിചയം ഉണ്ടോ"
"ഇല്ലല്ലോ ശേഖേരേട്ടാ,എന്തേ? "
"അവിടെ ആര്യ എന്ന പേരിൽ നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.നല്ല മോള്.എന്റെ രാജന്റെ കുട്ടിയെ പോലുണ്ട്.സാറ് കണ്ടിട്ടില്ലല്ലോ?.ആ കുട്ടിക്ക് കരളിനു എന്തോ ദീനം ആണ്.പേപ്പറിൽ വായിച്ചതാ.ഒപെരഷൻ ചെയ്താൽ സൂകേട്‌ ഭേദാകും.അതിനു ഒരു ലക്ഷം രൂപ വേണം.ഒന്നവിടം വരെ പോയാലോന്ന് ആലോചിക്കുകയാ...."
ശേഖേരേട്ടന്റെ കണ്ണുകൾ നിറഞ്ഞു. ശേഖേരേട്ടൻഎന്തോ തീരുമാനിച്ചു ഉറച്ച മട്ടിലാണ് സംസാരം.
"ചിറ്റൂർ വില്ലേജിന്റെ നംബര് തരാം.അവിടെ അന്വേഷിച്ചാൽ മതി." റവന്യൂ ഡയറിയിൽ നിന്ന് ചിറ്റൂർ വില്ലേജിന്റെ ഫോണ്‍ നമ്പർ എടുത്തു കൊടുത്തു.
"വരട്ടെ സാറെ,"
പിറ്റേന്ന് ശനിയാഴ്ച.ഓഫീസ് തുറക്കാൻ നേരം വൈകിയതിനു സ്വീപെർ  രാധമണിയെ ശകാരിക്കുമ്പോൾ അവൾ പറഞ്ഞു."സാറ് അറിഞ്ഞോ?നമ്മുടെ ശേഖേരേട്ടൻ  ഇന്ന് രാവിലെ മരിച്ചു."

ശേഖേരേട്ടന്റെ വീട്ടു മുറ്റത്ത്‌ ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു.
"അറ്റാക്ക് ആയിരുന്നു,സർ."മൂത്ത മകൻ പറഞ്ഞു."അച്ഛന് വാശിയായിരുന്നു,എന്നും ഞങ്ങളോട്.ആദ്യം ഞങ്ങളെ പുറത്താക്കി.പിന്നെ അമ്മയെ.ശേഷക്രിയ പോലും ഞങ്ങളുടെ ചെലവിൽ ആകരതുന്നു നിർബന്ധമുണ്ടായിരുന്നു അങ്ങേർക്കു.അതുകൊണ്ടെല്ലേ ബാങ്കിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും പിൻവലിച്ചു തലയണ ചുവട്ടിൽ വെച്ച്  അച്ഛൻ ................."
മൂത്ത മകനോടൊപ്പം മറ്റു രണ്ടു പേരും വ്യസനത്തോടെ തല താഴ്ത്തി  നിന്നു.
തിരിച്ചു പോരുമ്പോൾ ചിറ്റൂർ  വില്ലേജ് ആഫീസിൽ നിന്ന് ഒരു ഫോണ്‍ കോൾ എന്റെ മൊബൈലിൽ.
'ശേഖരനെ ഒന്ന് കിട്ടണമല്ലോ?'


കടന്നൽ

"നമ്മുടെ ഗോപികൃഷ്ണൻ അല്ലേ അത്?"മെല്ലിച്ച ഒരു നെഴ്സിന്റെ പിന്നാലെ കൈയും വീശി വേഗത്തിൽ നടന്നു പോകുന്ന ഗോപികൃഷ്ണനെ ഭാര്യയാണ് ആദ്യം കണ്ടത്.മകൾക്ക് ചുമ കലശലായപ്പോൾ അച്ഛനാണ് ഹോമിയോ മാറ്റി അലോപ്പതി കാണിക്കാൻ പറഞ്ഞത്.ഉച്ച മുതൽ ഒരേ ഇരിപ്പാണ്,ഡോക്ടറെയും കാത്ത്.ചേട്ടൻ പോയാൽ കൊച്ചിന്റെ അസുഖം മുഴുവൻ പറയില്ലെന്നും,അതുകൊണ്ട് താനും കൂടി വരാമെന്ന് പറഞ്ഞ് സിന്ധുവും കൂടെ കൂടിയതുകൊണ്ടാണ് അവൾക്ക് ഗോപികൃഷ്ണനെ കാണാനായത്.അവൾ ഇപ്പോൾ രണ്ടാം തവണയാണ് അയാളെ കാണുന്നത്.
സിന്ധു പറഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നോക്കിയപ്പോൾ ലെഗ്ഗിൻസ് ധരിച്ച തടിച്ച ഒരു സ്ത്രീയെ ആണ് ഗോപികൃഷ്ണന്  പകരം കണ്ടത്.
"ആ റൂമിലേക്ക്‌ കയറി." എന്റെ നോട്ടം പെട്ടെന്ന് പിൻവലിക്കാൻ ആയിരിക്കണം അവൾ പറഞ്ഞു.ചൂണ്ടിയ വിരൽ സിന്ധു പിൻവലിക്കും മുൻപേ അയാൾ ഒരു വീൽ ചെയറുംമായി പുറത്തേക്ക് വന്നു.വെള്ള ഷർട്ടും പാന്റും ആയിരുന്നു വേഷം.
"ചേട്ടൻ സംസാരിക്കുന്നില്ലേ?"സിന്ധു ചോദിച്ചു.
"വരട്ടെ.ആദ്യം ഡോക്ടറെ കാണട്ടെ.നമ്മുടെ ഊഴം അടുത്തു."

ഗോപികൃഷ്ണനെ ആദ്യം കാണുന്നത് മതിലകത്തെ അഖില കേരള വനിതാ വോളിബോൾ ടൂർണമെന്റ് കാണുവാൻ വി ഐ പി ഗാലറിയിൽ സീറ്റ് തിരയുന്നതിന് ഇടയിലാണ്.തൊട്ടു പിന്നിൽ സാധാരണക്കാരുടെ ഇരിപ്പിടങ്ങളിൽ നിന്ന് മഞ്ജുവിന്റെ സ്മാഷിനെ ആവോളം കൈയുർത്തി ആക്രോശിക്കുന്ന കറുത്ത ചെറുപ്പക്കാരൻ ശ്രെദ്ധയിൽപെട്ടത്അവിചാരിതമായാ
ണ്.
"അടി മോളെ,അങ്ങനെ..."
എന്റെ ചെവിക്കൂടയിൽ കയറി അയാൾ അലറുമ്പോൾ തുപ്പൽ പൂക്കൾ എന്റെ ഷർട്ടിൽ പതിക്കുന്നുണ്ടായിരുന്നു.രണ്ടു പ്രാവശ്യം അയാൾ ക്ഷമ പറഞ്ഞു.
"സോറി സർ,ചെറുപ്പത്തിലെ ഉള്ളതാണ്.മനപൂർവ്വമല്ല."
ആദ്യ ഗെയിം കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.
"എവിടെയാ നാട്"
സ്ഥലം പറഞ്ഞപ്പോൾ അയാളും അന്നാട്ടുകാരനാണെന്ന് പറഞ്ഞു.ഉടനെ അടുത്ത ചോദ്യം വന്നു.
"സാറിനെന്താ ജോലി?"
"ഇവിടെത്തെ വില്ലേജ് ഓഫീസർ ആണ്?"
അയാളുടെ ബഹുമാനം വർദ്ധിച്ചു.പിന്നെ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കാതിരിക്കാൻ ഗോപികൃഷ്ണൻ പരമാവധി സ്രെദ്ധിച്ചു.
"മഞ്ജുവിനെ അറിയുമോ?മൂന്നാം  നമ്പർ ജേഴ്സി അണിഞ്ഞ കുട്ടി.കേരള ടീമിലുണ്ട്.തമിഴ് നാടിന് എതിരെയുള്ള കളിയിൽ അവളല്ലേ നമ്മളെ ജയിപ്പിച്ചത്.!"
ഞാൻ ഒരു വോളിബോൾ പ്രേമിയെ ആയിരുന്നില്ല.സംഘാടകർ ഫ്രീ ടിക്കെറ്റ് കൊണ്ട് തന്നപ്പോൾ 'സ്ത്രീകളുടെ കളിയല്ലേ 'കണ്ടെക്കാമെന്ന് കരുതി,അത്രമാത്രം.പക്ഷേ പുറകിൽ ഒരു വോളിബോൾ ഭ്രാന്തനാണല്ലോ നിൽക്കുന്നത്?
എന്റെ കൈയിലെ 'ആൽകെമിസ്റ്റിന്റെ' വിവർത്തനം കളികൾക്കിടയിൽ എപ്പോഴോ ഗോപികൃഷ്ണൻ സ്രെദ്ധിച്ചിരുന്നു.
"സാറെ,ആൽകെമിസ്റ്റ് അത്ര നല്ല രചനയാണെന്ന് എനിക്ക് തോന്നുന്നില്ല."അയാൾ പറഞ്ഞു."എന്റെ അഭിപ്രായം ആണെട്ടോ.അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗർ' വായിച്ചിട്ടുണ്ടോ?"
"ഇല്ല"
"വായിക്കണം സർ."
അതായിരുന്നു തുടക്കം.ഗോപികൃഷ്ണന് തെങ്ങ് കയറ്റമാണ് ജോലി.എന്റെ വീടിനടുത്തെ ചില തെങ്ങുകളിൽ അയാളാണ് കയറുന്നതെന്നും,ആ പ്രദേശത്തെ ആളുകൾക്ക് കൂലി തരുന്നതിൽ വലിയ പ്രയാസമാണെന്നും,അതിനാൽ ഒന്നിടവിട്ട മാസങ്ങളിൽ മാത്രമേ അങ്ങോട്ട്‌ വരാറുള്ളൂ എന്നും അയാൾ പറഞ്ഞു.അപ്പോഴാണ്‌ ഞാൻ എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങ് കയറുന്ന സതീശൻ കിടപ്പിലാണെന്ന കാര്യം ഓർത്തത്.
ഗോപികൃഷ്ണന് വിരോധമൊന്നും ഇല്ലായിരുന്നു.പക്ഷേ സതീശന്റെ സമ്മതം വേണം.സംഘടനയിലും പറയണം.
അങ്ങനെ ആദ്യ സമാഗമത്തിൽ നിന്ന് ഗോപികൃഷ്ണനെ വീണ്ടും കാണേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു.

സതീശനെ ചെന്ന് കണ്ട് അഞ്ഞൂറ് രൂപ കൊടുത്ത് എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിൽ അവനുള്ള അവകാശം വാക്കാൽ വാങ്ങിയ വിവരം ഗോപികൃഷ്ണനെ അറിയിച്ചത് സി.പി.എം ന്റെ രാഷ്ട്രീയ പൊതുയോഗം ജങ്ക്ഷനിൽ നടക്കുന്ന സമയത്താണ്.
"ഗോപികൃഷ്ണൻ മാർക്കിസ്റ്റ് ആണോ" ഞാൻ ചോദിച്ചു.
"ആയിരുന്നു മുൻപ്.ഇപ്പോൾ അല്ല."
"ഇവിടെ?"
"പ്രസംഗം കേൾക്കുന്നതിനു നികുതിയൊന്നും കൊടുക്കണ്ടല്ലോ സാറേ?.വൈകുന്നേരം രണ്ടെണ്ണം വിട്ടു കഴിഞ്ഞാൽ ഇങ്ങനെ ഓരോന്നും കേട്ട്കൊണ്ടിരിക്കും."
അപ്പോഴാണ്‌ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
ഞാൻ സതീശനെ കണ്ട വിവരം പറഞ്ഞു.
"മതി.അത്രേം മതി.അവനാള് ശരിയല്ല.അതുകൊണ്ടാണ്." ഗോപികൃഷ്ണൻ തുടർന്നു."സംഘടനയിലെ കാര്യം ഞാൻ ഏറ്റു.ഇപ്പോ എന്ത് സംഘടന?.ഈ പണിക്ക് വരാൻ ഇന്നിപ്പോൾ എത്ര പേരുണ്ട്?എന്റെ മകനെ ഞാൻ പറഞ്ഞയക്കുമോ?പഠിപ്പിച്ചാൽ തന്നെ അവൻ പോകുമോ ഇപ്പണിക്ക്‌?ഞാൻ പറയാണ് സാറെ, ഈ ജോലി സർക്കാർ ഏറ്റെടുക്കണം.പി.എസ്.സി.യെന്നു ആളെ വെക്കണം.പണ്ട് ഞങ്ങളുടെ കാർന്നോന്മാര് ഒരുപാട് അപമാനം സഹിച്ചുട്ടുണ്ട്.ഇപ്പോ കാലം മാറി.ഇന്ന് തെങ്ങ് കേറാൻ ആളില്ലെന്നും,തെങ്ങ് കയറ്റക്കാരുടെ മക്കൾ ഡോക്ടറും എന്ജീനയർ ഒക്കെ ആയെന്നു പറഞ്ഞ് ആളുകൾ പരിഹസിക്കുകയാണ്.എന്താ അവർക്ക് ഉയർന്ന ജോലി കയ്ക്കുമോ?..സാറിനോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.സർ ധൈര്യമായി പൊക്കൊ.ഞാൻ വരാം ...."

എല്ലാ മദ്യപന്മാരും ഇങ്ങനയൊക്കെയാണെന്ന് ഞാൻ കണക്ക് കൂട്ടി.
ആളുകൾ ശ്രെദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഞാൻ സ്ഥലം വിട്ടു.
അയാൾ വാക്ക് പാലിച്ചു.ഒരു ഞായറാഴ്ച്ച അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ  ചായക്കടക്കാരൻ രവിച്ചേട്ടൻ പറഞ്ഞു."വില്ലേജ് ആഫീസറുടെ വീട് ചോദിച്ച് ആ ഗോപികൃഷ്ണൻ പോയിട്ടുണ്ട്"
നടത്തം മതിയാക്കി വീട്ടിലെത്തുമ്പോൾഗോപികൃഷ്ണൻ സിന്ധുവുമായി സംസാരിച്ച് നിൽക്കുകയായിരുന്നു.തെങ്ങിന്റെ മണ്ടചീയൽ ആയിരുന്നു വിഷയം.തെങ്ങോല കണ്ട് അയാൾ രോഗം നിർണ്ണയിച്ചു കഴിഞ്ഞു.അടുത്ത വരവിന് മരുന്ന് കൊണ്ട് വന്ന് അടിക്കാമെന്ന് പറഞ്ഞു.മുന്നൂറ് രൂപ കൊടുക്കേണ്ടി വരും.
എന്നെ കണ്ടപ്പോൾ ഗുഡ് മൊർനിങ്ങ് പറഞ്ഞു.സിന്ധു അയാൾക്ക്‌ പാലോഴിച്ച ചായ കൊടുത്തു.
എന്റെ ആറ് സെന്റിലെ മൂന്ന് തെങ്ങിനും സാമാന്യം നല്ല ഉയരമുണ്ടായിരുന്നു.വഴിയിൽ നിൽക്കുന്ന തെങ്ങിലാണ്‌ ഞാൻ അയാളോട് ആദ്യം കയറാൻ പറഞ്ഞത്.കാരണം അതിൽനിന്ന് തേങ്ങ കൊഴിയുന്നത് വഴി നടത്തക്കാർക്ക് വലിയ ഭീക്ഷണിയായിരുന്നു.

"ഹെന്റമ്മോ" വലിയ ഒരു അലർച്ചയാണ് ഞാൻ കേട്ടത്.സിന്ധു അടുക്കളയിൽനിന്ന് പുട്ട് കുത്തുന്ന വടിയുമായി ഓടി വന്നു.
ഗോപികൃഷ്ണൻ  ശരവേഗത്തിൽ തെങ്ങിൽ നിന്ന് താഴോട്ട് ഇറങ്ങി വരികയാണ്.അയാളുടെ പിന്നാലെ ഒരു പറ്റം കടന്നൽ താഴോട്ട് ആർക്കുകയാണ്.ഒരു കൈകൊണ്ട് അയാൾ അവറ്റകളെ ആട്ടിയോടിക്കുന്നുണ്ട്.ടെറസ്സി
നു ഒപ്പം എത്തിയപ്പോൾ അയാളുടെ കൈ പിടിവിട്ടുപോയി.അയാൾ ടെറസ്സിൽ തട്ടി താഴെ വീണു.
ആളുകൾ ഓടിക്കൂടി.
ഗോപികൃഷ്ണനെ സർക്കാർ ആശുപത്ര്യിൽ അട്മിട്റ്റ് ചെയ്തു.ഭാഗ്യത്തിന് കൂടുതൽ പരിക്കുകൾ ഒന്നുമില്ല.കടന്നൽ വിഷം ശരീരത്തിൽ ഏറ്റിട്ടുണ്ട്.അയാൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉള്ളതുകൊണ്ട് ബി.പി.കുറഞ്ഞു.രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടക്കുവാൻ ഡോക്ടർ നിർദേശിച്ചു.അയാളുടെ മകന്റെ കയ്യിൽ ആയിരത്തിന്റെ ഒരു നോട്ട് കൊടുത്തിട്ട് ഞാൻ പറഞ്ഞു.
"എന്താവ്ശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി."
മൂന്ന് ദിവസം കഴിഞ്ഞ് വഴിയിൽ വെച്ച് അയാളെ കണ്ടപ്പോൾ എന്റെ വിളി കേട്ടിട്ടും കാണാത്ത ഭാവത്തിൽ തിരിഞ്ഞു നടന്നു.
ആശുപത്രിൽ നിന്നിറങ്ങിയ ഗോപികൃഷ്ണൻ,കടന്നൽ കൂടുള്ള കാര്യം മറച്ചു വെച്ചാണ് വിലേജ് ഓഫീസർ തെങ്ങിൽ കയറ്റിയതെന്നും ആ തെങ്ങിലെ കടന്നൽ കുത്തേറ്റാണ് സതീശന് വാതം പിടിപെട്ടെതെന്നും നാല്  ദിവസം ആശുപത്രിൽ കിടന്നിട്ട് താൻ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടിലാകെ പറഞ്ഞു നടന്നു.സിന്ധുവിന്റെ നിർബന്ധപ്രകാരം ഡിഗ്രിക്ക് പഠിക്കുന്ന മകനെ കണ്ട് ഒരായിരം കൂടി കൊടുക്കുകയുകയും,തെങ്ങിന്റെ മണ്ടയിൽ കടന്നൽ താമസമാക്കിയട്ടുള്ള വിവരം തനിക്കോ,ഭാര്യക്കോ അറിയില്ലെന്ന് ഗോപികൃഷ്ണൻ വിശ്വസിക്കുന്ന ദേവതയെ സാക്ഷിയാക്കി സത്യം ചെയ്തു.
പക്ഷെ ഗോപികൃഷ്ണൻ വിശ്വസിച്ചില്ല.
പതിമൂന്നാം വയസ്സിൽ തുടങ്ങിയ ഗോപികൃഷ്ണന്റെ കുലത്തൊഴിൽ അങ്ങനെ ഞാൻ കാരണം അന്യം നിന്നു.
അയാൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ചെരുപ്പ് സൂക്ഷിപ്പുകാരനായി.
അന്നും സിന്ധു തന്നെയാണ് അയാളെ കണ്ടത്.
"ഗോപികൃഷ്ണൻ ചേട്ടാ,ഞങ്ങൾ അറിഞ്ഞതല്ല.ഞങ്ങൾ അങ്ങനെ ചെയുമെന്ന് തോന്നുന്നുണ്ടോ?"
"സാറും ഫാമിലിയും ഡിസന്റ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.വായിക്കുന്ന കൂട്ടത്തിൽപെട്ട ആളല്ലേ?മാനവികത കാണുമെന്ന് കരുതി.എനിക്ക് തെറ്റി.കടന്നൽ കുത്തേറ്റ് ഞാൻ ചത്ത്‌ പോയെങ്കിൽ എന്താകുമായിരുന്നു എന്റെ കുട്ടികളുടെ സ്ഥിതി?.കൊടുങ്ങലൂരമ്മ കാത്തു."
സിന്ധു ആകെ പരുങ്ങലിലായി.എന്ത് പറയും ഈ മനുഷ്യനോട്?.
"ഞാൻ ചേട്ടനെ പറഞ്ഞയക്കാം."
പിറ്റേന്നു  ഞാൻ അമ്പലത്തിൽ ചെന്നു.ഗോപികൃഷ്ണൻ ആ ജോലി ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
ഇപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞു.
കടന്നലുകളെ ഓടിക്കുവാൻ ഒരു തമിഴൻ വന്നു.
ആറു സെന്റിലെ മൂന്ന് തെങ്ങുകളും വഴിക്ക് വേണ്ടി വെട്ടിമാറ്റി.

സിന്ധു മകളെയും കൂട്ടി ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ  വീൽ ചെയറുമായി ഗോപികൃഷ്ണൻ വീണ്ടും വന്നു.ഇത്തവണ ഞാൻ വിട്ടില്ല.അറിഞ്ഞുകൊണ്ടല്ലങ്കി
ലും ഞാൻ തെറ്റുകാരനാണ്.അയാൾ പറഞ്ഞപോലെ ആ വീഴ്ചയിൽ അയാൾ മരിച്ചു പോയിരുന്നെങ്കിലോ?ഈ ജീവിതകാലം മുഴുവൻ ഒരാളുടെ വിദ്വേഷം പിടിച്ചു പറ്റി എങ്ങനയാ മുന്നോട്ട് പോകുക.വരട്ടെ.അയാൾ വരട്ടെ.സിന്ധു കാണാതെ അയാളോട് മാപ്പ് പറയണം.
"ഗോപികൃഷ്ണാ" ഞാൻ വിളിച്ചു.
അയാൾ എന്നെകണ്ടതും അമ്പരന്നു.ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.എന്തെങ്കിലും പറയും മുമ്പേ ഗോപികൃഷ്ണൻപറഞ്ഞു.
"സാറെ,എന്നാലും ചതിയല്ലേ സർ കാണിച്ചത്?സാറിനെപോലെ ഒരാള് ഇങ്ങനെ ചെയുമെന്ന് കരുതിയില്ല."
അയാൾ കൊടുംകാറ്റിന്റെ വേഗത്തിൽ റൂമിലേക്ക്‌ കയറി യൂണിഫോ൦ അഴിച്ച് വെച്ച് മുണ്ടും ഷർട്ടും എടുത്തണിഞ്ഞു എന്റെ മുമ്പിലൂടെ ഇറങ്ങിപോയി.
ദൈവമേ ഇയാളെ ഇനി ഞാൻ എവിടെ തിരയും?

Sunday, 1 February 2015

പുത്രകാമേഷ്ടി

രണ്ടാം വര്‍ഷ ബി എ ക്ലാസ്സില്‍ ആദിശങ്കരന്‍റെ ജീവിതത്തെ  കുറിച്ച് പറഞ്ഞു കൊണ്ടിരിക്കെയാണ് മിത്രനെന്നു പേരുള്ള ഒരാള്‍ അത്യാവശ്യമായി കാണാന്‍ വന്നിരിക്കുന്നുവെന്ന് വാമദേവനോട് പ്യൂണ്‍ വന്ന് പറഞ്ഞത്.സ്റ്റാഫ് റൂമിന്റെ വരാന്തയില്‍ മിത്രന്‍ നില്‍പ്പുണ്ടായിരുന്നു.അനാവശ്യമായ ധൃതി വാമദേവന്‍ അയാളില്‍ കണ്ടു.
"വാമ,നീ വണ്ടിയില്‍ കയറ്.നിന്‍റെ കാര്‍  ഇവിടെ കിടക്കട്ടെ."
"എന്താ കാര്യം?"
"നീ ടെന്‍ഷന്‍ ആകണ്ട." ഡോര്‍ തുറന്ന് കൊടുത്തുകൊണ്ട് മിത്രന്‍  പറഞ്ഞു.
"നിന്‍റെ മകന്‍ ലാലുവും,ഒരു ഫ്രണ്ടും കൂടി അഴീകോട് ബീച്ച് ഫെസ്റ്റ് കാണുവാന്‍ പോയിരുന്നു.കടലില്‍ കുളി കഴിഞ്ഞതിനുശേഷം കരിങ്കല്‍ ഭിത്തിയില്‍ കയറി ഫോട്ടോ എടുക്കുന്നതിനിടയില്‍ ലാലു കടലില്‍ വീണു.രക്ഷിക്കുവാന്‍ മറ്റേ ചെക്കനും ചാടി..."
"എന്നിട്ട്?" വാമദേവന് ശാസ്വം കിട്ടാതെയായി.അയാള്‍ വിയര്‍ത്തു.
"ലാലുവിന് ഒന്നും പറ്റിയിട്ടില്ല.അവന്‍ സര്‍ക്കാര്‍ ആശുപത്ര്യില്‍ ഉണ്ട്.മറ്റേ ചെക്കന്‍...അവനെ കാണാതെയായി."
വാമദേവന്‍റെ തൊണ്ട വരണ്ടു.കണ്ണില്‍ ഇരുട്ട് കയറി.അയാള്‍ ഒരിക്കല്‍ കൂടി മകനെ ഓര്‍ത്ത് സങ്കടപ്പെട്ടു.വിലപ്പെട്ട ഒരു ജീവന്‍ കൂടി അവന്‍ കാരണം....
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ചത് പ്രോഫെസ്സര്‍ വാമദേവന്‍റെ മകന്‍ ലാലുവും ,ആശുപത്ര്യില്‍ കിടക്കുന്നത് അവന്‍റെ സുഹൃത്തും ആയിരുന്നു.
മിത്രന് ലഭിച്ച വിവരം തിരിച്ചായിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മിത്രന്‍ രാവിലെ തന്നെ നഗരത്തിലേക്ക് വന്നത്.ജനറല്‍ മീറ്റിംഗ് നടന്നിരുന്നത് വാമദേവന്‍റെ കോളേജിനടുത്തുള്ള ഹാളിലായിരുന്നു.ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ തീരദേശ പോലീസിലെ കോണ്‍സ്റ്റബിള്‍ നൌഷാദിന്‍റെ വാക്കുകള്‍ വ്യക്തമാകാതെ വന്നപ്പോള്‍ അയാള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി.
"..........രണ്ടു പിള്ളേരും കൂടി വന്നത് ബൈക്കില്‍ ആണ്.നല്ല ഉച്ചസമയം ആയതിനാല്‍ ബീച്ചില്‍ ആളും കുറവായിരുന്നു.കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന 'മുനക്കല്‍'എന്ന ഭാഗമുണ്ട്.അവിടെ വച്ചായിരുന്നു,അപകടം.മദ്യപിച്ചിട്ടുണ്ടായിരുന്നോ  എന്ന് സംശയം ഉണ്ട്.പ്രോഫെസ്സരുടെ മകനെ  സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.മറ്റേ പയ്യനെ കാണാനില്ല."
കോണ്‍സ്റ്റബിള്‍ നൌഷാദ് മനസ്സിലാക്കിയിരുന്നത് അങ്ങനെയായിരുന്നു .മിത്രനും,വാമദേവനും തമ്മിലുള്ള അടുപ്പം അയാള്‍ക്ക് അറിവുള്ളത് കൊണ്ടാണ് പെട്ടെന്ന് തന്നെ മിത്രനെ  വിളിച്ചറിയച്ചത്.

കാര്‍ പ്രധാന റോഡിലേക്ക് പ്രവേശിച്ചു.വാമദേവന്‍ സീറ്റില്‍ തല ചായ്ച്ച് സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയാണ്.അയാളുടെ മനസ്സ് കലുഷിതമായിരുന്നു.
ഒരിക്കല്‍ പോലും മനസ്സമാധാനം തന്നിട്ടില്ലാത്ത പുത്രനാണ് ലാലു.നീണ്ട എട്ടു വര്‍ഷത്തിനു ശേഷമാണ് ലാലു ജനിക്കുന്നത്.അതും പൂര്‍ണ്ണ വളര്‍ച്ച എത്താതെ.പൂരാടം നക്ഷത്രം വന്നപ്പോള്‍ വാമദേവന്‍റെ പ്രായമായ അമ്മ  അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു.പത്താം ക്ലാസ് വരെ അവന്‍ മുഴുവനായും വാമദേവന്‍റെ നിയന്ത്രണത്തിലായിരുന്നു.അതിനുശേഷമാണ് പ്രകടമായ മാറ്റങ്ങള്‍ അവനില്‍ കണ്ടു തുടങ്ങിയത്.
"അവന്‍ കൊച്ചു കുട്ടിയല്ലേ വാമേട്ടാ,വലുതാവുമ്പോള്‍ ശരിയായികൊള്ളും." വിദ്യാഭ്യാസം ഇല്ലാത്ത ഭാര്യ തുടക്കം മുതലേ അവന്‍റെ കൊള്ളരുതായ്മയെ ന്യായീകരിച്ചു.നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയുടെ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ നിന്ന് പെന്‍സിലും,ഇറസേരും കട്ടെടുത്ത് ആരും കാണാതെ വീട്ടില്‍ ഒളിപ്പിച്ചു വച്ചതില്‍ വാമദേവന്‍റെ ഭാര്യ രമ അസ്വഭാവികതയൊന്നും കണ്ടില്ല.പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ കൂടെ പഠിച്ച പെണ്‍കുട്ടിയെ ക്ലാസില്‍ ആളൊഴിഞ്ഞ നേരത്ത് കയറിപ്പിടിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുംമെന്ന് ഭീക്ഷണിപ്പെടുത്തിയതിലും രമക്ക്‌ ആശങ്കയുണ്ടായില്ല.
"അവള്‍ അവനെ പ്രോലോഭിപ്പിചിട്ടുണ്ടാകും.ഇപ്പോഴത്തെ പെണ്‍കുട്ടികളെല്ലേ?"

പതിനെട്ട് തികഞ്ഞപ്പോള്‍ ലാലു ഇലക്ടറല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു.അങ്ങനെ സ്വന്തമായി ഒരു സ്വിം കൈവശം വന്ന അവന്‍ കിട്ടാവുന്നതില്‍ ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ്‌ സെറ്റ് വാങ്ങി കൂടെ കൂടെ ബാക്ക് കവര്‍ തുറക്കുകയും സ്വിം മാറ്റിയിടുകയും ചെയ്യുന്നത് കണ്ട് വാമദേവന്‍ ഭയപ്പെട്ടു.വിലയേറിയ ആ ഗാജെറ്റ് നാശമായി പോകുമോ എന്നതായിരുന്നു അയാളുടെ ഭയം.മകന്‍ ചീത്തയായി പോകുകയാണെന്ന് തിരിച്ചറിയാനുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം അയാള്‍ക്കില്ലായിരുന്നു.

"എനിക്ക് ഒരു കൂട്ടം നിങ്ങളോട് പറയാനുണ്ട്" ഒരു ദിവസം അയാള്‍ക്കിഷ്ടമില്ലാത്ത മുഖവുരയോടെ രമ പറഞ്ഞു.
"എന്താ?"
"നിങ്ങള്‍ അറിഞ്ഞതായി ഭാവിക്കുകയോ,ചോദിക്കുകയോ ചെയ്യരുത്."
"നീ കാര്യം പറ "അയാള്‍ക്ക്‌ ദേക്ഷ്യം വന്നു.
"ചായയുമായി അവന്‍റെ മുറിയിലേക്ക് ഞാന്‍ കയറിയതും,അവന്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു.ഞാന്‍ ഒരു മിന്നായം പോലെ കണ്ടു .ശ്ശൊ..നാണായിട്ട് വയ്യ."
"നീ എന്താ കണ്ടത്?"

രമ മിന്നായം പോലെ കണ്ടത് വാമദേവന്‍ രമയില്ലാത്ത നേരത്ത്  മുഴുവനായും കണ്ടു.ഫിസിക്സ്‌ പഠിപ്പിക്കുന്ന സഹപ്രവര്‍ത്തകന്‍ വേണുഗോപാല്‍ ആണ് വാമദേവന് കമ്പ്യൂട്ടറില്‍ ഹിസ്റ്ററി ചെക്ക് ചെയ്യുവാനും ഹൈഡ് ഫയല്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്ന വിദ്യ പഠിപ്പിച്ചു കൊടുത്തത്.
"ലാലു,ഞാന്‍ ഒരു അദ്ധ്യാപകനാണ്.എന്‍റെ കുട്ടികള്‍ ചീത്തയാകാന്‍ ഞാന്‍ അനുവദിക്കാറില്ല.അതുപോലെ തന്നെയാണ് മക്കളും"
രാത്രി ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍ വാമദേവന്‍ മകന്‍റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"അച്ഛന്‍ എന്‍റെ സിസ്റ്റം ഓപ്പണ്‍ ചെയ്തു അല്ലേ?നാണമില്ലല്ലോ?"
ആര്‍ക്കാണ് ലജ്ജയില്ലാത്തതെന്ന് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷേ ചോദിച്ചില്ല.
"മുറിയിലേക്ക് വരുമ്പോള്‍ ഒച്ചയുണ്ടാക്കണമെന്ന മര്യാദ അമ്മയും പഠിച്ചിട്ടില്ല."ലാലു അമ്മയെയും വെറുതെ വിട്ടില്ല.
"നീ ആദ്യം ഇയര്‍ ഫോണ്‍ മാറ്റി അച്ഛന്‍ പറയുന്നത് കേള്‍ക്ക്" രമ മകനെ ശകാരിച്ചു.
അയാള്‍ക്ക്‌ മകനോട്‌ ഒന്നും പറയുവാന്‍ തോന്നിയില്ല.അവന്‍റെ രൂപം ,വേഷം,ഭാവം എല്ലാം അയാളെ ഭയപ്പെടുത്തി.മാസങ്ങളായി എണ്ണ കാണാത്ത മുള്ളന്‍പന്നിയുടെ  മുള്ളുകള്‍ പോലെയുള്ള ചപ്ര തലമുടി മുകളിലേക്ക് എഴുന്നുള്ളിച്ചു നിര്‍ത്തിയിരിക്കുന്നു.ചീര്‍പ്പെടുത്ത്‌ കോതിയാല്‍ താരനും,പേനും  നിലത്ത് ഓടി നടക്കും.മുട്ടിനോപ്പമുള്ള കനം തൂങ്ങുന്ന ട്രൌസറും,ശുഷ്കിച്ച നെഞ്ചിന്‍ കൂടിനെ പാതി മറക്കുന്ന ഒബാമയുടെ ചിത്രമുള്ള ടീ ഷര്‍ട്ടും, ലാലുവിനെ വാമദേവനില്‍ നിന്ന് ഒരുപാട് അകറ്റി നിര്‍ത്തിയിരുന്നു.
ഒരു അവധി ദിവസം ലാലു പുറത്ത് പോയയുടനെ പോലീസ്കാര്‍ അവനെ തേടിയെത്തി.
"എവിടെ നിങ്ങളുടെ മകന്‍?"
"എന്താ സര്‍?"
"ഒരു കാര്‍ന്നോരെ ബൈക്ക് ഇടിച്ച് കൊന്നിട്ടാണ് അവന്‍ മുങ്ങിയിരിക്കുന്നത്.കയ്യില്‍ കിട്ടും അവനെ.അവന്‍റെ സ്പീഡ് ഞാന്‍ തീര്‍ത്തു തരാം.അതിനുമുന്‍പ്‌ പ്രോഫെസ്സര്‍ അവനെ സ്റ്റേഷനില്‍ ഹാജരാക്കിക്കൊള്ളൂ."
ഒരു ലക്ഷം രൂപയാണ് മരണമടഞ്ഞ വൃദ്ധന്‍റെ കുടുംബത്തിന് നല്‍കിയത്.പോലീസുകാര്‍ക്ക് വേറെയും.

സര്‍ക്കാര്‍ ആശുപത്രി കൊമ്പോണ്ടിലേക്ക് മിത്രന്‍ കാര്‍ ഓടിച്ചു കയറ്റുമ്പോള്‍ അറ്റന്‍ഡര്‍ സുഭാഷ് പോര്‍ച്ചില്‍ ഉണ്ടായിരുന്നു.
"ആ കുട്ടിയെ മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോയി.ലങ്ഗ്സില്‍ നിറയെ വെള്ളം കയറിയട്ടുണ്ട്."സുഭാഷ്‌ പറഞ്ഞു.വാമദേവന്‍ ടെന്‍ഷനായി.അയാളുടെ കയ്യും കാലും വിറച്ചു.
"രമയെ വിവരം അറിയിക്കണം മിത്രാ.അല്ലെങ്കില്‍ അവള്‍ വിഷമിക്കും."വാമദേവന്‍ മൊബൈല്‍ എടുത്തു.അപ്പോഴാണ് അത് സ്വിച്ച് ഓഫ്‌ ആയിരുന്നതെന്ന് അറിയുന്നത്.പത്തോളം കോളുകള്‍ മിസ്സ്ഡ് ആയി കിടക്കുന്നു.
രമയുടെ അലര്‍ച്ചയാണ് വാസുദേവന്‍ കേട്ടത്.അയാള്‍ എത്ര പറഞ്ഞിട്ടും അവള്‍ ശാന്തയായില്ല.ഒന്നും രമ കേട്ടിരുന്നില്ല എന്നതാണ് സത്യം.

ഇതിനകം മരിച്ചത് പ്രോഫെസ്സരുടെ മകന്‍ ലാലുവാണെന്നും,ഹോസ്പിറ്റലില്‍ അയാളുടെ സുഹ്രത്താണെന്നും അറ്റന്‍ഡര്‍ സുഭാഷില്‍ നിന്ന് മനസ്സിലാക്കിയ മിത്രന്‍ ആശുപത്രി വരാന്തയില്‍ തരിച്ചിരുന്നു പോയി.
"സുഭാഷേ,എനിക്കിത്തിരി വെള്ളം വേണം."
സുഭാഷ്‌ കൊടുത്ത വെള്ളം കുടിച്ച്,വാമദേവന്‍റെ മുഖത്ത് നോക്കുവാന്‍ ശേഷിയില്ലാതെ മിത്രന്‍ പകച്ചു നില്‍ക്കുമ്പോള്‍ വാമദേവന്‍ പറഞ്ഞു.
"വേഗം വണ്ടിയെട്,മിത്രാ."

കാറോടിച്ചിരുന്നത് സുഭാഷായിരുന്നു.നേരെ കടപ്പുറത്തേക്കാണ് അവര്‍ പോയിരുന്നത്.നാഷണല്‍ ഹൈവെയിലേക്ക് കയറാതെ വാഹനം ദിശ മാറിയോടുന്നത് എന്താണെന്ന് ആരാഞ്ഞപ്പോള്‍  അതു വരെ മിണ്ടാതിരുന്ന മിത്രന്‍ പൊട്ടിക്കരഞ്ഞു.  
"വാമാ,ലാലു പോയെടാ...നിന്‍റെ മകനെയാടാ കാണാതായത്.." 
അതിനിടയില്‍ ഫോണ്‍ പല പ്രാവിശ്യം ശബ്ദിച്ചു.അയാള്‍ ഫോണെടുത്തില്ല.ടി.വി യില്‍ ഫ്ലാഷ് ന്യൂസ്‌ കാണിക്കുന്നുണ്ട്.ചരിത്ര അദ്ധ്യാപകന്‍ വാമദേവന്‍റെ മകന്‍ എന്ന് പ്രത്യേകം എഴുതി കാണിച്ചിരുന്നു.ഒരു ചാനല്‍ ഏക മകന്‍ എന്നുകൂടി കൂട്ടിച്ചേര്‍ത്തു.സഹപ്രവര്‍ത്തകര്‍ പലരും അയാളെ വിളിച്ചു.ചിലര്‍ മിത്രനെ വിളിച്ചു.

തീരദേശ പോലീസും നേവിയും തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല.മത്സ്യ തൊഴിലാളികളും ,നാട്ടുകാരും ,ബീച്ച് ഫെസ്റ്റിന്റെ സംഘാടകരും കടപ്പുറത്ത് തടിച്ചു കൂടിയിരുന്നു.കടപ്പുറത്തെ തീര മഹോത്സവം ഉത്ഘാടനത്തിന് എത്തുന്ന യുവ സിനിമാതാരം വരുന്നതിന് മുന്‍പ് ബോഡി കണ്ടെത്തുകയായിരുന്നു അവരുടെ ലക്‌ഷ്യം.
നേരം ഇരുട്ടി തുടങ്ങി.
കാറില്‍ നിന്നിറങ്ങിയ വാമദേവന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടുകയായിരുന്നു.പുറകെയെത്തുവാന്‍  മിത്രനും,സുഭാഷും വിഷമിച്ചു.

"നല്ല നീരോഴുക്കുണ്ട്.ചിലപ്പോള്‍ ഏതെങ്കിലും കല്ലിനടിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ രക്ഷയില്ല.ശവം ചീയേണ്ടിവരും കിട്ടാന്‍.അല്ലെങ്കില്‍ നാളെ ഏതെങ്കിലും തീരത്ത് അടിയും." നാട്ടുകാരിലാരോ പറയുന്നത് അവ്യക്തമായി വാമദേവന്‍ കേട്ടു.
അയാള്‍ പൂഴിമണ്ണില്‍ കുന്തിച്ചിരുന്ന് കടലിലേക്ക്‌ തന്നെ ഉറ്റുനോക്കിയിരുന്നു.കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു.

തണുത്ത ഉപ്പുകാറ്റേറ്റ് വാമദേവന്‍റെ  ശരീരം വിറങ്ങലിച്ചു.അയാളുടെ മനസ്സ് മഞ്ഞുകണം പോലെ തണുത്തുറഞ്ഞു.
"വാമാ." മിത്രന്‍ പതിയെ വിളിച്ചു."പോകാം വാമാ നമുക്ക് "
"എങ്ങോട്ട്?"
"വീട്ടിലേക്ക്"
"അപ്പോള്‍ ലാലു?"
മിത്രന്‍ മിണ്ടിയില്ല.
"കാണാതായി എന്ന് പറഞ്ഞാല്‍ മരിച്ചു എന്ന് അര്‍ത്ഥമുണ്ടോ മിത്രാ?.അവന് നീന്തല്‍ നല്ല വശമാണ്.ചാലക്കുടി പുഴയില്‍ രമയുടെ വീടിനടുത്ത് മണ്ണെടുത്ത കയത്തില്‍ നീന്തി വളര്‍ന്നവനാണ്...അവന്‍ ഇവിടെ എവിടെയോ ഒളിച്ചിട്ടുണ്ട് ...അവന്‍ വരും...അവന്‍ വരും.."വാമദേവന്‍ മന്ത്രിച്ചുകൊണ്ടിരുന്നു.സുഭാഷും,മിത്രനും പരസ്പരം നോക്കി.
നേരം ഇരുട്ടിതുടങ്ങി.
"വീട്ടില്‍ പോകേണ്ടേ?രമ?" മിത്രന്‍ ചോദിച്ചു.
അപ്പോഴാണ്‌ അയാള്‍ ഭാര്യയെ കുറിച്ചോര്‍ത്തത്.അവള്‍ ഇതെങ്ങെനെ സഹിക്കും?
എട്ടു വര്‍ഷത്തിന് ശേഷം ദൈവം തന്ന സന്താനം.വിഷമങ്ങളും,പ്രയാസങ്ങളും മാത്രമേ അവന്‍ എക്കാലവും തന്നിട്ടുള്ളൂവെങ്കിലും  ഈ വേര്‍പാട് എങ്ങെനെ അതിജീവിക്കുവാന്‍ അവള്‍ക്ക് കഴിയും.
സമാധാനമായില്ലേ നിങ്ങള്‍ക്ക്?അവനെ കൊണ്ടുള്ള ശല്യം തീര്‍ന്നില്ലേ?എന്നവള്‍ തന്‍റെ നേരെ ആക്രോശിച്ചെന്നിരിക്കാം.ചിലപ്പോള്‍ പരിസരം മറന്ന് കെട്ടിപിടിച്ച് വായില്‍ തോന്നുന്നത് പുലമ്പി പൊട്ടിക്കരയാം.ഒരു പക്ഷേ അവളുടെ മനോനില തന്നെ തകരാറിലാകാം.എന്നാലും  അവനില്ലാതെ എങ്ങെനെയാണ് തിരികെ ചെല്ലുന്നത്?

ദൈവമേ!എന്തൊരു പരീക്ഷണം?താന്‍ ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലല്ലോ?എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്നേ എന്നും പ്രാര്‍ഥി ച്ചിട്ടുള്ളൂ.ഈശ്വരാ...
"അച്ഛാ.." കടല്‍ക്കാറ്റിനൊപ്പം ലാലുവിന്‍റെ വിളി ഉയര്‍ന്നു പൊങ്ങി വരുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു.
"മോനേ.."ഇരുട്ടില്‍ തിരമാലകള്‍ പ്പൊട്ടുന്ന  വെളിച്ചത്തില്‍ അയാള്‍ മകനെ കണ്ടു.
അതെ.അതേ ചപ്രതലമുടി.തീക്ഷ്ണമായ ആരെയും വകവെയ്ക്കാത്ത കണ്ണുകള്‍.തിരമാലകള്‍ക്ക് മുകളിലൂടെ നടന്നു വരികയാണ്.
"അച്ഛനെന്തിനാണ് വിഷമിക്കുന്നത്?അമ്പതു കൊല്ലം കൊണ്ട് അച്ഛന്‍ അനുഭവിച്ചറിഞ്ഞതെല്ലാം ഇരുപതാം വയസ്സില്‍ ഞാന്‍ അനുഭവിച്ചു.എന്തിനാണ് അധികം കൊല്ലങ്ങള്‍?ജീവിതം വളരെ വേഗത്തിലാണ്.ഞങ്ങളുടെ തലമുറ മുപ്പതു കൊല്ലത്തിനപ്പുറത്തേക്ക് പോകില്ല.അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ആശയ വിനിമിയതിനുള്ള ഉപാധികള്‍ മാത്രം.അതുകൊണ്ട് അച്ഛന്‍ തിരികെ ചെന്ന് അമ്മയെ ആശ്വസിപ്പിക്കൂ..അമ്മമാര്‍ കരയാനുള്ളതാണ്.മക്കള്‍ കരയിപ്പിക്കുവാനും......"
"മോനേ,ലാലു..." വലിയ ഒരു തിരമാല ലാലുവിനെ വിഴുങ്ങുന്നത് വാമദേവന്‍ കണ്ടു.ഇനിയും എന്തൊക്കെയോ അവനു പറയാനുള്ളത് പോലെ വാമദേവന് തോന്നി.
അയാള്‍ എഴുന്നേറ്റ് കടലിലേക്ക്‌ ഓടി.
"വാമദേവന്‍ സാറേ," സുഭാഷ്‌ നീട്ടി വിളിച്ചു.മിത്രന്‍ അയാളുടെ പുറകെ ഓടി.
"അവന്‍ മരിച്ചിട്ടില്ല,മിത്രാ..ഞാന്‍ അവനെ കണ്ടു.ദാ..ഇപ്പോള്‍ അവന്‍ എന്നോട് സംസാരിച്ചു."
വാമദേവന്‍ മിത്രന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.
അപ്പോള്‍ കടപ്പുറത്ത് ഒരാരവം ഉയര്‍ന്നു.ബീച്ച് ഫെസ്റ്റ് ഉത്ഘാടനം ചെയ്യുവാന്‍ മലയാളത്തിലെ പ്രമുഖ യുവസിനിമാ താരം എത്തിച്ചേര്‍ന്നതായിരുന്നു.





Wednesday, 28 January 2015

അധികാരി (കഥ)

"നിര്‍മ്മലക്ക് വയ്യെങ്കില്‍ ഈ ജോലി ഒഴിഞ്ഞു പോയ്ക്കൂടെ?"ഒട്ടും പ്രതീക്ഷിക്കാതെയുള്ള തഹസില്‍ദാരുടെ പ്രതികരണം കേട്ട് നിര്‍മ്മല അമ്പരന്നു.
"വയ്യന്ന്‍ പറഞ്ഞില്ല സര്‍.പക്ഷേ പ്രാക്ടിക്കല്‍ ആയുള്ള ബുദ്ധിമുട്ട്....?"
"നോ എനിക്കൊന്നും കേള്‍ക്കണ്ട."
തഹസില്‍ദാരുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നിര്‍മ്മല ചിന്തിച്ചിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ചായിരുന്നു.എത്ര നിസ്സാരമായാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത്.ഇതൊക്കെ കഴിഞ്ഞാണ് അദ്ദേഹവും ഇന്ന് ഈ കസാരയില്‍ ഇരിക്കുന്നത് എന്ന ഒരു വിചാരവും ഇല്ല.താന്‍ അനുഭവിച്ചത് മറ്റുള്ളവരും അനുഭവിക്കണമെന്ന ക്രൂര മനോഭാവം.
ജോലി രാജി വച്ചാലോ?
കഷ്ടപ്പെട്ട് പഠിച്ച്,മത്സര പരീക്ഷകള്‍ എഴുതി വിവാഹ മാര്‍ക്കെറ്റില്‍ സ്ത്രീധന തുക കുറയ്ക്കാന്‍ സഹായിച്ച ഈ ജോലി രാജി വെക്കാനോ?
നിര്‍മ്മല നേരേ പോയത് ക്യാമ്പിലേക്കാണ്.കടല്‍ വെള്ളം കയറിയ നാലു കുടുംബങ്ങളെയാണ് സ്ക്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.റേഷന്
‍ കാര്‍ഡ് നോക്കി അവരുടെ വിവരങ്ങള്‍ എഴുതിയെടുത്തു.ആറു മണി കഴിഞ്ഞു.സ്ട്രീറ്റ് വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി.
സ്ക്കൂട്ടെര്‍ സ്റ്റാന്‍ഡില്‍ വെച്ച് പലചരക്ക് കടയിലേക്ക് കയറി.
"സുദേവാ,ആറു കുടുംബങ്ങള്‍ക്കും അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കൊടുക്കണം."
സുദേവന്റെ മുഖം തെളിഞ്ഞില്ല.അയാള്‍ നിര്‍മ്മലയെ ശ്രദ്ധിക്കാതെ കടയില്‍ പൈസ ഇല്ലാതെ വന്ന് മിട്ടായി ചോദിച്ച പയ്യനെ ചീത്ത വിളിച്ചു.
"മാഡം,ഈ കൊല്ലം തന്നെ പറ്റുതീര്‍ക്കണം.കടയില്‍ സാധനങ്ങള്‍ കുറവാണ്."
നിര്‍മ്മല ആയിരം രൂപയെടുത്ത്‌ അയാള്‍ക്ക്‌ നീട്ടി.
"നിന്റെ കണക്ക് ഞാന്‍ തീര്‍ക്കമെടോ.നീ സാധനങ്ങള്‍ കൊട് സുദേവാ."
നിര്‍മ്മല വീട്ടില്‍ വന്ന് കയറുമ്പോള്‍ അനിരുദ്ധന്റെ മുഖം വീര്‍ത്ത് കെട്ടിയിരുന്നു.
"നേരമെത്രയായി എന്നറിയോ?"
ഭര്‍ത്താവിന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അയാളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു.
"നേരം നോക്കി ചെയ്യാവുന്ന ജോലിയല്ല ഒരു വില്ലേജ് ഒഫീസരുടെത്."
അനിരുദ്ധന് ദേക്ഷ്യം വന്നെങ്കിലും ഭാര്യയെ സ്നേഹിക്കുന്ന അയാള്‍ നിര്‍മ്മലെയെ തുറിച്ചു നോക്കി അകത്തേക്ക് വലിഞ്ഞു.
"ഉണ്ണികുട്ടന്‍ സ്ക്കൂളീന്നു വന്നിട്ട് ഒന്നും കഴിച്ചിട്ടില്ല." അയാളുടെ അമ്മയാണ് സംസാരിച്ചത്."അതെങ്ങനെ കുട്ടിയുടെ കാര്യത്തില്‍ വല്ല ശ്രദ്ധയുണ്ടോ?അവള്‍ക്കവളുടെ ഉദ്യോഗം അല്ലേ വലുത്."
നിര്‍മ്മല മകനെ വിളിച്ചുണര്‍ത്തി.ബ്രെഡ്‌ കോഴിമുട്ടയില്‍ മുക്കി പൊരിച്ചു കൊടുത്തു.ഭര്‍ത്താവിനും അമ്മയ്ക്കും പാലോഴിച്ച ചായ അനത്തി കൊടുത്തു.അത്താഴത്തിനു കഞ്ഞിയും പയറും തയ്യാറാക്കി.

അതിനു ശേഷം ലാപ്ടോപ് തുറന്നു.പതിമൂന്ന് ജാതി സര്‍ട്ടിഫിക്കറ്റും,പത്ത് വരുമാനത്തിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ വന്ന് കിടപ്പുണ്ട്.ഈശ്വരനെ ധ്യാനിച്ച് ആപത്തൊന്നും വരുത്തല്ലേ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ച് ഓരോന്നായി തുറന്നു.അപേക്ഷകള്‍ മുഴുവനായും ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ അന്വേക്ഷണങ്ങള്‍ മരവിച്ചിരിക്കുകയാണ്.അപേക്ഷകനെ പോലും നേരില്‍ കാണാത്ത സ്ഥിതിയാണ്.അപേക്ഷകനെ അഫീസിലേക്ക് വിളിച്ച് വരുത്തരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.അധികം വൈകാതെ വീട്ടില്‍ കൊണ്ടുപോയികൊടുക്കണ കാലവും വരും.അതിനു മുന്‍പ് പെന്‍ഷന്‍ പറ്റിയാല്‍ മതിയായിരുന്നു.ഇതൊക്കെ ഈ വകുപ്പില്‍ അല്ലാതെ വേറെ എവിടെ നടക്കും.എല്ലാം അപ്രൂവല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മണി പന്ത്രണ്ട്.
അനിരുദ്ധന്റെ കൂര്‍ക്കം വലി കേട്ടാണ് നിര്‍മ്മല ലാപ്ടോപ് അടച്ചുവച്ചത്.

രാവിലെ ക്യാമ്പില്‍ കയറി അഭയാര്‍ഥികളുടെ സുഖവിവരം അന്വേഷിച്ചതിന് ശേഷമാണ് ഓഫീസില്‍ ചെന്നത്.തന്‍റെ കസാരയില്‍ കയറി മറ്റൊരാള്‍ ഇരിക്കുന്നു.രണ്ടുപേര്‍ വേറെയും ഉണ്ട്."ജമബന്തിയാണ്"വില്ലേജ് അസ്സിറ്റന്റ് രമേഷ് പറഞ്ഞു
റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് രണ്ടായിരത്തി പത്തിലെ കണക്കും കാര്യങ്ങളും നോക്കാന്‍ വന്നിരിക്കുകയാണ്.അതിന്റെ പേരാണ് ജമാബന്തി.അന്നേരം ആരായിരുന്നുവോ വില്ലേജ് ഓഫീസര്‍?ആ?...

രമേഷും വില്ലേജ്മാനും ഏതെക്കൊയോ രെജിസ്റെരുകളും പുസ്തകങ്ങളും എടുത്തു കൊടുത്തു.സൂപ്രണ്ട് മറ്റൊരു രെജിസ്റ്റെര്‍ ആവശ്യപെട്ടു.രമേഷ് നിര്‍മ്മലെയെ നോക്കി.
"അതിവിടില്ല സര്‍.ആരും സൂക്ഷിക്കാറില്ല."
"നോക്കൂ,നിര്‍മ്മല.മറ്റുള്ളടിത്തെ കാര്യമല്ല ഞാന്‍ ചോദിച്ചത്.ഇവിടയൂണ്ടോ എന്നാണ് ?" സൂപ്രണ്ട് ചൂടായി."നിങ്ങള്‍ക്ക് ജോലിയില്‍ ഒരു ഉത്തരവാദിത്വവും ഇല്ല.ഇങ്ങനെ അലംഭാവം കാണിക്കരുത്.
നിര്‍മ്മലയുടെ ഫോണ്‍ ശബ്ദിച്ചു.
"ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്.നേരത്തേ വരണം." അനിരുദ്ധന്‍ പറഞ്ഞു.
"ഞാന്‍ വിളിക്കാം."നിര്‍മ്മല ഫോണ്‍ കട്ട്‌ ചെയ്തു."സര്‍,ഇതെന്റെ കാലത്തല്ല.ഞാന്‍ ചാര്‍ജ്ജു എടുത്തിട്ട് എട്ടു മാസമായിട്ടുള്ളൂ....."
പറഞ്ഞു തീരുംമുന്‍പേ മെമ്പര്‍ കരുണന്‍ വന്നു.
"മാഡം,കടല്‍ നല്ല കയറ്റമാണ്.കുറച്ചു കാലി ചാക്കെങ്കിലും സംഘടിപ്പിക്കണം."
രമേഷിനെയും കൂട്ടി നിര്‍മ്മല ഓട്ടോയില്‍ പുറപ്പെട്ടു.സൂപ്രണ്ടിന്റെ മുഖം വലിഞ്ഞു മുറുകി.
കടപ്പുറത്ത് വളം കച്ചവടം നടത്തുന്ന ഒരു മാപ്പിള അഞ്ഞൂറ് ചാക്കുകള്‍ കൊടുക്കാമെന്നെറ്റു,കാശ് റൊക്കം കൊടുക്കണം.വൈകുന്നേരം എ.ടി.എം ഇല്‍ നിന്ന് എടുത്ത് താരമെന്ന വ്യവസ്ഥയില്‍ രമേഷിനെ കൊണ്ട് നിര്‍മ്മല പണം കൊടുപ്പിച്ചു.ചാക്കുകള്‍ കയറ്റിയ ആപ്പയും മായി കരുണന്‍ മെമ്പര്‍ പോയി.അതിന്റെ ക്രെഡിറ്റ്‌ അയാള്‍ക്ക്‌.അടുത്ത തെരെഞ്ഞുടുപ്പില്‍ കരുണന് ജയം ഉറപ്പ്.
തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ പരിശോധന മതിയാക്കി ജമാബന്തിക്കാര്‍ പോയിരുന്നു.നിര്‍മ്മലയെ തൂക്കി കൊല്ലാനുള്ള കടലാസ് പിന്നാലെ അയക്കാമെന്ന് സൂപ്രണ്ട് പറഞ്ഞത്രെ!

കസാരയില്‍ ഇരുന്ന് നടുവിവര്‍ത്തിയപ്പോള്‍ താലൂക്കില്‍ നിന്ന് കെട്ടിട നികുതി സൂപ്രണ്ട് മൊബൈലില്‍ വിളിച്ചു.ഓരോ മാസവും പത്ത് കെട്ടിടം വീതം ആണ് നികുതിക്ക് ബുക്ക്‌ ചെയ്യേണ്ടത്.ഈ മാസം മൂന്നേ കൊടുത്തിട്ടുള്ളൂ.ഈ കടപ്പുറത്ത് എവിടെയാണ് ആയിരം സ്കയര്‍ ഫീറ്റുള്ള വീടുകള്‍.ഇനി വീട് കെട്ടുന്നവര്‍ക്കോ മണല്‍ കിട്ടാനില്ല.മണലില്ലാതെ അവരെങ്ങിനെ വീടുകള്‍ പണിയും?അവിടെ കിടന്ന് അടിക്കട്ടെ.രണ്ടു മൂന്ന് പ്രാവശ്യം ഗുരുവായുരപ്പന്റെ പാട്ട് പാടി നിര്‍മ്മലയുടെ മൊബൈല്‍ ചത്തു.

"മാഡം,ഈ ആഴ്ചയാണ് സുഭാഷിണിയുടെ വീടിന്‍റെ ജപ്തി."രമേഷ് നിര്‍മ്മലയെ ഓര്‍മ്മിപ്പിച്ചു.
സുഭാഷിണി വിധവയാണ്.അവളുടെ ഭര്‍ത്താവ് മദ്യ വ്യവസായത്തിന് ബിനാമിയായി ഇരുപത് സെന്റ്‌ സ്ഥലം കാണിച്ച് സോല്‍വന്‍സി സര്ട്ടിഫിക്കട്ട് എടുത്തിരുന്നു.അയാള്‍ കഴിഞ്ഞ കൊല്ലം മരിച്ചു.മരിക്കുന്നത് വരെ എങ്ങനയോക്കയോ വീടും സ്ഥലവും ജപ്തിയില്‍ നിന്ന് ഒഴിവായിരുന്നു.ഇപ്പോള്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കുവാന്‍ ആരും ഇല്ല.
"അന്ന് ഞാന്‍ ലീവെടുക്കും.സുമേഷ് വേണം ജപ്തി നടത്തുവാന്‍."
നിര്‍മ്മല ആ ദ്രോഹം സുമേഷിന്റെ ചുമലിലേക്ക് വച്ചു കൊടുത്തു.
സുഭാഷിണിയുടെയും മകളുടെയും സങ്കടം കണ്ടുനില്‍ക്കുവാനുള്ള ശേഷി നിര്‍മ്മലക്കില്ല.സുഭാഷിണിയും,അവളുടെ പ്രായമായ മകളും എവിടേക്ക് പോകും?
വഴിയില്‍ വച്ച് കുമാരനെ വീണ്ടും കണ്ടു.
"മോളെ,പാണ്ഡവപുരം വില്ലേജില്‍ ചെന്നപ്പോള്‍ അധികാരി ഇല്ല.ഇതിപ്പോള്‍ മൂന്നാമത്തെ പോക്കാണ് എന്റെ വീടിന്‍റെ കാര്യം.?"കുമാരന്‍ കരച്ചിലിന്‍റെ വക്കിലെത്തി.
കുമാരന്‍ അറുപത് കൊല്ലമായി ഇവിടെ താമസിക്കുന്നു.ഹരിജനായ അയാളുടെ ജാതിയില്‍ നിര്‍മ്മലക്ക് സംശയമില്ല.പക്ഷേ അയാള്‍ ജനിച്ചു വളര്‍ന്ന പാണ്ഡവപുരം വില്ലേജഫീസുരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ തസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റു നല്‍കുകയുള്ളൂ.അതാണ്‌ നിയമം.രണ്ടു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റു കിട്ടിയിലെങ്കില്‍ അയാള്‍ക്ക്‌ പഞ്ചായത്തില്‍ നിന്നുള്ള വീട് നഷ്ടമാകും.
"കുമാരേട്ടന്‍,നാളെ ഓഫീസിലേക്ക് വാ റിപ്പോര്‍ട്ട്‌ മാറ്റി തരാം." നിര്‍മ്മല പല തവണയായി ഇത്തരം കുമാരന്മാര്‍ക്കു വേണ്ടി സര്‍ക്കാര്‍ നിയമം തെറ്റിക്കുന്നു.
ചിറ്റപ്പാ,"നിര്‍മ്മല ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു.അവളുടെ വിളികേട്ട് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഇറങ്ങിയ അവളുടെ ചിറ്റപ്പന്‍ തിരക്കിട്ട് ഓട്ടോക്ക് അടുത്തേക്ക് വന്നു.
"നീ ഇത് എവിടെയാണ് നിര്‍മ്മലേ,ഓഫീസിലും വീട്ടിലും ചെന്നാല്‍ കാണില്ല.ഫോണ്‍ വിളിച്ചാല്‍ എടുക്കുകയും ഇല്ല.അനിത പ്രസവിച്ചു.പെണ്‍കുഞ്ഞ്.കല്യാണത്തിനോ നീ വന്നില്ല.കുഞ്ഞിനെ കാണാന്‍ എങ്കിലും വരണം."ചിറ്റപ്പന്റെ സ്വരം മാറുന്നത് നിര്‍മ്മല അറിഞ്ഞു."ഞാനും ഈ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ആളാ.എന്തൂട്ടാ..ഇത്ര തിരക്ക്?ഒന്നും മറക്കരുത് മോളേ..."
"ഞാന്‍ വരാം ചിറ്റപ്പാ,നാളെ അനിതയെയും കുഞ്ഞിനേയും കണ്ടോളാം."വണ്ടി വിടാന്‍ ഓട്ടോക്കാരനോട് ആംഗ്യം കാണിച്ചു.കുറെ നാളെത്തി ചിറ്റപ്പനെ കണ്ടതാണ്.ആ സന്തോഷത്തിന് അറിയാതെ വിളിച്ചു നിര്‍ത്തിയതാണ്.അതിപ്പോ ഇങ്ങനെയും ആയി.എന്തായാലും നാളെ ഹോസ്പിറ്റല്‍ വരെ പോകണം.


ഇത്തവണ നിര്‍മ്മല വീട്ടില്‍ ചെന്ന് കയറുമ്പോള്‍ അനിരുദ്ധന്‍ പൂമുഖത്തുണ്ടായിരുന്നില്ല.എട്ടു മണി കഴിഞ്ഞു കാണും.അയാള്‍ മകനെയും പൊത്തിപ്പിടിച്ച് കിടക്കുകയായിരുന്നു.അയാള്‍ കൊടുത്ത പുതിയ ഡ്രസ്സ്‌ ധരിച്ചാണ് കുട്ടി കിടന്നിരുന്നത്.
നിര്‍മ്മല തന്‍റെ ശൂന്യമായ കൈകകളിലേക്ക് നോക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു.
വിളിക്കാമെന്ന് പറഞ്ഞിട്ട് അനിരുദ്ധനെ തിരിച്ച് വിളിച്ചില്ല.നേരത്തേ വന്നില്ല.പിറന്നാളിന് ഒരു സമ്മാനവും താന്‍ വാങ്ങിയില്ല.
അവള്‍ കുട്ടിയുടെ അരികില്‍ ഇരുന്ന് വിതുമ്പി കരഞ്ഞു.അനിരുദ്ധനോ,അയാളുടെ അമ്മയോ ഒന്നും പറഞ്ഞില്ല.നിര്‍മ്മലയുടെ തേങ്ങല്‍ തീന്‍മേശയിലേക്കും നീണ്ടു.
അന്ന് രാത്രി നിര്‍മ്മല ലാപ്ടോപ് തുറന്നില്ല.അവള്‍ ഭര്‍ത്താവിനെയും മകനെയും കെട്ടിപിടിച്ചു ഉറങ്ങാതെ കിടന്നു.അനിരുദ്ധന്റെ കൈകള്‍ അവളെ മെല്ലെ തലോടുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
"അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്.മോന്‍റെ സ്ക്കൂളില്‍ നിന്ന് ടി.സി തരാമെന്ന് ഏറ്റിട്ടുണ്ട്.ഇനി നീ കൂടി സമ്മതിച്ചാല്‍ മതി.മൂന്ന് വിസക്ക് എനിക്ക് ഒരു ക്ഷാമവും ഇല്ല.നിര്‍മ്മല നന്നായി ഒന്ന് ആലോചിക്ക്." അനിരുദ്ധന്‍ ലൈറ്റ് ഓഫ് ചെയ്തു.
പൊട്ടികരഞ്ഞുകൊണ്ട് നിര്‍മ്മല അനിരുദ്ധന്റെ മാറിലേക്ക്‌ ചാഞ്ഞു.

അന്നേരം ആര്‍ത്തിരമ്പി വരുന്ന നീലക്കടലും,തസില്‍ദാരുടെ ആക്രോശവും,സുഭാഷിണിയുടെയും അവളുടെ മകളുടെയും അലമുറയിട്ട കരച്ചിലും നിര്‍മ്മലയുടെ ഹ്രദയ ഭിത്തികളില്‍ തള്ളി കയറുകയായിരുന്നു.
തവളച്ചാട്ടം(കഥ)

"കുട്ടിയോട് ചോദിക്കൂ ഇന്‍സ്പെക്ടര്‍,അയാളെന്താണ് ചെയ്തതതെന്ന്?"
അമ്മയുടെ വാക്കുകള്‍ കേട്ട് പെണ്‍കുട്ടി പരിഭ്രമിച്ചു.എത്ര വട്ടം അമ്മയോട് പറഞ്ഞതാണ് വീണ.പി.എസ്.ന്‍റെ മുത്തശ്ശന്‍ തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്.തവളച്ചാട്ടം കളി പഠിപ്പിക്കാമോ എന്ന് ചോദിച്ചു.തവളച്ചാട്ടം  കളിക്കാന്‍ പാടില്ലാത്തതാണോ?അതുകൊണ്ടാണോ ഈ പോലീസ്കാര്‍ വന്നിരിക്കുന്നത്?അങ്ങനെയാണെങ്
കില്‍  വീണ.പി.എസ്നെയും അവളുടെ അപ്പുപ്പന്‍ തവളച്ചാട്ടം പഠിപ്പിച്ചിട്ടുണ്ട്.അവളെയും പോലിസ് ചോദ്യം ചെയ്യും.പറയണ്ട.പാവം അപ്പുപ്പന്‍.
അമ്മയാണ് ആദ്യം അപ്പുപ്പനെ അടിച്ചത്.പിന്നെയാണ് ആ തടിയന്മാര്‍ അപ്പുപ്പനെ മര്‍ദ്ദിച്ചത്.കറുത്ത് തടിച്ച മനുഷ്യന്‍ ചെരുപ്പിട്ട കാലുകൊണ്ട്‌ വീണുകിടന്നിരുന്ന അയാളുടെ നെഞ്ചിലാണ് ചവിട്ടിയത്.പാവത്തിന്റെ കരച്ചില്‍ എവിടെ കേള്‍ക്കാമായിരുന്നു.

വീടിലെത്തുന്നത് വരെ, മോളെ അയാള്‍ ഉപദ്രവിച്ചോ? എന്ന അമ്മയുടെ ചോദ്യത്തിന് ഇല്ലമ്മേ എന്ന് എത്ര വട്ടം മറുപടി പറഞ്ഞു!എന്നിട്ടും അമ്മ വിശ്വാസം വരാഞ്ഞ്‌ യുണിഫോം മുഴുവന്‍ അഴിച്ചു മാറ്റി മൂത്രം ഒഴിക്കുന്നിടവും,പുറകുവശവും വിശദമായി പരിശോധിച്ചു.ഹോസ്പിറ്റലില്‍ വച്ച് വയറു വീര്‍ത്ത ഒരു ആന്റിയെ ചെയ്തത് പോലെ.
സ്കൂള്‍ ബസ്സിറങ്ങി നേരെ ഓടികയറി അമ്മയുടെ പരിശോധന മുറിയിലേക്ക്.ലീന നേഴ്സ്നെ ഒരു പാട് ചീത്ത പറഞ്ഞു അമ്മ.
"എന്താ ലീനേ,പരിശോധനമുറിയിലേക്ക് കുട്ടിയെ കയറ്റി വിടരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?അവളെ നഴ്സിംഗ് റൂമില്‍ കൊണ്ടിരിത്തൂ."അന്ന് എല്‍.കെ.ജി ആയിരുന്നു.

അച്ഛനെ ഫോണ്‍ വിളിച്ചു വരുത്തി അമ്മ പറഞ്ഞു."ഭാഗ്യം വേറെ ഒന്നും സംഭവിച്ചിട്ടില്ല."
എനിക്ക് പുതിയ ഉടുപ്പ് ഉടുക്കാന്‍ തന്നതിന് ശേഷമാണ് പോലീസിന് ഫോണ്‍ ചെയ്തത്.അന്നേരം അമ്മ കരഞ്ഞിരിന്നു.
"മോള്‍ എല്ലാം ഈ മാമനോട് പറ"അച്ഛന്‍ പറഞ്ഞു.
"പറയൂ,കുട്ടിയെ അയാള്‍ എന്താണ് ചെയ്തത്?പേടിക്കണ്ട." പോലിസ് മാമന്‍ പറഞ്ഞു.
എല്ലാവരും ചോദിക്കുന്നത് ഇത് തന്നെയാണ്.വീണ.പി.എസ്.ന്‍റെ മുത്തശ്ശന്‍ എന്നെ എന്താ കാണിച്ചത് എന്ന്?അമ്മ,അച്ഛന്‍, ഇപ്പോള്‍ പോലീസും.
ശരിക്കും അയാളെയല്ലേ ഉപദ്രവിച്ചത്?ആ പാവം ജീവിച്ചിരിപ്പുണ്ടോ?ആവോ?
"കണ്ടോ ഇന്‍സ്പെക്ടര്‍,അവളുടെ സംസാരശേഷി തന്നെ ഇല്ലാതായിരിക്കുന്നു." അമ്മ കണ്ണ് തുടച്ചു.അച്ഛന്‍ അമ്മയെയും,ഇന്‍സ്പെക്ടര്‍യെയും മാറി മാറി നോക്കി.
"നിങ്ങളിങ്ങനെ ടെന്‍ഷന്‍ അടിക്കാതെ ഡോക്ടര്‍.കുട്ടി റെസ്റ്റ് എടുക്കട്ടെ.ഈ സുധീര്‍ ആളെങ്ങേനെ?"
"ആളൊരു പാവം.എന്റെ കാറ് പണിതത് അയാളാ.അതാ പരിചയം.പിന്നെ അടുത്ത് തന്നെയാ താമസം." അച്ഛന്‍ സുധീറന്കിളിന്റെ വീട് ചൂണ്ടി കാണിച്ചു.
സുധീറിന്റെ വീട് പൂട്ടി കിടക്കുകയാണെന്ന് ഒരു പോലീസ്കാരന്‍ വന്ന് പറഞ്ഞു.വര്‍ക്ക് ഷോപ്പില്‍ നിന്ന് അയാളുടെ മേല്‍വിലാസം ശേഖരിക്കുവാന്‍ ഇന്‍സ്പെക്ടര്‍ ഉടനെ അയാളെ പറഞ്ഞയച്ചു.
വീണ.പി.എസ്.ന്‍റെ  അച്ഛന്‍ നല്ല മനുഷ്യനാണ്.എന്നും രാവിലെ ബൈക്കില്‍ അവളെ സ്കൂളില്‍ കൊണ്ടുവിടും.വൈകുന്നേരം സ്കൂള്‍ ബസ്സിലാണ് അവള്‍ വരുന്നത്.കുറച്ചു നാള്‍ മുന്‍പ് വരെ ബസ്സില്‍ അഭിരാമിയുടെ അടുത്താണ് അവള്‍ ഇരുന്നിരുന്നത്.അഭിരാമിയും അവളും രണ്ട് ബി യിലാണ്.ഞാന്‍ എ യിലും.
അമ്മയെന്നെ സുധീര്‍ അങ്കിളിന്റെ വീട്ടില്‍ ആക്കിയതിന് ശേഷമാണ് ഞാന്‍ വീണയു മായി കൂട്ടുകൂടുകയും,ഒരുമിച്ചിരിക്കുവാനും തുടങ്ങിയത്.
അങ്ങനെയാണ് തവളച്ചാട്ടം കളിയെ കുറിച്ച് അറിയുവാന്‍ ഇടയായത്.പിന്നെയും കുറെ കാര്യങ്ങള്‍ അറിഞ്ഞു.അവളുടെ അമ്മയും,അച്ഛനും ഒളിച്ചോടി കല്യാണം കഴിച്ചതാണ്.അതുകൊണ്ട് അപ്പുപ്പന് സുധീര്‍ അങ്കിളിനെ ഇപ്പോഴും ഇഷ്ടമല്ല.അവളുണ്ടായതിനു ശേഷമാണ് അപ്പുപ്പന്‍ അവളുടെ അമ്മയോട് വീണ്ടും സംസാരിക്കുവാന്‍ തുടങ്ങിയത്.വീണ.പി.എസ്.ന്‍റെ  അമ്മ അപ്പുപ്പന്റെ ഏക മകളായിരുന്നു.അതുകൊണ്ട്  അപ്പുപ്പന് അമ്മയെ ഭയങ്കര ഇഷ്ടമായിരുന്നു.സുധീര്‍ അങ്കിളിന് ആരും ഇല്ലായിരുന്നു.
അപ്പുപ്പന്‍ എല്ലാ വീക്ക് ഏന്‍ഡ്ലും വീണയെയും,അമ്മയെയും കാണുവാന്‍ വരും.സുധീര്‍ അങ്കിള്‍ വര്‍ക്ക് ഷോപ്പ് പൂട്ടി വരുമ്പോള്‍ രാത്രിയാകും,അപ്പോഴേക്കും അപ്പുപ്പന്‍ പോകും.അപ്പുപ്പന്റെ കയ്യില്‍ നിറയെ മധുര പലഹാരങ്ങളും,ചിലപ്പോള്‍ കളിപ്പാട്ടങ്ങളും ഉണ്ടാകുമെത്രെ!(എന്നാലും എന്റെ അത്രെയും ഇല്ലാട്ടോ).അപ്പോഴൊക്കെ വീണ.പി.എസ്.ന്‍റെ അമ്മ വഴക്ക് പറയും.
"അച്ഛനെന്തിനാ ഇങ്ങനെ കാശ് ചിലവാക്കുന്നത്?മരുന്ന് വാങ്ങാന്‍ തന്നെ നല്ലൊരു കാശ് വേണ്ടേ?"
'നീ പോടീ' യെന്നു അമ്മയെ ചീത്ത വിളിച്ച് അപ്പുപ്പന്‍ വീണയെ കോരിയെടുക്കും.
അപ്പുപ്പന് കുറെ അസുഖങ്ങളുണ്ട്.മധുരമില്ലാത്ത ചായെയേ കുടിക്കൂ,കോഴിയിറച്ചി കഴിക്കില്ല,മുട്ട പുഴുങ്ങിയത് തിന്നില്ല.ഇതെല്ലാം  അവള്‍ പറഞ്ഞതാണ്.ഞാന്‍ ഇത് വരെ അപ്പുപ്പനെ  കണ്ടിട്ടില്ലായിരുന്നു.
അപ്പുപ്പന്‍ വന്നു പോകുന്ന പിറ്റേന്നു വീണ.പി.എസ്.തവളച്ചാട്ടം കളിയെ കുറിച്ച് മാത്രമേ സംസാരിക്കൂ.ബസ്സില്‍ ആരും അക്കളി കളിച്ചിട്ടില്ല.അപ്പുപ്പന് ഒരുപാട് കളികള്‍ അറിയാം.ആനകളി,പുലികളി,കണ്ണാരം പൊത്തിക്കളി,അങ്ങനെ കുറെ.എന്നാലും അവള്‍ക്ക് ഏറെ ഇഷ്ടം തവളചാട്ടമാണ്.
അപ്പുപ്പന്‍ മലര്‍ന്ന് കിടക്കും.കാലിന്റെ മുട്ട് രണ്ടും നെഞ്ചിനോപ്പം പൊക്കി,കാല്‍പാദത്തില്‍ അവളെയും കയറ്റിയിരുത്തി മേലോട്ട് ഒറ്റ പൊക്ക്.വിമാനം പൊങ്ങുന്നത്പോലെയാണ്.എന്ത് രസമാണന്നോ?
കൈ രണ്ടും അപ്പുപ്പന്‍ പിടിച്ചിട്ടുണ്ടാകും.കൈ വിടരുത്.കൈ വിട്ടാല്‍....ഒന്ന് രണ്ട് തവണ അവള്‍ വീണിട്ടുണ്ടത്രെ.അമ്മ ദേഷ്യപ്പെട്ടു.ഇനി ഇക്കളി വേണ്ടാന്ന്.എന്നാലും അമ്മ കാണാണ്ട് അവളും അപ്പുപ്പനും തവളച്ചാട്ടം കളിക്കാറുണ്ട്.

കേട്ടപ്പോള്‍ മുതല്‍ കൊതിയാണ്,തവളച്ചാട്ടം കളിക്കുവാന്‍.അച്ഛന് അറിയില്ല.വീട്ടിലെ പണിക്കാരത്തി ലീലാചോത്തിയോട് ചോദിച്ചു.അവര്‍ക്കും അറിയില്ല.അച്ഛന്‍ കമ്പ്യൂട്ടറില്‍ മിക്കി മൗസ് വച്ചു തന്നു.ലീല ചോത്തി തലപ്പന്ത് ഉണ്ടാക്കി തന്നു.
കഴിഞ്ഞ മാസം ലീലചോത്തിയുടെ മകന്‍ ഗള്‍ഫീന്ന് വന്നു.അവര്‍ വീട്ടിലെ പണിയും നിര്‍ത്തിപോയി.അപ്പോഴാണ് അച്ഛന്‍ സുധീര്‍ അങ്കിളുമായി സംസാരിച്ചത്.
"സുധീറേ,ഞാനോ,ഡോക്ടറോ വരുന്നത് വരെ സ്കൂള്‍ കഴിഞ്ഞാല്‍ മോള് വീണയുടെ കൂടെ വീട്ടില്‍ നില്‍ക്കുന്നതില്‍ എന്തെങ്കിലും വിരോധം...."
"എന്ത് വിരോധം?വക്കീലേ?"
അവളുടെ അമ്മക്ക് വിരോധം ഉണ്ടായിരുന്നുവെന്ന് തോന്നിയട്ടുണ്ട്.കാരണം ചില ദിവസങ്ങളില്‍ അമ്മ ഹോസ്പിറ്റലില്‍ നിന്ന് വരുമ്പോള്‍ ആറു മണി കഴിയും.അച്ഛന്‍ രാത്രിയിലാണ് വരവ്.അച്ഛന്റെ അടുത്ത് കിടക്കുമ്പോള്‍ വാടിയ റോസപൂവിന്റെ മണമാണ്.സുധീര്‍ അന്കിളിനു അങ്ങനെയൊരു മണമില്ലെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.


ഇന്ന് വീണ സ്കൂളില്‍ വന്നില്ല.വൈകീട്ട് ബസ്സിലും ഉണ്ടായില്ല.അവളുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു.മുന്‍വശത്തെ ചായ്പ്പിന്റെ വാതില്‍ പൂട്ടിയിട്ടില്ല.വെറുതെ ചാരിയിട്ടേയുള്ളൂ.ഒന്ന് തള്ളിയപ്പോള്‍ തുറന്നു.അവിടെയാണ് സ്കൂള്‍ വിട്ട് വന്നാല്‍ ഞങ്ങള്‍ കളിക്കുന്നത്.സ്കൂള്‍ ഭാഗ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് മുന്‍വശത്തെ വരാന്തയില്‍ അവളെയും നോക്കി ഇരിക്കുകയായിരുന്നു.
"വീണമോളന്തിയേ കുട്ട്യേ?.ആരുമില്ലേ ഇവിടെ?"
അപ്പുപ്പന്‍.
അവളുടെ അപ്പുപ്പന്‍ വരുന്ന ദിവസമാണ്.
"കണ്ടില്ല അപ്പുപ്പാ,ഞാനും നോക്കിയിരിക്കുകയാ."
കയ്യിലെ വലിയ പൊതി ടേബിളില്‍ വച്ച് അപ്പുപ്പന്‍ കസാല വലിച്ചിട്ട് ഇരുന്നു.
"ഡോക്ടരമ്മയുടെ കുട്ടിയാ?"
"ഉം"
പിന്നെയൊന്നും ചോദിച്ചില്ല,അപ്പുപ്പന്‍ ചായ്പ്പില്‍ കയറി സിമന്റ്‌ തറയില്‍ പുല്ലുപായ നിവര്‍ത്തി മലര്‍ന്നു കിടന്നു. ആ കിടപ്പ് കണ്ടപ്പോഴാണ് ആ ആഗ്രഹം തോന്നിയത്.നശിച്ച എന്റെയൊരു ആഗ്രഹം.ചോദിച്ചാലോ?അല്ലെങ്കില്‍ വേണ്ട.വീണ വരട്ടെ.അപ്പുപ്പന് ഇഷ്ടമായില്ലെങ്കിലോ?അവള്‍ പറഞ്ഞാല്‍ അപ്പുപ്പന്‍ സമ്മതിക്കും.അവള്‍ ഒരിക്കല്‍ വാക്ക് തന്നിട്ടുള്ളതാണ്.
കുറെ നേരം കഴിഞ്ഞിട്ടും അവള്‍ വന്നില്ല.ഇന്നലെ തല വേദനിക്കുന്നു എന്ന് അവള്‍ പറഞ്ഞിരുന്നു.പനി പിടിച്ചോ?എങ്കില്‍ ആശുപത്രിയില്‍ നിന്ന് വരാന്‍ വൈകും.
അപ്പുപ്പന്‍ അപ്പോഴേക്കും പോയാലോ
"അപ്പുപ്പാ?"
"എന്താ മോളേ?"
"എന്നെ തവളച്ചാട്ടം പഠിപ്പിക്കുവോ?"

അപ്പുപ്പന്‍ നേരെ കിടന്നു.കാല് രണ്ടും മേലോട്ട് ഉയര്‍ത്തി.കാല്‍പാദത്തില്‍ കയറിയിരിക്കുവാന്‍ ആംഗ്യം കാണിച്ചു.കാല് മേലോട്ട് പൊക്കുമ്പോള്‍ നല്ലവണ്ണം അപ്പുപ്പന്റെ കയ്യില്‍ മുറുകെ പിടിക്കണമെന്ന് പറഞ്ഞു.ഞാനങ്ങനെ തന്നെ ചെയ്തു.വിമാനം പറക്കുന്നത് കാണാന്‍ കൊതിയായി.കാലുകള്‍ രണ്ടും തവള ഇരിക്കുന്നത് പോലെ കവച്ചുവെച്ചപ്പോള്‍ ചെറുതായൊന്നു വേദനിച്ചു.
"വന്‍,ടൂ,ത്രീ.."
അപ്പുപ്പന്‍ കാല് രണ്ടും കൂട്ടിപിടിച്ച്‌ മേലോട്ട് ഒറ്റ പൊക്ക്.അപ്പുപ്പന്റെ കൈ കിട്ടിയില്ല.
കമിഴ്ന്നു അടിച്ച് ഞാന്‍ അപ്പുപ്പന്റെ ശുഷ്കിച്ച നെഞ്ചിലേക്ക് വീണു.'അയ്യോ' എന്ന് അപ്പുപ്പന്‍ ഒച്ചവെച്ചു.നല്ല വേദനയെടുത്തിട്ടുണ്ടാകും.
"ഹെന്റെ മോളേ....."അമ്മയുടെ വിളിയാണ് കേട്ടത്.അമ്മ എപ്പോള്‍ എത്തി?കാറിന്റെ ശബ്ദം കേട്ടില്ലല്ലോ.
അപ്പുപ്പന്റെ നെഞ്ചില്‍ നിന്ന് അമ്മ എന്നെ വലിച്ചെടുത്തു.അയാളെ പൊതിരെ അടിച്ചു.റോഡിലൂടെ പോയ രണ്ടു ചേട്ടന്മാരെ കൈകാണിച്ച് വിളിച്ച് അമ്മ അവരോട് എന്തോ പറഞ്ഞു.
"കള്ള കഴുവേറി കിളവാ,ഇത്തിരിയില്ലാത്ത ഈ കൊച്ചിനെ..."എന്നുപറഞ്ഞാണ് അവര്‍ അയാളെ മര്‍ദ്ദിച്ചത്.
ഞാനൊന്നും ചെയ്തില്ല,ഞാമ്പറയനത് കേള്‍ക്കൂ,എന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞ് പറയുന്നുണ്ടായിരുന്നു അപ്പുപ്പന്‍.

"എന്നെ ഒന്നും ചെയ്യല്ലേ"
"കണ്ടോ ഇന്‍സ്പെക്ടര്‍,എന്റെ മോള്" ഇത്തവണ പെണ്‍കുട്ടിയുടെ മുഖം കണ്ട് തളര്‍ന്നത് അച്ഛനാണ്.
"എന്നെ ഒന്നും ചെയ്യല്ലേ" ഇന്‍സ്പെക്ടറും  കേട്ടു.
"കുട്ടി മയക്കത്തിലാണ്.ഉറങ്ങട്ടെ."ഇന്‍സ്പെക്ടര്‍ പറഞ്ഞു.

സുധീറിന്റെ മേല്‍വിലാസം തേടി പോയ പോലീസുകാരന്‍ തിരിച്ചെത്തി.
"സുധീര്‍ അനാഥനാണ് സര്‍,അയാളുടെ ഭാര്യ പിതാവാണ് പ്രതി.അയാളുടെ വീട് കായംകുളമാണ്.പക്ഷേ..."
"എന്താണ് പക്ഷേ?"
"അയാള്‍,സര്‍ക്കാര്‍ ആശുപത്രിയില്‍ അവശനിലയില്‍ അട്മിട്റ്റ് ആണ്.ആളുകള്‍ ശരിക്ക് പെരുമാറിയട്ടുണ്ടെന്നു തോന്നുന്നു..സുധീറും അയാളുടെ ഭാര്യയും,മകളും അയാളുടെ അടുത്ത് ഹോസ്പിറ്റലില്‍ തന്നെയുണ്ട്‌."
ഇന്‍സ്പെക്ടര്‍ ജീപ്പിലേക്കു കയറി.ജീപ്പ് സര്‍ക്കാര്‍ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.

                                                                                             രചന ബിജുദാസ്
കളഞ്ഞുപോയത്(കഥ)


"സാറെ,എന്റെ തിരിച്ചറിയൽ കാർഡ് കളഞ്ഞു പോയി."
സുഹറയുടെ ഭർത്താവ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന ചോക്ലെട് നുണഞ്ഞ്,അവളുടെ തടിച്ചു കൊഴുത്ത ശരീരത്തെ സുധീർ എന്ത് ചെയ്തു എന്നറിയാനുള്ള ആകാംഷയിൽ അവളിലേക്ക്‌ തന്നെ നോക്കിയിരിക്കുമ്പോഴാണ് ആ വ്രദ്ധന്റെ ആഗമനം.
മുഷിഞ്ഞ ഒരു വരയൻ ഷർട്ടും,വെള്ള മുണ്ടുമാണ് വേഷം.നരച്ച നീണ്ട താടി.തലയിൽ പുറകു വശത്ത് മാത്രം അൽപം മുടിയുണ്ട്.
"ശനിയാഴ്ചയാണ് കാർന്നോരെ ഡുപ്ലികട്റ്റ് കൊടുക്കുനത്.അന്നേരംവാ"
ഒരു നിമിഷം വിശാസ്വം വരാതെ അയാൾ അൽപനേരം ജനലിനരികിൽ നിന്നു.പിന്നെ മുഖം വലിച്ചു.
"എന്നിട്ട് നീ പറ,സുഹറ കേൾക്കട്ടെ."
സുഹറ പറയാൻ വാ തുറന്നതും വീണ്ടും അയാൾ ജനലിക്കൽ പ്രത്യഷപെട്ടു.എന്റെയും സുഹറയുടെയും മുഖം ഒരുപോലെ മങ്ങി.
"എന്താ?'
"ഒരു ഫോറം ഉണ്ടെന്ന് മെമ്പർ പറഞ്ഞു." അയാൾ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു.
വർദ്ധിച്ചു വന്ന ദേക്ഷ്യം പുറത്തു കാണിക്കാതെ മേശപ്പുറത്ത് നിന്ന് ഫോറം നമ്പർ ഒന്ന് എടുത്ത് ജനലിലേക്ക് നീട്ടി.
സുഹറ പോകനെഴുന്നേറ്റു. വിദേശ മിട്ടായി വിതരണം ചെയുവാൻ വന്ന സുഹറയെ പിടിച്ചിരിത്തിയത് അവളുടെ വായിൽ നിന്ന് മധുരമൂറുന്ന എന്തെങ്കിലും കേൾക്കുനതിനാണ്.
"ഞാൻ പോട്ടേ,ഓമനക്കുട്ടൻ സാറെ,സീറ്റില് ഒത്തിരി പണിയുണ്ട്."
ഒരു വലിയ പ്രണയ കഥയുടെ എപ്പിസോഡ് അങ്ങനെ അവിടെ അവസാനിച്ചു,ഈ വൃദ്ധൻ കാരണം.എന്തന്നില്ലാത്ത നീരസവും വെറുപ്പും തോന്നി അയാളോട്.
സുഹറയോടപ്പം പുറത്തെക്കിറങ്ങുമ്പോൾ വരാന്തയിൽ അയാൾ.
"കാർന്നോര് പോയില്ലേ?"
"ഈ ഫോറം പൂരിപ്പിക്കുന്ന ആള്?"
"ആ കൊച്ച് ശനിയാഴ്ച ഉണ്ടാകും.പൂരിപ്പിച്ചു തരും.എന്തെങ്കിലും കൊടുത്താൽ മതി."
സുഹറയുടെ തടിച്ച ശരീരത്തിന് പുറകിൽ ഒരു കൊതുമ്പ് വള്ളം പോലെ അയാളും നടന്നകന്നു.

ശനിയാഴ്ച നല്ല തിരക്കായിരുന്നു.സൌമിനിയുടെ പക്ഷി കരയുന്ന മാതിരിയുള്ള ശബ്ദം ഉച്ചത്തിലാകുന്നത് കണ്ടാണ്‌ അങ്ങോട്ട്‌ ശ്രെധ കൊടുത്തത്.അയാളാണ്,ആ കാർന്നോർ.
ക്യു വിൽ നിൽക്കുന്നത് ഞാൻ കണ്ടതാണ്.പ്രായമായ ആളുകളെ ക്യുവിൽ നിർത്താതെ കമ്പ്യൂട്ടർ റൂമിലേക്ക്‌ കടത്തിവിടാറാണ് പതിവ്.ഇയളോടുള്ള ദേക്ഷ്യം തീർന്നിരുന്നില്ല.അയാളെ ഞാൻ വെറുക്കുന്നതിനു അയാളറിയാത്ത മറ്റൊരു കാരണം കൂടിയുണ്ട്.എന്നെ ഹൈസ്കൂളിൽ ഫിസിക്സ്‌ പഠിപ്പിച്ച ജബ്ബാർ മാസ്റ്റർ ഈ വൃദ്ധനെ പോലിരിക്കുന്നു.ഈ മാഷാണ് പുകവലിക്കാത്ത എന്നെ കീഴ്ചുണ്ട് കറുത്തതാകയാൽ ഒരു നല്ല വലിക്കാരനാക്കി ആക്ഷേപിച്ച്  ചെറുപ്പത്തിലെ എന്റെ മനസ്സിനെ മുറിവേൽപ്പിക്കുകയും,റൊറ്റെഷനിൽ മുൻ ബെഞ്ചിൽ വരുമ്പോൾ എന്റെ ചുണ്ട് പിടിച്ചു മലത്തുകയും ചെയ്ത് വേദനിപ്പിച്ചത്. കുളിക്കാത്ത ആ മാഷിനെ എനിക്ക് അറപ്പായിരുന്നു.

"ഓമനക്കുട്ടാ,നീ ഇന്ന് ഏത് സിഗരറ്റാടാ വലിച്ചത്?ചാർമിനറാ.."കുട്ടികൾ എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ സ്റെല്ലയുടെ എന്റെ നേരെയുള്ള നോട്ടം അസഹനീയമായിരുന്നു.അത് പോലെ സലാമിന്റെ 'ചാർമിനാറെ' എന്ന വിളിയും.
"വല്യച്ഛന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല.വെട്ടിപോയി.അതുകൊണ്ട് ഡുപ്ലികട്റ്റ് കിട്ടില്ല."സൗമിനി പറഞ്ഞു.സൗമിനി അങ്ങനെയാണ്.
 പ്രായമായ ആളുകളോട് ആ കുട്ടിക്ക് വലിയ ബഹുമാനമാണ്.ഇയാൾ ഏതു നിലക്കാണ് സൌമിനിയുടെ വലിയച്ചനായത് എന്നുമാത്രം ചോദിക്കരത്.
"ഈ സാറാണ് ശനിയാഴ്ച വരാൻ പറഞ്ഞത്."എന്നെ കണ്ടതും അയാളുടെ മുഖം വികസിച്ചു.
"അതെ,ഇപ്പോ എന്താ പ്രശനം?"
സൗമിനി കാര്യം പറഞ്ഞു."വോട്ടർ പട്ടികയിൽ പേരില്ല."
"വരൂ"
ഞാൻ അയാളെയും വിളിച്ച് എന്റെ സീറ്റിനടുത്തെക്ക് പോന്നു.
"എന്താ പേര്?"
"ഗോപാലൻ,മഠത്തിൽ ശങ്കരൻ മകൻ."
"കാർന്നോര് അടുത്തിടെ താമസം മാറുകയുണ്ടായോ?
"ഇല്ല."
ഞാൻ സിസ്റ്റം നോക്കി.പേര് സേർച്ച്‌ ചെയ്തു.ഡിലീറ്റ് ആണ് സ്റ്റാറ്റസ്.അതും മരണം.
"മഠത്തിൽ ശങ്കരൻ മകൻ ഗോപാലൻ അല്ലേ?"
"അതെ"
"കാർന്നോർ മരിച്ചു പോയല്ലോ"
വ്രദ്ധൻ ഞെട്ടി.അയാൾ തന്നെ തന്നെ ഒന്ന് തൊട്ടുനോക്കി,ജീവിച്ചിരിക്കുന്
നു എന്ന് ഉറപ്പുവരുത്താൻ.
"കമ്പ്യൂട്ടറിൽ കാണിക്കുന്നത് അങ്ങനെയാണ്.സാരമില്ല വഴിയുണ്ട്.രണ്ടാമത് ഓണ്‍ലൈൻ ചെയ്തു തരാം."

അയാൾക്ക് ആശ്വാസമായി.അപ്പോൾ തിരിച്ചറിയൽ കാർഡ്‌ കിട്ടും.എന്നിട്ട് വേണം മുടങ്ങിപോയ പെൻഷൻ വാങ്ങുവാൻ.
"അതയ് സർ,മോൻ നോക്കാണ്ട് ആയപ്പോൾ ഞാൻ കുറച്ചു നാൾ മകളുടെ വീട്ടിൽ നിന്നിരുന്നു.മരുമകൻ ഇറങ്ങാൻ പറഞ്ഞപ്പോൾ അവിടെന്നും പോന്നു.ഇപ്പോൾ വേറെ ഒരു കൂര വെച്ച് ഒറ്റക്കാണ് താമസം.അപ്പൊ മകൻ വെട്ടിയാതയിരിക്കണം." അയാളുടെ ശബ്ദം മരിച്ചിരുന്നു.
"അങ്ങനെ പറാ..അല്ലാതെ പേര് പോകില്ല.
ജീവിച്ചിരിക്കുന്ന ഗോപാലനെ കൊന്നു കളഞ്ഞ ബൂത്ത്‌ ലെവൽ ഓഫീസർ ആരാണെന്നു ഞാൻ സിസ്റ്റംത്തിൽ നോക്കി കൊണ്ടിരിക്കെ അയാളുടെ വെളിപ്പെടുത്തൽ ആ ഓഫീസറുടെ ജീവൻ രക്ഷിച്ചു.

"സാരമില്ല.സൗമിനി ഓണ്‍ലൈൻ ചെയ്തു തരും.വെയിറ്റ് ചെയൂ"
അയാൾ ഉച്ച വരെ വരാന്തയിൽ കാത്തിരുന്നു.എന്തായാലും തിരിച്ചറിയൽ കാർഡ് കിട്ടുമല്ലോ?അതുമതി.അയാൾക്ക് സമാധാനമായി.ഊണ് കഴിക്കുനതിനു തൊട്ടു മുൻപ് സൗമിനി മരിച്ച ഗോപാലനെ ജീവിപ്പിക്കാൻ ഇന്റർനെറ്റിൽ പ്രവേശിച്ചു.
"ഇനി ബി.എൽ.ഓ അന്വഷണത്തിന് രണ്ടാഴ്ച കഴിയുമ്പോൾ വല്യച്ഛന്റെ വീട്ടിൽ വരും.അന്നേരം ഒരു ഫോട്ടോ,പിന്നെ താമസിക്കുന്ന രേഖ എന്നിവ കൊടുക്കണം.വല്യച്ചൻ പൊക്കോ" സൗമിനി എഴുന്നേറ്റു.
"അപ്പോ,ഇപ്പോ കാർഡ് കിട്ടില്ലേ കുട്ടി.." കറുത്ത് കരുവാളിച്ച മുഖത്ത്  നിരാശ പടർന്നു.
"ഇല്ല,ബൂത്ത്‌ ലെവൽ ഓഫീസറുടെ റിപ്പോർട്ട്‌ കിട്ടണം.അതിനു അപേക്ഷ പ്രിന്റ്‌ എടുക്കണം.ഒരാഴ്ച ആകും."
അയാൾ വീണ്ടും എന്റെ അടുത്ത് വന്നു.
"സാറെ,മുടങ്ങി കിടക്കുന്ന പെൻഷൻ കിട്ടാനാണ്‌.കാടുകുറ്റിയിൽ നിന്നാണ് വരുന്നത്.പത്തു മുപ്പതു മൈൽ ദൂരം ഉണ്ട്.ഈ കിളവന് വേറെ ആരും ഇല്ല സഹായിക്കാൻ.മോന്റെ അച്ഛനെ പോലെ കരുതി എങ്ങെനെയെങ്കിലും ഇതൊന്നു ശരിയാക്കി തരണം.ഫീസ് ബാങ്കിൽ അടച്ചിട്ടുണ്ട്." അയാൾ ഷർട്ട്‌ന്റെ പോക്കറ്റിൽ നിന്ന് ട്രഷറി ചലാൻ തപ്പിയെടുത്തു.
"കാർന്നോരെ," ഞാൻ പറഞ്ഞു."ആ കുട്ടി പറഞ്ഞില്ലേ?,ഇതിനു ഒരു സമയവും കാലവും ഉണ്ട്.ബി .എൽ.ഓ യുടെ റിപ്പോർട്ട്‌ വരട്ടെ.വേണ്ടത് ചെയ്യാം.ഫീസടച്ച സ്ഥിതിക്ക് ബി .എൽ.ഓ തന്നെ കാർഡ്‌ കൊണ്ടുതരും.കാർന്നൊരു യാത്ര ചെയ്തു ബുദ്ധിമുട്ടണ്ട."
ഉച്ച ഭക്ഷണം കഴിക്കതതിനലാകണം അയാൾ നന്നേ ക്ഷീണിച്ചിരുന്നു.
"ഓമനക്കുട്ടൻ സാറിനെ തസിൽദർ വിളിക്കുന്നു."ഓഫീസ് അറ്റെൻഡെഡ് ദിനേശൻ വന്ന് പറഞ്ഞു.
ദിനേശനോടൊപ്പം തസിൽദരുടെ മുറിയിലേക്ക് നടക്കുമ്പോൾ ആ വ്രദ്ധൻ അവിടെ തന്നെ നിൽക്കുകയായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗോപാലൻ വീണ്ടും വന്നു. ബൂത്ത്‌ ലെവൽ ഓഫീസർഅന്വേഷണത്തിന്ഇതുവരെചെന്നിട്ടില്ല.പരിശോധിച്ചപ്പോൾ നാളിതുവരെയായി വില്ലേജ് ആഫീസിൽ നിന്ന് ആരും തന്നെ വന്ന് അപേക്ഷകൾ ബി.എൽ.ഓ ക്ക് നൽകുന്നതിനു കൊണ്ടുപോയിട്ടില്ല.
"ഓമനക്കുട്ടൻ സാറെ,അപേക്ഷ വില്ലെജിലേക്ക് പോയിട്ടില്ല."സൗമിനി പറഞ്ഞു.
അപേക്ഷ അയാളുടെ കൈയിൽ കൊടുത്തു.
"കൊണ്ടുപോയി കളയരുത്." ഞാൻ താക്കീതു നൽകി.
"ഈ വില്ലേജ്കാർ എന്താ ഇങ്ങനെ?" സൗമിനിക്കു വല്ലാത്ത സങ്കടം തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് വ്രദ്ധൻ അപേക്ഷയും,റിപ്പോർട്ടുമായെത്തി.അയാൾ നന്നേ ക്ഷീണിച്ചിരുന്നു.എന്നാലും ഇന്ന് തിരിച്ചറിയൽ കാർഡ് കിട്ടും എന്ന പ്രതീക്ഷ അയാളിൽ അൽപ്പം പ്രസരിപ്പ് പരത്തി.മറ്റെല്ലാ ജോലികളും മാറ്റിവെച്ച് സൗമിനി അയാളുടെ കാർഡുകൾ പ്രിന്റ് ചെയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പെട്ടെന്ന് വൈദുതി നിലച്ചു.
"കറന്റ് പോയല്ലോ കാർന്നോരെ,ഇനി എന്ത് ചെയും?എപ്പോഴാ വരുകയെന്നറിയില്ല.ഒരു കാര്യം ചെയ്യ്‌,നാളെ വാ."അയാളുടെ മുഖത്ത് നോക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.
"കറന്റ് വരുന്നത് വരെ കാക്കാം സർ."
അയാൾ വരാന്തയിലെ മൂലയിൽ ഇരിപ്പായി.മണികൂറുകൾ കഴിഞ്ഞിട്ടും കറന്റ് വന്നില്ല.സൗമിനി കെ.എസ്.ഇ .ബി യിലേക്ക് വിളിച്ചു.
"ആറു മണി കഴിയും."സൗമിനി പറഞ്ഞു."ഇന്നിനി ഇരിക്കണ്ട വല്യയച്ചാ ."
"നാളെ വരാം,കുട്ടി." അയാൾ പോയി.
പിറ്റേന്ന് ഓഫീസിൽ വന്നു കയറിയുടെനെ മകന്റെ സ്കൂളിൽ നിന്ന് ഫോണ്‍ വന്നു."അരുണ്‍ കുമാറിന്റെ അചനെല്ലെ?കുട്ടിടെ കാല് മേശ വീണ് ചതഞ്ഞിട്ടുണ്ട്.പേടിക്കാൻ ഒന്നുമില്ല.ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്......"
സ്കൂളിൽ ചെല്ലുമ്പോൾ അരുണ്നിറെ കാലിൽ സിസ്റ്റെർസ് മരുന്ന് വെക്കുകയായിരുന്നു.നീര് ഉണ്ട്.ആശുപത്ര്യിൽ പോകണം.അവനെയും കൂട്ടി സർകാർ ആശുപത്രിയിലേക്ക് ബൈക്കിൽ തിരിച്ചു.
ആശുപത്രി മുറ്റത്ത് വലിയ ഒരാൾക്കൂട്ടം കണ്ടു.
"എന്താ?ഒരു ആൾക്കൂട്ടം?"മകനെയും താങ്ങി അത്യാഹിത വിഭാഗത്തിലേക്ക്  പ്രവേശിക്കുമ്പോൾ അറ്റന്ടെർ സുമേഷിനോട് ചോദിച്ചു.
"ബസ്സ്‌ ഇടിച്ച് ഒരാളെ കൊണ്ടുവന്നിട്ടുണ്ട്.പണികഴിഞ്ഞെന്നാ തോന്നുന്നത്.സ്റ്റാൻഡിൽ ക്രോസ്സ് ചെയ്തതാ.."
അരുണിനെ വരാന്തയിലെ ബെഞ്ചിൽ ഇരുത്തി ആളെ  കാണുവാൻ മുറിക്കകതേക്ക് കയറി.
ഒന്നേ നോക്കിയള്ളൂ.
അയാൾ. ഗോപാലൻ.
ഡോക്ടർ മൃതദേഹം തിരിച്ചറിയുന്നതിനു അയാളുടെ ഷർട്ടും ട്രൌസറും പരിശോധിക്കുകയാണ്.പഴകിയ മൂന്ന് പത്തുരൂപ നോട്ടുകളും,ബസ്സ്‌ ടികെറ്റും ഇരുപത്തിയഞ്ച് രൂപ അടച്ച ചലാനും അല്ലാതെ ആളെ തിരിച്ചറിയുന്ന ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല.
"ഇയാളെ ആർക്കെങ്കിലും പരിചയമുണ്ടോ? കൂടി നിൽക്കുനവരോടായി ഡോക്ടർ വിളിച്ചു ചോദിച്ചു.
എല്ലാരും ശവത്തെ സൂക്ഷിച്ചു നോക്കി.ആരും ഗോപാലനെ തിരിച്ചറിഞ്ഞില്ല.
ഞാൻ അടുത്തേക്ക് ചെന്നു.അയാളെ തുറിച്ചു നോക്കി.
"ഇയാളെ ഞാൻ അറിയും ഡോക്ടർ,ഇത് എന്നെ ഹൈ സ്കൂളിൽ ഫിസിക്സ്‌ പഠിപ്പിച്ച ജബ്ബാർ മാഷ് ആണ്."
"ജബ്ബാർ മാഷോ?നമ്മുടെ അയ്യാരിലെ ജബ്ബാർ മാഷോ?" ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു.

അന്നേരം സൗമിനി മടത്തിപറമ്പിൽ ശങ്കരൻ മകൻ ഗോപാലൻ എന്നയാളുടെ ഡുപ്ലികട്റ്റ്  തിരിച്ചറിയൽ കാർഡ്‌ ലാമിനേട്ടട് മെഷീനിൽ വെച്ച് ചുട്ടെടുക്കയായിരുന്നു
...............................................................................രചന ബിജു ദാസ്‌.എറിയാട്



കളിപ്പാട്ടങ്ങള്‍ക്ക് മനസ്സുണ്ടാകുമ്പോള്‍   (കഥ)

വരുണിന്റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റ്, ഷീലയോടും മകനോടും ഇരിക്കുവാന്‍ പറഞ്ഞു.ചാനലിന്റെ എം.ഡി.പ്രധാനപ്പെട്ട ഒരു മീറ്റിങ്ങില്‍ ആണെന്നും അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും കാണാമെന്ന് ഉറപ്പ് കൊടുത്തു.സുന്ദരിയായഅവളുടെ മുഖത്തും വിഷാദം നിഴലിച്ചിരുന്നു.
സാബു അമ്മയെ സോഫയില്‍ പിടിച്ചിരുത്തി.രണ്ടാഴ്ചകൊണ്ട് ഷീല നന്നേ ക്ഷീണിച്ചിരുന്നു.ഇപ്പോള്‍ കണ്ടാല്‍ നാല്പ്പതിരണ്ടല്ല,അമ്പതെങ്കിലും തോന്നിക്കും.ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങുകയായിരുന്നു.അയാളും അമ്മയുടെ അടുത്തിരുന്നു.അയാള്‍ ഇന്നലെ ഗള്‍ഫില്‍ നിന്ന് വന്നതേയുള്ളൂ.ഏഴു ദിവസത്തെ ലീവ് മാത്രമേ അറബി അയാള്‍ക്ക് അനുവദിച്ചി ട്ടുള്ളൂ.എട്ടിന്റെയന്ന് ജോലിയില്‍ പ്രവേശിച്ചുകൊള്ളണം.അങ്ങനെയാണ്
സാബുവിന്റെ അമ്മാവനോട് അറബി പറഞ്ഞിരിക്കുന്നത്.
വരുണിനെപോലെ തന്നെ സാബുവും പഠിക്കുവാന്‍ മിടുക്കനായിരുന്നെങ്കിലും,അയാള്‍ക്ക് യോഗമുണ്ടായിരുന്നില്ല.പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ അമ്മാവന്‍ സാബുവിനെ ഗള്‍ഫിലേക്ക് വിളിച്ചു.അല്ലാതെ വേറെ ഗതിയുണ്ടായിരുന്നില്ല.പെങ്ങളുടെയും മൂന്നു മക്കളുടെയും മുഴുവന്‍ ചിലവും വഹിക്കുവാനുള്ള ത്രാണി അയാള്‍ക്കുണ്ടായിരുന്നില്ല.

പന്ത്രണ്ട് വര്‍ഷം മുന്‍പ് സമുദായ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെയന്ന് രാത്രി ഷീലയുടെ ഭര്‍ത്താവ് പ്രകാശന്‍ അവരെ ഉപേക്ഷിച്ച് പോയതാണ്.വെടിക്കെട്ട്‌ പുരയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ മൂത്ത മകന്‍ സാബുവിനോടൊപ്പം വരുണിനെയും ഷീലയെയൂം മാറ്റി നിര്‍ത്തി 'അച്ഛനിപ്പോള്‍ വരാമെട്ടോ' എന്ന് പറഞ്ഞ് ഒറ്റ പോക്കായിരുന്നു.നാടകം കഴിഞ്ഞ് എല്ലാവരും പോയികഴിഞ്ഞിട്ടും പ്രകാശന്‍ വന്നില്ല.സമയം കഴിയുന്തോറും ഷീല മനസ്സിലാക്കി അയാള്‍ വരില്ലന്ന്‍.

ഒരു പ്രാവിശ്യം ഏതൊരു സ്ത്രീയും ക്ഷമിക്കും.പിന്നെയും ആവര്‍ത്തിച്ചാല്‍?ഇന്നലെ ഷീല കണിശമായിതന്നെ പറഞ്ഞു.
"ഇനി നിങ്ങള്‍ ഉമൈറയുടെ അടുത്ത് പോയി എന്നറിഞ്ഞാല്‍ ഞാന്‍ സാബുവിനോട് എല്ലാം പറയും.അവന് പത്ത് വയസ്സായിട്ടുള്ളൂ എന്ന് കരുതേണ്ട.കാഞ്ഞ ബുദ്ധിയാണ്.അതോടെ തീരും എല്ലാം."
പ്രകാശന് വലിയ സ്നേഹമായിരുന്നു സാബുവിനോട്.അതുപോലെ തന്നെ സാബുവിനും.അന്ന് നാടകം തുടങ്ങും മുന്‍പ് രാത്രി അയാള്‍ ഉമൈറയുടെ അടുത്തായിരുന്നുവെന്ന് ഷീല അറിഞ്ഞിരുന്നു.

പത്താം ക്ലാസ്സില്‍ വച്ചാണ് സാബു അച്ഛന്റെ തിരോധാനത്തിന്റെ വസ്തുത  അറിയുന്നത്.
"നിന്റെ അച്ഛനല്ലെടാ ചുങ്കത്തെ ഉമൈറയുടെ ചെറ്റ പൊക്കാന്‍ പോയത്?"
റാഫിയുംമായുള്ള വെറും നെയിം സ്ലിപ്പ് വിവാദമാണ് വലിയ ഒരു അടിപിടിയിലേക്കും,അറിയപെടാത്ത സത്യത്തിലേക്കും സാബുവിനെ നയിച്ചത്.
അതില്‍പിന്നെ അച്ഛന്‍ നടത്തിയിരുന്ന പലചരക്ക് കടയില്‍ അവന്‍ കയറാതെയായി.
  കാരണമെന്തെന്ന് ഷീല എത്രചോദിച്ചിട്ടും അവന്‍ പറഞ്ഞില്ല.ചന്തയില്‍ പോകാനും,സാധനങ്ങള്‍ എടുക്കുവാനും ഷീലയുടെ ആങ്ങളമാര്‍ അവളെ സഹായിച്ചു.പുതിയ പീടികകളുടെയും,സൂപ്പര്‍ മാര്‍ക്കെറ്റ്കളുടെയും വരവോടെ പീടികയില്‍ നിന്നുള്ള വരുമാനവും  കുറഞ്ഞു.മാത്രവുമല്ല  ആണുങ്ങളില്‍ ചിലര്‍ മറ്റാരുമില്ലാത്ത നേരത്ത് പ്രകാശന്റെ അഭാവംകൊണ്ടുള്ള ജീവിതത്തെ കുറിച്ചും ഷീലയോട് ചോദിയ്ക്കാനും  തുടങ്ങി.സാധനങ്ങള്‍ പൊതിഞ്ഞ് കൊടുക്കുമ്പോള്‍ മനപൂര്‍വ്വം ഷീലയുടെ വിരലില്‍ സ്പെര്ശിക്കാനും അവര്‍ മറന്നില്ല.പ്രകാശന്‍ സമ്പാദിച്ചു തന്ന ചീത്തപേര് കൂടാതിരിക്കുവാന്‍ കിട്ടിയ കാശിന് പീടിക വിറ്റ് അവള്‍ പശുക്കളെ വളര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.

പ്രകാശന്‍ പോകുമ്പോള്‍ ഷീല ഇളയ മകള്‍ ആതിരയെ മൂന്ന് മാസം വയറ്റി ലായിരുന്നു.അയാള്‍ തിരിച്ചു വരുമെന്ന് കരുതി പീടിക അടച്ചിട്ട് കുറച്ചു നാള്‍  സ്വന്തം വീട്ടില്‍ പോയി നിന്നു.പിന്നെ ആങ്ങളമാര്‍ പോലീസില്‍ പരാതി കൊടുത്തു.പ്രകാശന്‍ പോകാനിടയുള്ള സ്ഥലങ്ങില്ലെല്ലാം അവര്‍ അന്വേക്ഷിച്ചു.ആര്‍ക്കും ഒരു വിവരവും അയാളെകുറിച്ച് കിട്ടിയില്ല.പത്രങ്ങളില്‍ വരുന്ന അഞ്ജാത ജഡങ്ങളുടെ ഫോട്ടോ അന്നാട്ടിലെ പോലീസുകാരന്‍ ഓരോന്നും ഷീലയേയും മക്കളെയും കാണിച്ചു.അതൊന്നും പ്രകാശന്റെത് ആയിരുന്നില്ല.
ഭര്‍ത്താവ് മരിച്ചു എന്ന് വിശ്വസിച്ച് ജീവിക്കാന്‍ തുടങ്ങിയ ഷീലയോട് അഞ്ചു കൊല്ലത്തിനുശേഷം വടക്കോട്ട്‌ തഴപ്പായ കച്ചവടത്തിന് പോയ നാരായണന്‍കുട്ടിയും,ബ്രോക്കെര്‍ ശിവാനന്ദനും വയനാട്ടില്‍ വച്ച് പ്രകാശനെ കണ്ടു എന്നറിയിച്ചു. രണ്ടുപേരും പ്രകാശനെ കാണുന്നത് പ്രൈവറ്റ് ബസ്സിലെ ക്ലീനെര്‍ ആയിട്ടാണ്.പ്രകാശനല്ലേ എന്ന നാരയണന്‍കുട്ടിയുടെ ചോദ്യത്തിന് ആദ്യം ഒന്ന് പതറുകയും പിന്നീട് ഏതു പ്രകാശന്‍ എന്ന് ചോദിച്ച് തട്ടികയറുകയും ചെയ്തു.ബ്രോക്കെര്‍ ശിവാനന്ദന്‍ പ്രകാശാ എന്ന് വിളിച്ചു അയാളെ വട്ടം കെട്ടിപിടിക്കുകയാണ് ചെയ്തത്.ഞാന്‍ പ്രകാശനല്ല സുലൈമാനാണെന്ന് പറഞ്ഞ് ശിവാനന്ദനെ തള്ളിമാറ്റി.തനിക്ക് ആള് മാറിയട്ടില്ലെന്നും,അത് പ്രകാശന്‍ തന്നെയാണെന്നും,ചെറുപ്പത്തില്‍ ഓടിന്‍ കഷണം കൊണ്ട് മുറിഞ്ഞ നെറ്റിയിലെ തവിട്ടു നിറമുള്ള അടയാളം താന്‍ വ്യക്തമായും കണ്ടതാണെന്നും ശിവാനന്ദന്‍ ഷീലയുടെ ആങ്ങളമാരോട് പറഞ്ഞു.അവര്‍ പ്രകാശനെ തേടി വയനാട്ടിലോട്ട് പോയി.
പ്രകാശന്‍ എന്ന പേരില്‍ ഒരാള്‍ ഞങ്ങളുടെ ബസ്സില്‍ ജോലി ചെയ്തിട്ടില്ലെന്നും,തൃശൂര്‍കാരന്‍ ഒരു സുലൈമാന്‍ ക്ലീനെര്‍ ആയി ജോലി ചെയ്തിരുന്നെന്നും,കുറച്ചു നാളായി അയാള്‍ വരാറില്ലെന്നും ബസ്സുടമ അവരെ അറിയിച്ചു.
അത് പ്രകാശന്‍ തന്നെയായിരുന്നെന്ന് അവര്‍ ഉറപ്പിച്ചു.
വിവരമറിഞ്ഞ ഷീല അമ്പലങ്ങളില്‍ വഴിപാടും,പ്രകാശന്‍ തിരികെ വരുന്നതിന് പ്രത്യേക പൂജയും ആങ്ങളമാര്‍ അറിയാതെ നടത്തി പോന്നു.വരുണിനെ കാണാതെ ആകുന്നതിന്റെ തലേനാളും ഷീല പണിക്കരെ കണ്ടിരുന്നു.'മരണ തുല്യമായ വിരഹം,എന്നാല്‍ മരണമല്ല, വിരഹം ഗൃഹത്തില്‍ കാണുന്നു എന്നാണ് ജോത്സ്യര്‍ പറഞ്ഞത്. പിന്നീട് ഇതിനെ വരുണ്‍ മരിച്ചതായും ഷീല സ്വയം വ്യാഖാനിച്ചു.

ഉച്ചക്ക് അടുക്കളയില്‍ മീന്‍ പൊരിക്കുകയായിരുന്നു ഷീല.
"അമ്മേ,ദേ കുഞ്ഞേട്ടന്‍.ടിവിയില്.ഓടി വായോ "
ആതിരയുടെ വിളികേട്ട് ഷീല സ്വീകരണ മുറിയിലേക്ക് എത്തിയപ്പോഴേക്കും പ്രധാന രംഗങ്ങള്‍ കഴിഞ്ഞിരുന്നു.ജീന്‍സും ബനിയനും ധരിച്ച ഒരു പെണ്‍കുട്ടി മൈക്രോ ഫോണും നീട്ടി പിടിച്ച് വരുണിന്റെ പിന്നാലെ ഓടുന്നതാണ്‌ കണ്ടത്. ഓടികൊണ്ടിരുന്ന ഒരു ബസ്സില്‍ ചാടികയറുന്നത് കണ്ട് ഷീല പേടിച്ചു.കാമറ കണ്ണുകള്‍ ബസ്സിനകത്തേക്ക് ഒരു നിമിഷം ചലിച്ചതിനു ശേഷം വീണ്ടും ആ പെണ്‍കുട്ടിയിലേക്ക് 
തന്നെ തിരികെ വന്നു.വരുണിനു നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.

തലേദിവസത്തെ പരിപാടിയുടെ പുന്പ്രേക്ഷപണം ആയിരുന്നു അത്.
ആതിരയും മുഴുവന്‍ കണ്ടിരുന്നില്ല.അടുത്ത കൊല്ലം എട്ടാം ക്ലാസ്സിലേക്ക് പോകേണ്ടതിനാല്‍ ടി.വി അവള്‍ക്ക് നിയന്ത്രണമായിരുന്നു.
വെളിച്ചെണ്ണ വറ്റി പോകാതിരിക്കുവാന്‍ ഷീല തീ കുറച്ചു വച്ചിട്ടായിരുന്നു ടി.വി കാണുവാന്‍ വന്നത്.വീണ്ടും അടുക്കളയിലേക്കു നടക്കുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു.
"ഫോണ്‍ വരുണിനു കൊടുക്കു വരുണിന്റെ അമ്മേ. പരിപാടി അസ്സലായിട്ടുണ്ട്."വരുണിനോടൊപ്പം  പഠിക്കുന്ന കുട്ടി നന്ദു ആണ്.
"അവന്‍ ഹോസ്റ്റലില്‍ അല്ലേ മോനെ?"
"ഹോസ്റ്റലിലോ?"നന്ദു തിരിച്ചു ചോദിച്ചു."ഹോസ്റ്റല്‍ രണ്ടു ദിവസം മുന്‍പ് ചൊറിയാന്‍ പുഴു ശല്യം കാരണം അടച്ചല്ലോ?ഞങ്ങള്‍ ഒരുമിച്ചാണ് ഇറങ്ങിയത്‌."

അപ്പോള്‍ മാത്രമാണ് മകനെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞു എന്ന്  ഷീല അറിയുന്നത്.ഹോസ്റ്റലിലേക്കും,കോളേജിലേക്കും അവന്റെ അടുത്ത മറ്റു ചങ്ങാതികളുടെ വീടുകളിലേക്കും വിളിച്ചു.വരുണ്‍ ഒരിടത്തും ഇല്ല.   
അവളുടെ ആങ്ങളമാര്‍ വന്നു അവളോട്‌ സമാധാനിക്കുവാന്‍ പറഞ്ഞു.എവിടെ പോയാലും തിങ്കളാഴ്ച കോളേജു തുറക്കുമ്പോള്‍ ഇങ്ങെത്തുമെന്ന് പറഞ്ഞു.
തിങ്കളാഴ്ചയും,അതിനടുത്ത ദിവസവും വരുണ്‍ വന്നില്ല.ബംഗാളുര്‍ ടൂര്‍ പോയ രണ്ടു കുട്ടികളും തിരുച്ചെത്തി.
ഷീല തല കറങ്ങി വീണു.ബി.പി.കൂടി.മൂന്ന് വര്‍ഷം മുന്‍പ് ഹ്രദയ രോഗിയായ ഷീലയുടെ പള്‍സ് വീക്ക്‌ ആയി.ആശുപത്രിയില്‍ അട്മിട്റ്റ് ചെയ്തു.അവളുടെ ആങ്ങളമാര്‍ സാബുവിനെ ഫോണ്‍ ചെയ്ത് വരുത്തി.അയാള്‍ വരുണിന്റെ കൂട്ടുകാരെ തേടി മെഡിക്കല്‍ കോളേജില്‍ ചെന്നു.

പ്രോഗ്രാം മുഴുവന്‍ കണ്ട വരുണിന്റെ ഒരു ചങ്ങാതി സാബുവിനോട് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു.വരുണ്‍ ഒളിച്ചോടിയത്‌ ആകുമോ?അത്രക്ക് നെര്‍വെസ്സ് ആയിരുന്നു അവന്‍.ചില രംഗങ്ങളില്‍ കരയാന്‍ പോകുന്നത് പോലെ തോന്നിച്ചു.പരിപാടി ലൈവ് ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്ന് പോയിട്ടുണ്ടാകും.ഒട്ടും മനക്കട്ടി ഇല്ല അവന്.ഞാന്‍ ആണെങ്കില്‍  അവളെയും,മൈക്കും വാങ്ങി നിലത്തടിച്ചേനെ.അവനു സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.ഇനി മണ്ടത്തരത്തിന് വേറെ എന്തെങ്കിലും....

സാബുവിന്റെ ഉള്ളം പിടച്ചു.അവന്‍ അമ്മയോട് ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല.
അമ്മയോട് ഏറ്റവും കൂടുതല്‍ സ്നേഹം വരുണിനായിരുന്നു.ഒരിക്കലും അമ്മയെ കരയിക്കരുതെന്ന് തന്നോടും ,നടക്കാത്ത കാര്യത്തിന് വാശി പിടിക്കരുതെന്ന് അനിയത്തിയോടും  പറഞ്ഞിട്ടുള്ളത് സാബു ഓര്‍ത്തു.

ഇന്നലെ രാത്രിയും ചാനല്‍ ആ ഷോ പുന സംപ്രേക്ഷണം ചെയ്തു.അതിനുമുന്‍പ്‌ വരുണിന്റെ ഫുള്‍ സൈസ് ഫോട്ടോ പ്രദര്‍ശിപ്പിച്ചു.'മകനേ മടങ്ങി വരൂ..അമ്മ അവശനിലയില്‍'എന്ന്‍ ഫ്ലാഷും കൊടുത്തിരുന്നു.അവതാരിക വരുണിനെ കാണാതായ സംഭവം ചുരുക്കി പറഞ്ഞു.തങ്ങളുടെ ഭാഗത്ത്‌ നിന്ന് തെറ്റ് സംഭവിച്ചുട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു.ഒട്ടും വിനയം ഇല്ലാതെ.അതിനുശേഷം കുറെ പരസ്യം കൊടുത്തു.
സാബുവും,ആതിരയും,അമ്മയും ശ്വാസം അടക്കിപ്പിടിച്ചു കണ്ടു.
എറണാകുളത്തെ ലുലുമാളില്‍ ഹൈപ്പെര്‍ മാര്‍ക്കറ്റിനടുത്ത് ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു വരുണ്‍.നീല നിറത്തിലുള്ള വരയന്‍ ഷര്‍ട്ടും കറുത്ത പാന്റും ആണ് ധരിച്ചിരുന്നത്.ഷര്‍ട്ട്‌ ഇന്സര്റ്റ് ചെയ്യുന്ന ശീലം വരുണിനില്ല്ലായിരുന്നു.അവന്റെ തൊട്ടടുത്തായി ഐ ആം മാഡ് എന്നെഴുതിയ ടി ഷര്‍ട്ടും അണിഞ്ഞ് ഒരു പെണ്‍കുട്ടി നടക്കുന്നുണ്ടായിരുന്നു.
"നീയെന്തിനാ എന്നെ കയറി പിടിച്ചത്?" പെട്ടെന്ന് അവള്‍ അവന്റെ കൈക്ക് കയറി പിടിച്ച് ചോദിച്ചു.
വരുണ്‍ ഞെട്ടിപ്പോയി.അവനൊന്നും അറിഞ്ഞിരുന്നില്ല.
"ഞാന്‍ എന്ത് ചെയ്തുവെന്നാണ് മാഡം പറയുന്നത്"
"നീ ഒന്നും ചെയ്തില്ലേ?"
അവന്‍ ചുറ്റും നോക്കി.ആളുകള്‍ നോക്കുന്നുണ്ട്.ഒരു മദ്ധ്യവയസ്സന്‍ അടുത്തേക്ക് വന്നു.
"നിന്നെ കണ്ടാല്‍ തോന്നില്ലല്ലോ ഇത്തരക്കരാനാണെന്ന്."പെണ്‍കുട്ടി  അവനെ വിടാന്‍ ഭാവമില്ല."നിനക്കും അമ്മയും പെങ്ങളും ഇല്ലേ?"
"ചേച്ചി,ഞാനല്ല.ഞാന്‍ നിങ്ങളെ തൊടുകപോലും ചെയ്തില്ല."
"നീ ആ കൊച്ചിന്‍റെ വേണ്ടാത്തിടത്ത് പിടിക്കുന്നത്‌ ഞാന്‍ കണ്ടു."മദ്ധ്യവയസ്സന്‍ പറഞ്ഞു.
വരുണ്‍ തളര്‍ന്നു പോയി.അവന്‍ അയാളെ തുറിച്ചു നോക്കി.അവന്‍റെ കണ്ണുകളില്‍ തീ പടര്‍ന്നു.
"നിന്നെയൊക്കെ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്."പെണ്‍കുട്ടി പറഞ്ഞു.
വരുണിനു തലകറക്കം അനുഭവപ്പെട്ടു.അവന്‍ വീഴാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയും ,അയാളും അവനെ താങ്ങി.
"മോനേ,അങ്ങോട്ട്‌ നോക്കൂ.കാമറ കണ്ടോ?"അയാള്‍ പറഞ്ഞു."ഇതൊരു ലൈവ് ആയിട്ടുള്ള തമാശ പരിപാടിയാണ്. മോന് സമ്മാനങ്ങളുണ്ട്."
പെണ്‍കുട്ടി മൈക്രോ ഫോണുമായി എത്തിയപ്പോഴേക്കും വരുണ്‍ ലുലുമാളില്‍ നിന്ന് പുറത്തേക്ക് ഓടി.സ്വതവേ നാണം കുണുങ്ങിയായ അവന് ഇത് സഹിക്കാവുന്നതിലും അധികമായിരുന്നു.
"എന്‍റെ മകനെ അവള്‍ കൊന്നു.അവള്‍ കൊന്നു....."പരിപാടി അവസാനിക്കുന്നതിനു മുന്‍പേ  ഷീല അലമുറയിട്ട് കരയാന്‍ തുടങ്ങി.

"വരൂ" മീറ്റിംഗ് കഴിഞ്ഞ് ചാനലിന്‍റെ എം.ഡി.തന്നെ നേരിട്ട് വന്ന് ഷീലയെ ക്ഷണിച്ചു.
ഷീലയും സാബുവും എം.ഡി യുടെ മുന്‍പില്‍ ഇരുന്നു.
"ഞങ്ങള്‍ എല്ലാദിവസവും വാര്‍ത്ത കൊടുക്കുന്നുണ്ട്"എം.ഡി.പറഞ്ഞു."ഇന്നലെയും അത് പ്രക്ഷേപണം ചെയ്തു.കണ്ടില്ലേ?തീര്‍ച്ചയായും നിങ്ങളുടെ മകന്‍ തിരികെ വരും.ഞങ്ങള്‍ക്ക് ലോകം മുഴുവന്‍ നെറ്റ് വര്‍ക്ക്‌ ഉണ്ട്.വരുണ്‍ ഈ പരിപാടി കാണാതിരിക്കില്ല.മാത്രവുമല്ല,വരുണിന്റെ കുറച്ച്  ഫ്രണ്ട്സിന്‍റെ റിക്വസ്റ്റ്  എടുക്കുവാന്‍ ഇന്നലെ ഞങ്ങളുടെ ആളുകള്‍ മെഡിക്കല്‍ കോളെജിലേക്ക് പോയിട്ടുണ്ട്.നാളെ അത് ടെലികാസ്റ്റ് ചെയ്യും.ചിലപ്പോള്‍ ഇന്ന് തന്നെ ചെയ്തേക്കാം.വരുണിന്റെ അമ്മ ധൈര്യമായി പൊയ്ക്കോള്ളൂ."
സാബു എന്തോ ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ എം.ഡി. പറഞ്ഞു.
"സോറി,ഞാനല്‍പ്പം തിരക്കിലാണ്."
പിറ്റേന്ന് വരുണിന്റെ സുഹ്രുത്തുക്കള്‍ ചാനലിലൂടെ അവനെ തിരികെ വിളിക്കുന്നുണ്ടായിരുന്നു.അവരില്‍ പലരും അവനെ അറിയുക പോലുമില്ല.
മറ്റു ചാനലുകളും വാര്‍ത്ത കൊടുത്തു.അവര്‍ ഷീലയേയും,സാബുവിനെയും ഇന്റര്‍വ്യൂ ചെയ്തു.അവന്‍റെ അനിയത്തിയുടെ ചിത്രമെടുത്തു.മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ തമാശിച്ച് ഒരു കുടുംബത്തെ എങ്ങെനെ തീരാ ദുഖത്തിലാക്കി എന്ന് കാണിക്കുന്നതായിരുന്നു അവരുടെ വാര്‍ത്ത.ഇതെക്കുറിച്ച് സംസാരിക്കുവാന്‍ മനശാസ്ത്ര വിദഗ്ദരും.മനുഷ്യാവകാശ പ്രവര്‍ത്തകരും ചാനലിലെത്തി.ഒരു ചെറിയ അപമാനം പോലും താങ്ങുവാന്‍ വരുണിന് പ്രാപ്തിയില്ലെന്നും,ഭാവിയിലെ മിടുക്കനായ ഒരു ഡോക്ടറിനെയാണ് നഷ്ടപ്പെട്ടെതെന്നും,മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അവന്‍റെ സമ്മതംകൂടാതെയുള്ള  കടന്നു കയറ്റമാണെന്നും  അഭിപ്രായങ്ങള്‍ ഉണ്ടായി.
ഇടയ്ക്കു ആരോ വരുണിന്റെ അച്ഛനെ കുറിച്ച് നാട്ടുകാരോട് ചോദിച്ചു.ഒരു  ചാനല്‍  പ്രകാശനെ തേടി വടക്കോട്ട് പോയി.

എട്ടിന്റെ അന്ന് അനുജനെ കണ്ടെത്താനാകാതെ സാബു ഗള്‍ഫിലേക്ക് തിരിച്ചു പോയി.ഷീല ഒരിക്കല്‍ കൂടി ജോല്‍സ്യരെ പോയി കണ്ടു.ജോത്സ്യര്‍ പറഞ്ഞു."വ്യാഴം മറഞ്ഞിരിക്കുകയാണ്.അഷ്ടമത്തില്‍ ഗുളികന്‍.അഷ്ടമാധിപന്‍ നീചത്തില്‍....."

ഷീല വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തെക്കേ വേലിക്കരികില്‍ പ്രകാശന്റെ അച്ഛനെ കുഴിച്ചിട്ടിടത്ത്  ചെറുതും, വലുതുമായ  രണ്ടു ബലിക്കാക്കകള്‍ ചുണ്ടും പിളര്‍ത്തി കാത്തിരുപ്പുണ്ടായിരുന്നു.
                                            രചന ബിജുദാസ് എറിയാട്

Tuesday, 27 January 2015

പണിക്കാരത്തി.

എനിക്കൊരു പണിക്കാരത്തിയെ വേണമെന്ന് എന്റെ പഴയ ചങ്ങാതിയായ ദിവകാരനോട് പറഞ്ഞപ്പോള്‍ ഒന്നല്ല നൂറുപേരെ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് അയാള്‍ കൊണ്ടുതന്നതാണ് യമുന എന്ന സ്ത്രീയെ.കറുത്തിട്ടാന്നെങ്കിലു
ം  അവള്‍ കാണാന്‍ ഭംഗിയുള്ളവളായിരുന്നു.ഒത്ത ശരീരവടിവും,നാല്പത്തിയഞ്ചില്‍ താഴെ വേണ്ടെന്നും ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നതാണ്.രണ്ടാമത്തേത് ദിവാകരന്‍ പാലിച്ചു.
അയാളുടെ മകന്‍ സുമേഷിന് ഗള്‍ഫില്‍ നല്ലൊരു ജോലി അതും ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെ ശരിപ്പെടുത്തി കൊടുത്തതിന്റെ നന്ദി കാട്ടതിരിക്കുവാന്‍ അയാള്‍ക്ക് കഴിയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
ഡീലിംഗ്സ്   മുഴുവന്‍ ദിവാകരനായിട്ട് ആയിരുന്നു.
"എല്ലാ മാസവും മൂന്നാം തീയ്യതി പറഞ്ഞ ശമ്പളം അങ്ങട് തരും.ഇവിടെത്തെ കാര്യങ്ങള്‍ ഭംഗിയായി നടക്കണം.എനിക്ക് വേണ്ടപ്പെട്ട ആളാണിത്."വളരെ കര്‍ശനമായിട്ട് അവളോട്‌ പറഞ്ഞു.
രാവിലെ വന്ന് പതിനൊന്നിന് പോകുമെന്നും,വൈകുന്നേരം ആറു മണി വരെ കാണുകയുള്ളൂ എന്നും  യമുന മുന്നേ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ദിവാകരന്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല.
അപ്പോള്‍ സമയം ഒന്‍പത് മുപ്പത്.
എന്‍റെ ഭാര്യ കഴിഞ്ഞ മാസം കുളിമുറിയില്‍ കാല്‍ വഴുതി വീണ അതേ സമയം.രണ്ടു മാസത്തേക്കാണ് ഡോക്ടര്‍ റസ്റ്റ്‌ പറഞ്ഞിരിക്കുന്നത്.അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വീട്ടിലെ പണിക്ക് ഒരാളുടെയും സഹായം വേണ്ടിയിരുന്നില്ല.അദ്ധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചതിന്‌ ശേഷവും പണി ചെയൂന്നതിനു യാതൊരു മടിയും വനജക്ക് ഉണ്ടായിട്ടില്ല.
 ദിവാകരന്‍ പറഞ്ഞ കൂലിയെ കുറിച്ച് വൈകുന്നേരം വനജയുമായി സംസാരിച്ചപ്പോള്‍ അതല്‍പ്പം കൂടുതല്‍ അല്ലേ എന്ന് അവള്‍ സംശയിച്ചു.
കാനഡയില്‍ മകന്‍ അവിടെത്തെ വേലക്കാരിയായ മലയാളി പെണ്‍കുട്ടിക്ക് കൊടുക്കുന്നത് ഇതിന്റെ എട്ട് ഇരട്ടിയാണ് എന്ന്  ഞാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അവള്‍ ഏക മകനെകുറിച്ചോര്‍ത്തത്.
"രണ്ടു ദിവസമായി അവന്‍ വിളിച്ചിട്ടില്ല."
"തിരക്കായിരുക്കും"
തിരക്ക് പിടിച്ച ജീവിതിത്തിനിടയില്‍ പലപ്പോഴും മക്കള്‍ മാതാപിതാക്കളെ മറന്ന് പോകാറുണ്ട്.പണ്ട് അങ്ങനെ സംഭവിച്ചിരുന്നത് മക്കള്‍ക്ക്‌ വയസ്സകുമ്പോഴാണെങ്കില്‍ ഇപ്പോള്‍ വിവാഹം കഴിയുമ്പോഴാണ്.കവിതക്ക്‌ കേരളത്തിലേക്ക് വരുന്നതേ ചതുര്‍ത ഥിയാണ്.അതുകൊണ്ട് തന്നെ കൊല്ലത്തിലൊരിക്കലെ അവന്റെ വരവുള്ളൂ.എന്നെപോലെ തന്നെ അവനും   ഭാര്യയെ പേടിയാണ്.

ആദ്യ ദിവസം തന്നെ വനജക്ക് യമുനയെ നന്നായി ബോധിച്ചു.
"നല്ല അടക്കവും,ഒതുക്കവും ഉള്ള സ്ത്രീ,ആവശ്യത്തിനേ സംസാരിക്കൂ"
"എന്നാലും നീ സൂക്ഷിക്കണം,കണ്ണ് എത്തുന്നിടത്ത് ഒന്നും വെച്ചേക്കരുത്.കാശിന് ആവശ്യമുള്ള ജാതിയാണ്."
എന്തിലും പെട്ടെന്ന് കേറി വിശ്വസിക്കുന്ന ഭാര്യയെ ബോധവതിയാക്കുവാന്‍ അങ്ങനെ പറഞ്ഞാതാണെങ്കിലും ഞായാറാഴ്ച്ച സുനന്ദന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ യമുനയെ ശ്രെദ്ധിക്കുവാന്‍ ഞാനും തീരുമാനിച്ചു.എല്ലാ ഞായറും നാല് മണിക്കാണ് സുനന്ദന്റെ വരവ്.കൃത്യം എട്ടു മണിക്ക് പോകുകയും ചെയ്യും.ഞാന്‍ ലീവിന് വരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടാനുള്ളത് ഒന്നോ രണ്ടോ ബോട്ടില്‍ കൂടെ കരുതാറുണ്ട്.അത് തീര്‍ന്നാല്‍ പുറമേന്ന് വാങ്ങും.അത് സുനന്ദന്റെ ജോലിയാണ്.

"നീ ബാബുന്റെ ഭാര്യ യമുനയല്ലേ?"
നന്ത്യാര്‍വട്ട പൂക്കളുള്ള രണ്ടു ചില്ല് ഗ്ലാസ് കഴുകി ജലകണങ്ങളോട് കൂടി ഞങ്ങളുടെ മുന്നിലെ ടേബ്ലില്‍ കമഴ്ത്തി വെച്ച് യമുന  ഇറങ്ങാന്‍ നേരമാണ് സുന്ദന്റെ ചോദ്യം.
"അതെ"
"നീ എന്താണിവിടെ?"
അതിന് മറുപടി പറഞ്ഞത് ഞാനാണ്.അവള്‍ ഉടനെ ഇറങ്ങുകയും ചെയ്തു.
"സുകു,ഞാന്‍ പറഞ്ഞില്ലെന്ന് വേണ്ട.ഇവറ്റകളെ ശ്രെദ്ധിക്കണം.ഇത് ഏതാ മൊതല് എന്നറിയോ?ആരാ ഇതിനെ തനിക്കു കൊണ്ട് തന്നത്?"മുഴുവന്‍ അവള്‍ കേട്ടു കാണാന്‍ വഴിയില്ല.എന്നാലും അവളൊന്നു തിരിഞ്ഞ് നോക്കി.
ഞാന്‍ ദിവാകരന്‍റെ പേര് പറഞ്ഞു.ദിവാകരനെ അയാള്‍ക്കറിയാമായിരുന്നു.
"എന്തായ്യാലും,ഒരു കണ്ണ് വേണം."
അതിനുള്ള കാരണവും രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ സുനന്ദന്‍ പറഞ്ഞു.

രാത്രി കിടക്കാന്‍ നേരം വനജയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ അതിശയിച്ചു.
"അതെയോ?,കണ്ടാല്‍ തോന്നില്ലാട്ടോ?"
മൂന്നു മാസം മുമ്പാണ് സംഭവം നടന്നത്.
യമുനയുടെ ഭര്‍ത്താവ് ബാബുവിന് ലോട്ടറി വില്‍പ്പനയാണ് ജോലി.ഒരു പഴയ സൈക്കിളില്‍ ജങ്ക്ഷനിലെ ഹോട്ടലിന് മുന്‍പില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മുറുക്കി തുപ്പി,പരദൂഷണവും പറഞ്ഞ് മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെ കളിയാക്കിയും റോഡരികില്‍ അയാളെ കാണാം.ആള്‍ ഒരു വൃത്തികെട്ട ജന്തുവാണ്.കാശിന് വേണ്ടി അയാള്‍ എന്തും ചെയ്യും.അയാളുടെ കൈയില്‍ നിന്ന് സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്‌ രാമേട്ടന്‍. മുന്‍പ്  ലോട്ടറി വില്‍പ്പനയായിരുന്നു  രാമേട്ടന്‍റെയും ജോലി.എന്നാല്‍ മകന് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ അയാള്‍ അച്ഛനെ കൊണ്ട് ആ തൊഴില്‍ നിര്‍ത്തിച്ചു.അച്ഛന് ചായ കുടിക്കാന്‍ മകന്‍ കൊടുക്കുന്ന പണത്തില്‍ നിന്നാണ്  രാമേട്ടന്‍ ലോട്ടറി എടുതിരുന്നതെന്ന് മകന്‍ അറിഞ്ഞിരുന്നില്ല.അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ സമ്മതിക്കുമായിരുന്നില്ല.

ഒരു ദിവസം രാമേട്ടന്‍ എടുത്ത ടിക്കറ്റിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചു.ഈ ടിക്കറ്റ് രാമേട്ടന്‍ ടൌണില്‍ പോയപ്പോള്‍ മറ്റൊരു പരിച്ചയക്കാരനില്‍ നിന്ന് വാങ്ങിയതായിരുന്നു.റിസള്‍ട്ട്‌ നോക്കിയാ ബാബു'ഒന്നും ഇല്ല രാമേട്ടാ' എന്ന് പറഞ്ഞ് ചുരുട്ടികൂട്ടി വേസ്റ്റ് കൊട്ടയിലേക്ക് ഇടുകയും ചെയ്തു.ഒരാഴ്ചക്ക് ശേഷം ടിക്കറ്റ് നല്‍കിയ ആള്‍ രാമേട്ടനെ കാണാനിടയാകുകയും,സമ്മാനം ലഭിച്ചിട്ട് പാരിതോഷികമായി ഒന്നും നല്‍കാതിരുന്നതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തപ്പോളാണ് രാമേട്ടന്‍ വിവരം അറിയുന്നത്.
ബാബു വേസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞ ലോട്ടറി വൈകുന്നേരം അയാളുടെ ഭാര്യ യമുന കടയില്‍ കൊടുത്ത് കാശ് വാങ്ങി.ഏജെന്റിനോട് അവള്‍ പറഞ്ഞത് വഴിയില്‍ നിന്ന് കിട്ടിയെതെന്നാണ്.
മകനറിയാത്ത ചില കടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍,ബാബുവിനെതിരെ കേസ് കൊടുക്കുവാന്‍ രാമേട്ടനെ നാട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും മകനെ പേടിച്ച് അയാള്‍ തയ്യാറയില്ല.
"ആളുകള്‍ക്ക് എന്താ പറയാന്‍ പറ്റാത്തത്?നിങ്ങള് ഉറങ്ങുന്നുണ്ടോ?" വനജ ലൈറ്റ് അണച്ചു.എത്ര വേഗമാണ് ഈ പെണ്ണുങ്ങളുടെ സ്വഭാവം മാറുന്നത്!

ഒരു ദിവസം വളരെ തന്ത്രപൂര്‍വ്വം വനജ കേള്‍ക്കാതെ യമുനയോട് ഞാന്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു.
"മാഷോട് ആരാ പറഞ്ഞേ?"
"ഞാന്‍ മാഷും,ടീച്ചറും ഒന്നുമല്ല."
"ടീച്ചറുടെ കെട്ട്യോനെ ഞങ്ങള്‍ മാഷേന്നാ വിളിക്കാ."
"ആരെങ്കിലുംമാകട്ടെ,നീ പറ."
"സുനന്ദന്‍ സാറായിരിക്കും.എനിക്കറിയാം.അങ്ങേര്‍ക്ക് പണ്ടേ എന്നെ ഇഷ്ടമല്ല"
ഞാനായിട്ട് പറയേണ്ടിവന്നില്ല അവന്‍റെ പേര്.
"മാഷ് ആയതുകൊണ്ട് പറയാ,സത്യാ,രാമേട്ടന്റെ തന്ന്യാ ആ ലോട്ടറി.പക്ഷേ,ദൈവായിട്ട് കൊണ്ട് തന്നതാ.അയാക്കടെ മകനോട്‌ സംഘത്തിലെ ഒരു ചെറിയ കുറിക്ക്  ജാമ്യം നില്‍ക്കൊന്ന്‍ ചോദിച്ചതിന് രാമേട്ടന്റെ ഭാര്യ പറഞ്ഞത് കേള്‍ക്കണം."ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു പഴഞ്ചൊല്ല് അവള്‍ പറഞ്ഞു.ഒരു പ്രത്യേക ആക്ഷനും കാണിച്ചു.
"ഇരുപതാഞ്ചായിരം രൂപക്ക് ഞാനും കെട്ട്യോനും,നാട് വിട്ടൊന്നും പോകാന്‍ പോണില്ല.അതിനിപ്പോ എന്തായി.ഒരു ലക്ഷമാണ് ഭഗവതി കൊണ്ടെതന്നത്.അക്കാശിനു ഭംഗിയായി മകളുടെ കല്യാണോം കഴിഞ്ഞു."
പിറ്റേ ആഴ്ച സുനന്ദനോട് യമുനയുടെ കുറ്റസമ്മതം പറഞ്ഞപ്പോള്‍ അയാള്‍ക്കതില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും,എനിക്കായിരുന്നു മൂടല്‍മറയെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ടയെന്നും ഓര്‍മ്മപ്പെടുത്തി.വടകരയില്‍ മാസം തികഞ്ഞിരിക്കുന്ന മകളുടെ വീട്ടില്‍ പോകുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് അന്വേഷിക്കണ്ടയെന്നും   പറഞ്ഞു മുറ്റെത്തെ റോസാ ചെടിയിലേക്ക് കാര്‍ക്കിച്ചു തുപ്പി അയാള്‍ പോയി.

ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞ് പൂമുഖത്ത് മയങ്ങികിടക്കുമ്പോള്‍ ഗേറ്റ്  ഉരയുന്ന ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച ഒരാള്‍ ലോക്ക് മാറ്റാതെ ഗേറ്റ് ആഞ്ഞ് തള്ളുന്നതാണ് കണ്ടത്.
"ആരാ?"
"ബാബു,യമുനയുടെ കെട്ടിയോന്‍"
"എന്ത് വേണം?"ഇരുന്നു കൊണ്ട് തന്നെ വിളിച്ച് ചോദിച്ചു.ആദ്യമായിട്ട് കാണുന്ന കാരണം ഞാന്‍ അയാളെ സൂക്ഷിച്ച് നോക്കി.
"ആയിരം രൂപ വേണം.യമുന പറഞ്ഞിട്ട് വരുന്നതാണ്.അവള്‍ ആശുപത്രിയിലാണ്.ഇവിടെന്ന് പോകുന്ന വഴിക്ക് ഒരു അപകടം പറ്റി."
ഞാന്‍ ഗേറ്റ് തുറന്നു.എന്റെ അനുവാദം ചോദിക്കാതെ തന്നെ അയാള്‍ എന്നോടൊപ്പം അകത്തേക്ക് കയറി.കാഴ്ചയില്‍ തന്നെ ഒരു ചതിയന്റെ ലക്ഷണം കണ്ടു.
"എന്താ പറ്റിയത്?"മര്യാദയുടെ പേരില്‍ മാത്രം അന്വേഷിച്ചു.
"ബൈക്ക് ഇടിച്ചതാ,മുട്ട് പോട്ടിയട്ടുണ്ട്.രണ്ടീസം കഴിഞ്ഞേ അവള്‍ വരൂ.."
പണം കൊടുത്തപ്പോള്‍ ഒരു നന്ദി വാക്ക് പ്രതീക്ഷിച്ചു.എന്നാല്‍ അതുണ്ടായില്ല.

രണ്ടല്ല, ഒരാഴ്ച കഴിഞ്ഞു യമുന വീണ്ടും വരുവാന്‍.വന്നപാടെ വനജയുടെ അടുത്തേക്ക് ഓടി.അവളുടെ മുഖം വീര്‍ത്ത് കെട്ടിയിരുന്നു.ഞാന്‍ ഹോസ്പിറ്റലില്‍ അവളെ സന്ദര്‍ശിക്കാത്തത്കൊണ്ടോ,ബാബുവിന്റെ കൈയില്‍ പണം കൊടുക്കുവാന്‍ ആദ്യം വിമുഖത കാണിച്ചത് കൊണ്ടോ ആയിരിക്കണം എന്നാണ് ഞാന്‍ കരുതിയിരുന്നത്.വനജ കിടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍  കാരണം അതെല്ലന്നു പിടികിട്ടി.
"ടീച്ചറെ,എനിക്ക് മൂന്ന് പെണ്മക്കളാണ്.ഒന്നിന്‍റെ കഴിഞ്ഞിട്ടുള്ളൂ,ഇനിയും രണ്ടെണ്ണം ഞാന്‍ ആദ്യം,ഞാന്‍ ആദ്യം,എന്ന നിലയില്‍ വളര്‍ന്ന് വരികയാണ്.അയാള്‍ക്ക്‌ യാതൊരു ചിന്തയും ഇല്ല.ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യോ?ആശുപത്ര്യില്‍ കുറെ കാശായി.ബൈക്ക് കാരന്‍ തന്നത് മൂവായിരം,മാഷ് തന്നത് ആയിരം.അതില്‍ പകുതിയേ എന്റെ കയ്യില്‍ കിട്ട്യള്ളൂ.അയാള്‍ക്ക് കുടിക്കാന്‍ പോലും  ഞാന്‍ കൊടുക്കണം.കച്ചവടം വളരെ മോശം,അതിന്റെഎടലാണ്  ഈ കേള്‍ക്കണത്..."
അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.ഒരു പക്ഷേ,സംഭാഷണത്തിന്റെ തുടക്കം അതായിരിക്കണം.
നാലുമണി കഴിഞ്ഞപ്പോള്‍ വനജ പറഞ്ഞു.
"അവളുടെ കാര്യം കഷ്ടമാണ്"
"എന്ത് കഷ്ടം?"
"അവളുടെ ഭര്‍ത്താവ് വേറെ ഒരു പെണ്ണിനേം കൊണ്ടുവന്നിരിക്കുന്നു"
"അയാള്‍ അത്ര നല്ലവനല്ല,സുനന്ദന്‍ പറഞ്ഞിട്ടുണ്ട്."
ഇത് അങ്ങനയല്ല,കൂടെ താമസിപ്പിക്കുവാനാണ്. തന്നോളം പോന്ന ഒരാന്‍ചെക്കനുമുണ്ട്,അവിടെ പെന്കുട്ടോള് ഉള്ളതല്ലേ?"
"നീ നിന്റെ കാര്യം നോക്ക്"
ഉത്തരം മുട്ടുമ്പോഴുള്ള എന്റെ സ്ഥിരം വാക്കാണത്.രണ്ടു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടില്‍ ഒരു അന്യ പുരുഷനും കൂടി വന്നു ചേരുമ്പോള്‍.....പീഡന വാര്‍ത്തകള്‍ കൂടിയതിനുശേഷം മലയാളം പത്രം തന്നെ ഞാന്‍ നിര്‍ത്തിയിട്ട് കാലം കുറെയായി.

പിറ്റേന്ന് അതിരാവിലെ കരഞ്ഞ് കൊണ്ടാണ് യമുന വന്നത്.
"പറ്റില്ലെന്ന് പറയരുത് മാഷേ,എനിക്ക് കുറച്ച് കാശ് വേണം.ഉടനെ ഞാന്‍ തിരികെ തരാം.എങ്ങെനെയെങ്കിലും.ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം."
രണ്ടാമത് പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് ആലോചിക്കാന്‍ സമയം തരാതെ അവള്‍ നിന്ന് പുലമ്പുകയാണ്.
"അയാളുടെ കൂടെ ഇനി ഇല്ല മാഷേ,ഞാനും കുട്ട്യോളും ഒരു വീട് കണ്ടെത്തിയട്ടുണ്ട് "
"അത് യമുനേ...കാശ്..."
"ഇല്ലെന്ന് പറയരുത് മാഷേ,.."അവളെന്റെ കാല്‍ക്കല്‍ വീണു.വനജ എഴുന്നേറ്റു ട്ടുണ്ടായിരുന്നില്ല.
നല്ലൊരു തുകയാണ് അവള്‍ ആവശ്യപ്പെട്ടത്.അഞ്ച് മാസത്തെ അവളുടെ ശമ്പളം വരും.അകത്തേക്ക് ചെന്നപ്പോള്‍ വനജയും പറഞ്ഞു കൊടുത്തെക്കുവാന്‍.അല്ലെങ്കിലും കൊടുക്കന്നത്‌ അല്ലാതെ,ഒന്നും വാങ്ങുന്ന ശീലം അവള്‍ക്ക് പണ്ടേയില്ല.
പിന്നീടുള്ള രണ്ടാഴ്ച യമുനയുടെ പണി ഒരു പണിയായിരുന്നു.ബാത്ത് റൂമില്‍ അബ്ബാസ്‌ വന്നാല്‍ അയാള്‍ അതിശയിച്ചു പോകും.നിലം പള പള തിളങ്ങി.സുനന്ദന്റെ തുപ്പലേറ്റ് കരിഞ്ഞ റോസ ചെടി വെള്ളം കുടിച്ച് തടിച്ചു.രണ്ടു നേരം വനജക്ക് കുളിക്കുവാന്‍ മുറ്റത്തിട്ട് കൊതുമ്പ് വെച്ച് വലിയ ചെമ്പില്‍ വെള്ളം വെച്ച് ചൂടാക്കി.
"ഈ കുട്ട്യേ കുറിച്ചാണോ നിങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞത്?"
'എന്ത് വേണമെങ്കിലും ചെയ്യാം' എന്ന പ്രയോഗത്തിന്റെ സംശയം തീര്‍ത്തതായിരുന്നു ഞാന്‍.
സുനന്ദന്‍ മകളുടെ വീട്ടില്‍ നിന്ന് തിരികെ വന്ന അന്ന് മുതല്‍ക്കാണ്  യമുനയെ കാണാണ്ടായത്.
"നിന്റെ വേലക്കാരി ഇപ്പോഴും ഉണ്ടോ?"സുനന്ദന്‍ ഫോണ്‍ വിളിച്ചു ചോദിച്ചു.
"ഇന്ന് വന്നിട്ടില്ല."
അന്നും,അതിന്‍റെ പിറ്റേന്നും അവള്‍ വന്നിരുന്നില്ല.പിന്നെ യമുന വന്നിട്ടേയില്ല.ദിവാകരന് ഫോണ്‍ ചെയ്തു.വൈകുന്നേരം അയാള്‍ വന്നു.
"പോട്ടേ സുകു,നമുക്ക് വേറെ ആളെ തപ്പാം.അവള്‍ കുട്ടികളുമായി മുങ്ങി.എവിടെയാണെന്ന് ആര്‍ക്കും അറിയില്ല."
"അപ്പോള്‍ എന്റെ കാശ് ?"
"കാശോ?,അവള്‍ക്ക് വല്ലതും കൊടുത്തോ?"
"ഉം " ഞാന്‍ മൂളി.
"നീ എന്ത് പ്രാന്താണ്ടാ കാണിച്ചത്.അത് പോയത് തന്നെ"അവന്‍ എന്നെ കുറ്റപ്പെടുത്തി.
"ഞാന്‍ കേസ് കൊടുക്കും."
"എന്നാ നീ കുടുങ്ങിയത് തന്നെ.ഇപ്പോ കാശേ പോയുള്ളൂ,"എനിക്ക് ഒഴിച്ച് വച്ചത് കൂടി അവന്‍ ഒറ്റ വലിക്കു അകത്താക്കികൊണ്ട് പറഞ്ഞു."അവറ്റകള് ജാതി വേറയാ.മാനോം പോയികിട്ടും."
എന്തിന്?"
"നിന്റെ ഭാര്യ വയ്യാതിരിക്കുകയല്ലേ?നീ പീഡിപ്പിച്ചെന്ന് പറയും.അവള്‍ക്കൊന്നും നോക്കാനില്ല."
എന്‍റെ ഞെട്ടല്‍ വനജ കാണാതിരിക്കുവാന്‍ അവള്‍ക്കു പുറംതിരിഞ്ഞ് ഞാന്‍ നിന്നു.
"അത്രെയും പണം കൊടുക്കുവാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല." വനജ തന്റെ പതിവ് സ്വഭാവം കാണിച്ചു.
"പതിനായിരം ഉണ്ടോ?ദിവാകരന്‍ ചോദിച്ചു.
"അന്‍പതിനായിരം"ദിവകാരനിരിക്കുവാന്‍ കസേര നീക്കിയിട്ട്‌ സങ്കോചത്തോടെ   ഞാന്‍ പറഞ്ഞു.അയാള്‍ ഇരുന്നില്ല.അയാളുടെ മകന്‍ വരുന്ന ദിവസമാണിന്ന്.
"ഞാന്‍ നോക്കട്ടെ വല്ല വഴിയും ഉണ്ടോന്ന്.സുമേഷ് എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചിരുന്നു."
ദിവാകരനും കയ്യൊഴിഞ്ഞതോടെ ഞാന്‍ അങ്കിലാപ്പിലായി .യമുനെയെയൂം അവള്‍ക്ക് കൊടുത്ത പണത്തെയും മറക്കുവാന്‍ തീരുമാനിച്ചു.ഇനിയൊരിക്കലും ഒരു വേലക്കാരിയെയും പണിക്ക് നിര്‍ത്തില്ലെന്നും.

മാസങ്ങള്‍ക്ക് ശേഷം കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴുത്‌ പുറത്തിറങ്ങുമ്പോള്‍ വടക്കേ നടയില്‍ ലോട്ടറിക്കാരനുമായി തര്‍ക്കിച്ച്‌ നില്‍ക്കുന്ന സ്ത്രീ രൂപത്തിന് യമുനയോട് സാദൃശ്യം തോന്നി.
"യമുനേ?"
എന്റെ ഉറക്കെയുള്ള വിളികേട്ട് അവള്‍ പരിഭ്രമിച്ചെങ്കിലും,വേഗം അടുത്തെത്തി വനജയുടെ വിശേഷം തിരക്കി.ഞാന്‍ പണത്തിന്റെ കാര്യം അങ്ങോട്ട്‌ ചോദിക്കും മുന്‍പേ യമുന പറഞ്ഞു.
"മാഷേടെ രൂപയുടെ കാര്യം മറന്നിട്ടില്ലാട്ടോ.മറ്റൊന്നും വിചാരിക്കരുത് മാഷ്‌.ഞങള്‍ കുറച്ച് പ്രയാസത്തിലായിരുന്നു.എന്തായാലും കുറച്ച് വൈകീട്ട് ആണെങ്കിലും തരാതിരിക്കില്ല ഞാന്.ഒരെണ്ണത്തിന്‍റെ കഴിഞ്ഞിട്ടുള്ളൂ,ഇനിയും രണ്ടെണ്ണം ഉണ്ട്.ഞാനിപ്പോ വാര്‍ക്ക പണിക്കാ പോകുന്നത്,അഞ്ഞൂറ് വെച്ച് കിട്ടും ...."പറഞ്ഞ് തീരും മുമ്പേ കാവി മുണ്ട് ധരിച്ച,കൈത്തണ്ടയില്‍ കറുത്ത ചരട് ചുറ്റിക്കെട്ടിയ,മുഖകുരു വന്ന് പൊട്ടിയ പാടുള്ള ഒരു നാല്പത്കാരന്‍ അവളുടെ അരികിലേക്ക്  ബൈക്ക് ഓടിച്ച് നിര്‍ത്തുകയും യമുന വേഗം അതിലേക്ക് കയറുകയും ചെയ്തു.
"ഇതാ എന്റെ ഭര്‍ത്താവ്.കൂടെ പണിയെടുക്കുന്ന ആളാ.പേര് ശരവണന്‍."
"അപ്പോള്‍ ബാബു,"ബൈക്ക് ഗിയറിലായി.
"അയ്യാള് എന്നെ വേണ്ടാന്നു വെച്ചപ്പോള്‍ ഞാനും വേണ്ടാന്നും വെച്ചു.പോട്ടേ മാഷേ,ടീച്ചറെ ചോദിച്ചെന്ന് പറയണം."
ശരവണന്റെ പുഞ്ചിരി ഏറ്റു വാങ്ങുവാനുള്ള ശേഷിയില്ലതിരുന്നതിനാല്‍ ഞാന്‍ ക്ഷേത്ര നട ഇറങ്ങി വടക്കോട്ട്‌ നടന്നു.
വടക്ക് അപ്പോഴും യമുന അനുസ്യൂതം ഒഴുകികൊണ്ടിരുന്നു.